തിരുവനന്തപുരം പാലോട് വീട്ടമ്മ പ്രവാസിയായ ഭര്‍ത്താവിനെ (Wife Murder Husband) കൊലപ്പെടുത്തിയതിന് പിന്നില്‍ ഫോണ്‍ വിളിയെ ചൊല്ലിയുള്ള തര്‍ക്കമെന്ന് സൂചന. പത്ത് ദിവസം മുന്‍പ് വിദേശത്ത് നിന്ന് മടങ്ങി എത്തിയ മുപ്പത്തിയേഴുകാരനായ ഷിജുവാണ് ഭാര്യ സൌമ്യയുടെ ആക്രമണത്തില്‍ ശിവരാത്രി ദിവസം കൊല്ലപ്പെട്ടത്. ഷിജുവിന്‍റെ ഫോണ്‍ ഉപയോഗത്തെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. കൊലപാതകം നടന്ന ദിവസം സൌമ്യ ഷിജുവിന്‍റെ ഫോണ്‍ ഒളിപ്പിച്ച് വച്ചിരുന്നു.
വൈകുന്നേരം ക്ഷേത്രത്തില്‍ പോയപ്പോള്‍ ഭര്‍ത്താവിന്‍റെ ഫോണും ഇവര്‍ കൊണ്ടുപോയി. എന്നാല്‍ ഷിജു ക്ഷേത്രത്തിലെത്തി ഫോണ്‍ സൌമ്യയില്‍ നിന്ന് ബലമായി പിടിച്ചുവാങ്ങി വീട്ടിലേക്ക് പോന്നു. ഇതോടെ ഷിജുവിന് മറ്റേതോ സ്ത്രീയുമായി ബന്ധമുണ്ടെന്ന് ഭാര്യയുടെ സംശയത്തിന് ബലം വച്ചു. ഷിജുവിന് പിന്നാലെ വീട്ടിലെത്തിയ സൌമ്യ വീട്ടിന്റെ പിന്നിൽ ഫോൺ ചെയ്ത് കൊണ്ടിരിരുന്ന ഷിജുവിനോട് ആരാണ് ഫോണിലെന്നപേരില്‍ തര്‍ക്കമുണ്ടായി. ഷിജു മറുപടി നല്‍ക്കാത്തത് സൌമ്യയെ പ്രകോപിതയാക്കി.
പിന്നാലെ ഭര്‍ത്താവിന്‍റെ തലയിൽ സിമന്‍റ് ഇഷ്ടിക കൊണ്ട് അടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിലത്ത് വീണ ഷിജുവിനെ അവിടെ ടൈൽ കഷണം ഉപയോഗിച്ചും സൗമ്യ ആക്രമിച്ചു. തിരികെ ഉത്സവ സ്ഥലത്ത് എത്തിയ സൌമ്യ തന്നെയാണ് ആക്രമണ വിവരം ബന്ധുക്കളെ അറിയിച്ചത്. മകളോട് മോശമായി പെരുമാറിയപ്പോൾ കൊലപ്പെടുത്തി എന്ന രീതിയിലും സൗമ്യ പൊലീസിന് മൊഴി നൽകിയിട്ടുണ്ടെങ്കിലും ഇത് പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. ഷിജു സൌമ്യ ദമ്പതികള്‍ക്ക് മൂന്ന് മക്കളാണ് ഉള്ളത്.
എറണാകുളം ചെന്പുമുക്കിൽ വീട് ജപ്തി ചെയ്യാനെത്തിയ ബാങ്ക് ഉദ്യോഗസ്ഥരെ വീട്ടുകാർ വാക്കത്തി വീശി ആക്രമിച്ചു. ഒപ്പമുണ്ടായിരുന്ന വനിത അഡ്വക്കേറ്റ് കമ്മീഷന് കൈക്ക് പരിക്കേറ്റു. മുമ്പ് നാലു തവണ വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തിയപ്പോഴും വീട്ടുകാർ വളർത്ത് നായ്ക്കളെ തുറന്ന് വിട്ടിരുന്നു. 8 കോടി രൂപയുടെ ബാധ്യതയിന്മേലാണ് ചെന്പുമുക്ക് സ്വദേശി കെവിന്റെ വീട് ജപ്തി ചെയ്യാനുള്ള നടപടികൾ 2018 ല്‍ പാലാരിവട്ടം എസ്ബിഐ തുടങ്ങിയത്. 2013 ൽ പാർട്ണർ ഷിപ്പ് കന്പനി തുടങ്ങാനായി ഇവരുടെ സ്വത്ത് വകകൾ പണയപ്പെടുത്തി അയൽവാസി രണ്ടരക്കോടി രൂപ ബാങ്ക് ലോണെടുത്തിരുന്നു. ഇതിൽ 46 ലക്ഷമൊഴികെ ബാക്കി തിരിച്ചടക്കാതെ പലിശ പെരുകിയാണ് ജപ്തിയിലെത്തിയത്. നേരത്തെ നാലുതവണ ജപ്തിക്കെത്തിയിരുന്നെങ്കിലും ഇവർ വളർത്ത് നായ്ക്കളെ അഴിച്ചുവിട്ടു. തുടർന്ന് ദയ ആനിമൽ റെസ്ക്യൂ സംഘത്തിനൊപ്പം ജപ്തിക്കെത്തിയപ്പോഴാണ് വാക്കത്തി വച്ചുള്ള ആക്രമണമുണ്ടായത്.
ഓയിൽപാം എസ്റ്റേറ്റിൽ മേയാൻ വിട്ട പശുവിനെ വെടിവച്ചു കൊന്ന കേസില്‍ അറസ്റ്റിലായ യുട്യൂബർ ചിതറ ഐരക്കുഴി രജീഫ് (റെജി-35) ഇറച്ചിക്കറി വച്ച് പൊലീസ് സ്റ്റേഷൻ, ഫയർ സ്റ്റേഷൻ എന്നിവിടങ്ങളിൽ വിതരണം ചെയ്തിരുന്നു. കടയ്ക്കൽ ഫയർ സ്റ്റേഷൻ, കടയ്ക്കൽ ഉൾപ്പെടെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിൽ മ്ലാവ്, ആട് എന്നിവയുടെ ഇറച്ചി ആണെന്നു പറഞ്ഞ് വിതരണം ചെയ്ത ശേഷം ദൃശ്യം ട്യൂബിൽ കൂടി പുറത്ത് വിട്ടിരുന്നു. ഏരൂരില്‍ ഓയില്‍പാം എസ്റ്റേറ്റില്‍ നിന്ന് മൃഗങ്ങളെ വെടിവച്ച് കൊന്ന് ഇറച്ചി കടത്തുന്ന സംഘത്തിലെ മൂന്നു പേര്‍ അറസ്റ്റിലായത്. കുളത്തൂപ്പുഴ സ്വദേശിനിയുടെ ഉടമസ്ഥതയിലുളള ഗര്‍ഭിണിയായ പശുവിനെയാണ് സംഘം വെടിവച്ചു കൊന്ന് ഇറച്ചി കടത്തിയത്. മേഖലയില്‍ സംശയാസ്പദമായി കണ്ട ഒരു വാഹനത്തെ കുറിച്ച് നാട്ടുകാര്‍ വിവരങ്ങള്‍ നല്‍കിയിരുന്നു. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മൂന്നു പേരും പിടിയിലായത്.