കൊച്ചി:കരിപ്പൂർ സ്വർണക്കടത്തിന്റെ ബുദ്ധികേന്ദ്രമായ അർജുൻ ആയങ്കിയെ കുരുക്കിലാക്കി ഭാര്യ അമലയുടെയും സുഹൃത്ത് സജേഷിന്റെയും മൊഴികൾ. അർജുന് കള്ളക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ഇരുവരും നൽകിയ മൊഴി കസ്റ്റംസ് സാമ്പത്തിക കോടതിയിൽ ഹാജരാക്കി. അർജുന്റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ മൊഴികൾ. കൊടുംകുറ്റവാളിയായി തീരാൻ സാധ്യതയുള്ളയാളാണ് അർജുനെന്നും കസ്റ്റംസ് വാദിച്ചു.
ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച വിധിപറയും. അർജുന്റെ കള്ളക്കടത്ത് ഇടപാടുകളെ കുറിച്ച് അറിയാമെന്നാണ് ഭാര്യ അമല വെളിപ്പെടുത്തിയത്. അർജുന്റെ സാമൂഹികവിരുദ്ധ കൂട്ടുകെട്ടിനെ കുറിച്ച് തന്റെ സുഹൃത്തുക്കളും ബന്ധുക്കളും മുന്നറിയിപ്പ് തന്നിരുന്നു. വരുമാനസ്രോതസ്സിനെക്കുറിച്ച് ധാരണയില്ലെന്നും അമല വ്യക്തമാക്കി.
കള്ളക്കടത്തിനായി ഉപയോഗിച്ചിരുന്ന കാറിന്റെ ഉടമസ്ഥനായ ഡി.വൈ.എഫ്.ഐ. ചെമ്പിലോട് മുൻ മേഖലാ സെക്രട്ടറി സി. സജേഷും അർജുനെതിരേ മൊഴിനൽകിയിട്ടുണ്ട്. കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കുന്ന സംഘത്തിലെ പ്രധാന സൂത്രധാരൻ അർജുനാണെന്ന് അറിയാമെന്നാണ് സജേഷിന്റെ മൊഴി. ക്രിമിനൽ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നറിഞ്ഞതുകൊണ്ടാണ് കാറിന്റെ ഉടമസ്ഥാവകാശം മാറ്റണമെന്ന് അർജുനോട് ആവശ്യപ്പെട്ടത്. എന്നാൽ, അർജുൻ അതിന് തയ്യാറായില്ലെന്ന് സജേഷ് മൊഴി നൽകി.
കസ്റ്റഡിയിൽ അർജുന് മർദനമേറ്റെന്നത് അടിസ്ഥാനമില്ലാത്ത ആരോപണമാണെന്ന് കസ്റ്റംസ് വാദിച്ചു. കണ്ണൂർ ആസ്ഥാനമായി അർജുന്റെ നേതൃത്വത്തിൽ ഒന്നിലധികം സംഘങ്ങളുണ്ടെന്നും ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്നും കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി. അതേസമയം മൂന്നാംപ്രതി അജ്മലിന് ജാമ്യം നൽകുന്നതിനെ കസ്റ്റംസ് എതിർത്തില്ല. അർജുനെതിരേ തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കൊടിസുനി, മുഹമ്മദ് ഷാഫി പോലുള്ളവരെ ഉൾപ്പെടുത്തി അനാവശ്യമായ വിവാദങ്ങളുണ്ടാക്കാനാണ് കസ്റ്റംസ് ശ്രമിക്കുന്നതെന്നും പ്രതിഭാഗം വാദിച്ചു.
കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ആകാശ് തില്ലങ്കേരിയെ കസ്റ്റംസ് ചോദ്യംചെയ്തു. അർജുൻ ആയങ്കിയുടെ കള്ളക്കടത്ത് സംഘത്തിൽ ആകാശിനു പങ്കുണ്ടെന്ന സംശയത്തിലാണ് ചോദ്യംചെയ്യൽ. ആകാശിന്റെ സാന്നിധ്യം കള്ളക്കടത്ത് സ്വർണം തട്ടുന്ന സംഘങ്ങളിലുണ്ടെന്ന് ചിലർ മൊഴി നൽകിയിരുന്നു. വിവാദമായ ഷുഹൈബ് വധക്കേസിലെ പ്രതിയാണ് ആകാശ് തില്ലങ്കേരി.
അഭിഭാഷകനൊപ്പം രാവിലെ 11 മണിയോടെയാണ് ആകാശ് എത്തിയത്. കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട എല്ലാവരുടെയും മൊഴികൾ അവലോകനം ചെയ്യുമ്പോൾ ആകാശിന്റെ സാന്നിധ്യം സംശയിക്കുന്നുവെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്.