പട്ടാമ്പി: മലമല്‍ക്കാവില്‍ ഗൃഹനാഥനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍. ആനക്കര മല്‍മല്‍ക്കാവ് പുളിക്കല്‍ സിദ്ധീഖ് (58) കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യ ഫാത്തിമ(45)യാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ സിദ്ധീഖ് മരിച്ചതായി വീട്ടുകാര്‍ നാട്ടുകാരെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഖബറടക്കത്തിന് ഒരുക്കം നടത്തുന്നതിനിടെ സിദ്ധീഖിന്റെ ശരീരത്തില്‍ മുറിപ്പാട് കണ്ട നാട്ടുകാര്‍ പോലീസില്‍ അറിയിച്ചു.
ഖബറടക്കം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട പോലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പ്രഥമ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തില്‍ തുണിപോലുള്ള വസ്തു ഉപയോഗിച്ച് മുറുക്കിയതാണ് മരണ കാരണമെന്ന് കണ്ടെത്തി. ചോദ്യം ചെയ്യലില്‍ ഫാത്തിമ കുറ്റം സമ്മതിച്ചു.
ചൊവ്വാഴ്ച രാവിലെ 11 ന് ഫോറന്‍സിക്ക് ഉദ്യോഗസ്ഥെരത്തി തെളിവെടുപ്പ് നടത്തി. ഉച്ചയോടെ ഡിവൈ.എസ്.പി: പി.സി. ഹരിദാസിന്റെ നേതൃത്വത്തില്‍ പ്രതിയെ പി.പി.ഇ. കിറ്റ് ധരിപ്പിച്ച് മലമല്‍ക്കാവിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
മാനസിക രോഗമുള്ള ഭര്‍ത്താവിനെ ഞായറാഴ്ച രാത്രി പലവട്ടം വീടിന്റെ മുന്‍വശത്ത് കിടത്താന്‍ നോക്കി. എന്നാല്‍ ഇയാള്‍ ഉമ്മറത്ത് കയറിനിന്നെന്നും പിന്നീട് അവിടെനിന്ന് താഴേക്ക് തള്ളിയിട്ടശേഷം കൈക്കൊണ്ട് മുഖം പൊത്തി പുതപ്പുപയോഗിച്ച് കഴുത്തില്‍ ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നും ഫാത്തിമ മൊഴിനല്‍കി.
കൃത്യത്തിനുശേഷം മുന്‍വാതിലടച്ച് കിടന്നുറങ്ങി. രാവിലെ ആറിന് ഉമ്മറത്തു കിടക്കുന്ന ഉപ്പയ്ക്ക് അനക്കമില്ലെന്ന് മകളെ അറിയിച്ചു. മകളും ഭര്‍ത്താവും കുട്ടികളുമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ കൊലപാതകം അറിഞ്ഞിരുന്നില്ല. സാധാരണ മരണമാണെന്ന് ധരിച്ച് ബന്ധുക്കളുടെ നേതൃത്വത്തില്‍ ഖബറടക്കത്തിനുളള ഒരുക്കങ്ങള്‍ നടത്തുന്നതിനിടയിലാണ് നാട്ടുകാരുടെ ഇടപെടല്‍ കേസിന് വഴിത്തിരിവായത്.
പ്രതിയെ പട്ടാമ്പി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സിദ്ധീഖിന്റെ മൃതദേഹം കൂടല്ലൂര്‍ ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കി. മക്കള്‍: ഫസീല, പരേതനായ അബൂതാഹിര്‍. മരുമകന്‍: അബ്ദുള്‍ സലാം. മരിച്ച സിദ്ധീഖിന്റെ സഹോദരങ്ങള്‍: സെയ്തവി, കദീജ, ആയിഷ, ഇയ്യാത്തുകുട്ടി, പാത്തുമ്മു.