കോട്ടയം: പുതുപ്പള്ളിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് ഭാര്യ. കോടാലിക്കു ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്നു ഭാര്യ റോസന്ന പോലീസിനോടു സമ്മതിച്ചു. ഈസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ റിജോ പി.ജോസഫിന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് ഭാര്യ കുറ്റസമ്മതം നടത്തിയത്.
സാമ്പത്തിക പ്രശ്‌നങ്ങളും, ഭര്‍ത്താവ് കുടുംബം നോക്കാതിരുന്നതുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഇവര്‍ പോലീസിനു മൊഴി നല്‍കി. യുവതിക്കു മാനസികാസ്വാസ്ഥ്യം ഉളളതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നു പോലീസ് അറിയിച്ചു. ഇതു സംബന്ധിച്ചു കൂടുതല്‍ അന്വേഷണം നടത്തും.
ഓട്ടോ ഡ്രൈവറായ പയ്യപ്പാടി പെരുങ്കാവ് പടനിലം വീട്ടില്‍ സിജി(49) ആണ് കൊല്ലപ്പെട്ടത്. ഭാര്യ റോസന്ന മകനൊപ്പം കൃത്യത്തിനു ശേഷം വീട് വിട്ടിറങ്ങുകയായിരുന്നു. ഇവരെ പിന്നീടു പൊലീസ് സംഘം മണര്‍കാട്‌നിന്നു കണ്ടെത്തുകയായിരുന്നു. തുടര്‍ന്നു പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവര്‍ കുറ്റസമ്മതം നടത്തിയത്.
ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ പുതുപ്പള്ളി പയ്യപ്പാടി വാഴച്ചിറ ഭാഗത്തെ വീട്ടിലായിരുന്നു സംഭവങ്ങള്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കുടുംബം കഴിഞ്ഞിരുന്നതെന്നു റോസന്ന പോലീസിനു മൊഴി നല്‍കി. കൃത്യമായി ജോലിക്കു പോകാതിരുന്ന സിജി കുടുംബം നോക്കിയിരുന്നില്ലെന്നാണ് റോസന്ന പറയുന്നത്. ഇതിനെ ചോദ്യം ചെയ്ത തന്നെ മാനസിക രോഗിയായി ചിത്രീകരിക്കാനാണ് സിജി ശ്രമിച്ചിരുന്നത്. ഇത് റോസന്നയില്‍ കടുത്ത അസംതൃപ്തി സൃഷ്ടിച്ചിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ഇവര്‍ നല്‍കുന്ന മൊഴിയിലെ സൂചന.
ചൊവ്വാഴ്ച പുലര്‍ച്ചെ റോസന്ന, ഉറങ്ങിക്കിടന്ന സിജിയെ കോടാലി ഉപയോഗിച്ചു തലയ്ക്കു വെട്ടുകയായിരുന്നു. വെട്ടേറ്റ് രക്തം വാര്‍ന്ന സിജി തല്ക്ഷണം മരിച്ചു. തുടര്‍ന്ന്, റോസന്ന സംഭവ സ്ഥലത്തുനിന്നു മകനൊപ്പം സ്ഥലം വിടുകയായിരുന്നു. തമിഴ്‌നാട്ടിലേക്കു രക്ഷപ്പെടാനായിരുന്നു ഇവരുടെ നീക്കമെന്നു പോലീസ് പറഞ്ഞു.
എന്നാല്‍, റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ശേഷം പിന്നീടു പണമില്ലാത്തതിനാല്‍ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഇതിനു ശേഷമാണ് മണര്‍കാട് പള്ളിയുടെ ഭാഗത്ത് എത്തിയതും പോലീസ് പിടിയിലായതും. സൂസന്നയുടെ അറസ്റ്റ് പോലീസ് സംഘം രേഖപ്പെടുത്തി. ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കും.