കുടുംബ കോടതിയിലെ ശുചിമുറിയിൽ ഭാര്യയെ കുത്തി വീഴ്ത്തി, കഴുത്തറുത്തു; യുവാവ് അറസ്റ്റിൽ

ബെംഗള‌ൂരു: അകന്നു താമസിച്ചിരുന്ന ഭാര്യയെ കർണാടകയിലെ കുടുംബ കോടതിയിലെ ശുചിമുറിയിൽ ഭർത്താവ് കഴുത്തറുത്തു കൊന്നു. ഹോളെ നരസിപുരയിലെ കുടുംബ കോടതിയിലാണ് സംഭവം. 28 വയസ്സുകാരിയായ ചൈത്രയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ശിവകുമാറിനെ (32) പൊലീസ് അറസ്റ്റ് ചെയ്‌തു.

കൗൺസിലിങ്ങിനു ശേഷം ശുചിമുറിയിലേക്കു പോയ ചൈത്രയെ പിന്തുടർന്നെത്തിയ ശിവകുമാർ കുത്തിവീഴ്ത്തി കഴുത്തറുക്കുകയായിരുന്നു. ഉടൻ തന്നെ കോടതി ജീവനക്കാരും മറ്റുള്ളവരും ഓടിയെത്തുകയും ചൈത്രയെ ആശുപത്രിയിലെത്തിക്കുകയും ചെയ്‌തു. എന്നാൽ ഇതിനകംതന്നെ മരണം സംഭവിച്ചിരുന്നു.

ശിവകുമാറിനെതിരെ മുൻപ് ഗാർഹിക പീഡനത്തിന് കേസ് റജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായും എസ്‌പി ആർ.ശ്രീനിവാസ ഗൗഡ മാധ്യമങ്ങളോട് പറഞ്ഞു. ആസൂത്രിതമായാണ് കൊലപാതകമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ഇയാൾ എങ്ങനെയാണ് കത്തി കോടതിക്കുള്ളിൽ കൊണ്ടുവന്നതെന്നു പരിശോധിക്കുമെന്ന് എസ്‌പി പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News