കൊച്ചി:ഭാര്യയ്ക്ക് പാചകം അറിയാത്തത് വിവാഹമോചനത്തിനുള്ള കാരണമായി കണക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. ഭാര്യയില്‍ നിന്നുള്ള ക്രൂരത നേരിടുന്നുവെന്ന് ആരോപിച്ച് തൃശ്ശൂര്‍ സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഭാര്യയ്ക്ക് പാചകം അറിയാത്തതും ഭര്‍ത്താവിന് ഭക്ഷണം പാകം ചെയ്ത് നല്‍കാത്തതും വിവാഹബന്ധം വേര്‍പ്പെടുത്താനുള്ള ക്രൂരതയായി കാണാനാവില്ലെന്ന് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് സോഫി തോമസ് എന്നിവര്‍ അടങ്ങുന്ന ബെഞ്ച് വിധി പറഞ്ഞു.
2012 മെയ് 7നാണ് തൃശൂര്‍ സ്വദേശികളായ ദമ്പതിമാര്‍ വിവാഹിതരാവുന്നത്. കുറച്ചു നാള്‍ ഇരുവരും ഒന്നിച്ച് താമസിച്ചിരുന്നു പിന്നീട് ഭര്‍ത്താവ് അബുദാബിയിലേക്ക് തൊഴില്‍ ആവശ്യത്തിനായി താമസമാക്കി.
ഭാര്യ ബന്ധുക്കളുടെ മുന്നില്‍ വെച്ച് മോശമായി പെരുമാറിയെന്നും ബഹുമാനിക്കാറില്ലെന്നുമാണ് ഇയാളുടെ വാദം. ജോലിയില്‍ നിന്ന് പിരിച്ചു വിടാന്‍ അബുദാബിയിലെ തൊഴിലുടമയക്ക് പരാതി നല്‍കിയെന്നും ഭര്‍ത്താവ് ആരോപിക്കുന്നു.
എന്നാല്‍ ആരോപണങ്ങളെല്ലാം ഭാര്യ തള്ളികളഞ്ഞു. ഭര്‍ത്താവിന് ലൈംഗിക വൈകൃതവും പെരുമാറ്റ പ്രശ്‌നങ്ങളുമടക്കമുള്ള മാനസിക വൈകല്യങ്ങളുണ്ടെന്ന് ഭാര്യ ആരോപിക്കുന്നു. ഭര്‍ത്താവിന് നിര്‍ദേശിച്ച മാനസിക രോഗത്തിന്റെ മരുന്നുകള്‍ അദ്ദേഹം കഴിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. ഭര്‍ത്താവുമായി ഒന്നിച്ച് ജീവിക്കാനായുള്ള ശ്രമത്തിന്റെ ഭാഗമായി സഹായം തേടിയാണ് തൊഴില്‍ ഉടമയക്ക് മെയില്‍ അയച്ചതെന്നും ഭാര്യ വ്യക്തമാക്കി.
ഇതിനിടെ ഭര്‍ത്താവ് മാനസികരോഗ വിദഗ്ദനെ കാണുന്നുണ്ടെന്ന് സ്വയംസമ്മതിക്കുകയും ചെയ്തു. കൂടാതെ ഇയാളുടെ ആരോപണങ്ങളൊന്നും തെളിയിക്കാനുമായില്ല, ഇതോടെ കേസ് തള്ളി.