കോഴിക്കോട്: കോഴിക്കോട് കാരശ്ശേരിയില്‍ കിണറ്റില്‍ കുടുങ്ങിയ കാട്ടുപന്നിയെ വെടിവച്ച് കൊന്നു. തടപ്പറമ്പ് അബ്ബാസിന്റെ വീട്ടിലെ കിണറ്റില്‍ കുടുങ്ങിയ കാട്ടുപന്നിയെയാണ് വെടിവച്ച് കൊന്നത്. കാട്ടുപന്നിയുടെ ശല്യം രൂക്ഷമായ പ്രദേശമാണ് കാരശ്ശേരി.
കൃഷിനാശം മൂലം കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടങ്ങളില്‍ പരാതി വര്‍ധിച്ച സാഹചര്യത്തില്‍ കാട്ടുപന്നിയെ വെടിവച്ചുകൊല്ലാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ചാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കാട്ടുപന്നിയെ വെടിവച്ചുകൊന്നത്.
കാരശ്ശേരി പഞ്ചായത്ത് അടക്കമുള്ള പ്രദേശങ്ങളില്‍ കാലങ്ങളായുള്ള കര്‍ഷകരുടെ ദുരിതമാണ് വന്യമൃഗങ്ങളുടെ ശല്യം. കൃഷിയിടങ്ങളില്‍ രാത്രികാലങ്ങളില്‍ കാവലിരുന്നാണ് കര്‍ഷകര്‍ ഇവയെ തുരത്തുന്നത്. ഇതോടെയാണ് നാട്ടുകാര്‍ പരാതി നല്‍കിയത്.
മൂന്നുദിവസം മുന്‍പ് പാലക്കാട് വടക്കഞ്ചേരിയില്‍ കിണറ്റില്‍ വീണ കാട്ടുപന്നിയെയും പരുതൂരില്‍ കൃഷി നശിപ്പിച്ച പന്നിയെയും വെടിവെച്ചുകൊന്നിരുന്നു. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അനുവാദത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
കര്‍ഷകര്‍ക്ക് വെടിവയ്ക്കാനുള്ള അനുമതി ലഭിക്കുന്നതിനായി തോക്ക് ലൈസന്‍സുള്ള കര്‍ഷകര്‍ സ്ഥലം റേഞ്ച് ഓഫിസര്‍ക്കോ ഡിഎഫ്ഒക്കോ പരാതി നല്‍കണം. അതേസമയം വിഷം വെച്ചോ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചോ ഷോക്കടിപ്പിച്ചോ പന്നിയെ കൊല്ലാന്‍ അനുവാദമില്ല.