ട്വിറ്ററിന്റെ പേര് എന്തുകൊണ്ട് ‘എക്‌സ്’ എന്നാക്കി?ഇലോണ്‍ മസ്‌കിന്റെ എക്‌സ് പ്രേമത്തിന്റെ കാരണങ്ങള്‍
സന്‍ഫ്രാന്‍സിസ്കോ:ജനപ്രിയ മൈക്രോവ്‌ളോഗിംഗ് സമൂഹമാധ്യമമായ ട്വിറ്ററിൽ നിന്ന് എക്സിലേക്കുള്ള മാറ്റത്തിന് കഴിഞ്ഞ ദിവസമാണ് ഇലോൺ മസ്കും സംഘവും തുടക്കമിട്ടത്. ട്വിറ്റിന്റെ പേരും ഔദ്യോഗിക ലോഗോയും മാറ്റി. പുതിയ എക്സ് ലോഗോയും അവതരിപ്പിച്ചു. പ്രസിദ്ധമായ നീല കിളി ചിഹ്നത്തെ ഉപേക്ഷിച്ച് പുതിയ ലോഗോയാണ് ട്വിറ്ററില്‍ ഇപ്പോള്‍. അക്ഷരാര്‍ത്ഥത്തില്‍ ട്വിറ്ററിന്‍റെ ‘കിളി’ പോയി, ട്വിറ്റർ ഇനി ‘എക്സ്’ എന്നാണ് അറിയപ്പെടുക.
ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഒരു ബ്രാൻഡാണ് ഇതോടെ ഇല്ലാതാകുന്നത്. എന്തായാലും നിരന്തരം മാറ്റങ്ങള്‍ വരുത്താന്‍ ആഗ്രഹിക്കുന്ന സംരംഭകന്‍ എന്ന നിലയില്‍ ട്വിറ്റര്‍ വാങ്ങിയ ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക് ഈ മാറ്റം വെറുതെ വരുത്തിയത് അല്ല.
ചൈനയിലെ ‘വീചാറ്റ്’ പോലെ ഒരു എവരിതിംഗ് ആപ്പായി ട്വിറ്ററിനെ മാറ്റണം എന്ന മസ്കിന്‍റെ ആഗ്രഹത്തിന്‍റെ തുടക്കമാണ് എക്സിലേക്കുള്ള മാറ്റം. ‘എക്സ്’ എന്നത് ഒരു ഓള്‍ ഇന്‍ വണ്‍ ആപ്പ് ആകണം എന്നാണ് മസ്കിന്‍റെ ആഗ്രഹം. അതായത് പണമിടപാട് മുതല്‍ ക്യാബ് ബുക്ക് ചെയ്യുന്നതുവരെ ഇതിനുള്ളില്‍ തന്നെ നടക്കണം. ഒരു സോഷ്യല്‍ മീഡിയ ആപ്പ് എന്ന നിലയില്‍ ഇത്തരം ഒരു വലിയ മാറ്റം എന്നതിന്‍റെ തുടക്കമാണ് ട്വിറ്ററിന്‍റെ പേര് മാറ്റി എക്സ് എന്നാക്കിയത് എന്നാണ് മസ്കുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം 44 ബില്ല്യണ്‍ യുഎസ് ഡോളറിന് ട്വിറ്റര്‍ വാങ്ങിയതിന് പിന്നാലെ മസ്ക് ട്വിറ്ററില്‍ വരുത്തിയ പരമ്പരയായ മാറ്റങ്ങളുടെ ഏറ്റവും അവസാനത്തെ കളിയാണ് കിളിയുടെ പോക്കും, എക്സിന്‍റെ വരവും.
മുന്‍പ് ട്വിറ്റര്‍ വാങ്ങും മുന്‍പ് തന്നെ മസ്ക് ‘എക്സ്’ എന്ന ആശയം ഒരു ട്വീറ്റിലൂടെ പങ്കുവച്ചിട്ടുണ്ട്. അന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. “എല്ലാ കാര്യത്തിനും ഒരു ആപ്പ്, അതാണ് ‘എക്സ്’ അത് ഉണ്ടാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുന്നതാണ് ട്വിറ്ററിന്‍റെ വാങ്ങല്‍” – എന്നാണ് മസ്ക് അന്ന് ട്വീറ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിലില്‍ ട്വിറ്റര്‍ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് തുടരുന്ന കേസ് നടപടിക്കിടയില്‍ മസ്കിന്‍റെ ലീഗല്‍ ടീം ട്വിറ്ററിന്‍റെ പേര് എക്സ് എന്ന് മാറ്റുമെന്ന് അറിയിച്ചിരുന്നു. അതിനാല്‍ തന്നെ പ്രഖ്യാപനം ചിലപ്പോള്‍ അപ്രതീക്ഷിതമാണെങ്കിലും. ട്വിറ്ററിന്‍റെ പുതിയ രൂപം മസ്കിന്‍റെ മനസില്‍ വര്‍ഷങ്ങളായുള്ള പദ്ധതിയാണെന്ന് വ്യക്തമാണ്.
1999 ല്‍ ഓണ്‍ലൈന്‍ സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം തുടങ്ങിയാണ് മസ്ക് തന്‍റെ സംരംഭങ്ങള്‍ ആരംഭിക്കുന്നത്. ഒരു വര്‍ഷത്തിനപ്പുറം ഇതിന്‍റെ സിഇഒ സ്ഥാനം ഒഴിഞ്ഞെങ്കിലും ഈ സ്ഥാപനത്തിന്‍റെ പേര് X.Com എന്നായിരുന്നു.
“എക്സ്.കോം എന്ന മസ്കിന്‍റെ ആശയം അന്നത്തെക്കാലത്ത് ഗംഭീരമായിരുന്നു. ബാങ്കിംഗ്, ഡിജിറ്റൽ പർച്ചേസുകൾ, ചെക്കിംഗ്, ക്രെഡിറ്റ് കാർഡുകൾ, നിക്ഷേപങ്ങൾ, വായ്പകൾ എന്നിങ്ങനെ എല്ലാ സാമ്പത്തിക ആവശ്യങ്ങൾക്കും എല്ലാം ഒരു ഡിജിറ്റല്‍ ഇടം. പേമെന്‍റ് തടസ്സങ്ങള്‍ ഇല്ലാതെ ഇടപാടുകൾ റിയല്‍ ടൈം ആയി നടത്തപ്പെടും. പണം ഒരു ഡാറ്റാബേസിലേക്കുള്ള പ്രവേശനം മാത്രമാണെന്നായിരുന്നു അന്നത്തെ മസ്കിന്‍റെ ആശയം. കൂടാതെ എല്ലാ ഇടപാടുകളും സുരക്ഷിതമായി നടത്താനും മസ്ക് ഉറപ്പ് നല്‍കി” – മസ്‌കിനെക്കുറിച്ചുള്ള ജീവചരിത്രത്തിൽ ഗ്രന്ഥകർത്താവ് വാൾട്ടർ ഐസക്‌സണ്‍ X.COM നെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്.
ഇലോണ്‍ മസ്കിന്‍റെ ജീവചരിത്രം എഴുതിയ ആഷ്ലി വെന്‍സ് അന്ന് ഇത് സംബന്ധിച്ച് മസ്ക് നേരിട്ട എതിര്‍പ്പുകള്‍ വിവരിച്ചിട്ടുണ്ട്. X എന്ന പദം മിക്കപ്പോഴും സെക്സ് പോണോഗ്രാഫി സൈറ്റുകള്‍ ഉപയോഗിക്കുന്നതിനാല്‍ പലരും അന്ന് മസ്കിനെ എതിര്‍ത്തിരുന്നു. എന്നാല്‍ എക്സ് എന്ന അക്ഷരത്തോടുള്ള തന്‍റെ ആകര്‍ഷണം കാരണം ഒരിക്കലും മസ്കിന്‍റെ ഉദ്ദേശം നടപ്പാകാതിരുന്നില്ല. മൂന്ന് വര്‍ഷത്തില്‍ X.COM മസ്ക് പേ പാലുമായി സംയോജിപ്പിച്ചു. 165 മില്ല്യണ്‍ യുഎസ് ഡോളറിന്‍റെ ഡീലായിരുന്നു അത്.
പക്ഷെ 2017 ല്‍ താന്‍ വിറ്റ X.COM എന്ന ഡൊമൈന്‍ പേപാലില്‍ നിന്നും ഇലോണ്‍ മസ്ക് തിരിച്ചുവാങ്ങി. അതാണ് ഇപ്പോള്‍ ട്വിറ്റര്‍ റീബ്രാന്‍റിന് ഉപയോഗിച്ചത്. അതായത് തന്‍റെ ആദ്യത്തെ സംരംഭത്തിന്‍റെ പേരിലേക്കാണ് ട്വിറ്ററിനെ മസ്ക് മാറ്റിയിരിക്കുന്നത്.
‘എക്സ്’ എന്ന ആക്ഷരത്തോടുള്ള മസ്കിന്‍റെ പ്രേമം അങ്ങനെയൊന്നും തീരുന്നതല്ല. മസ്ക് തന്റെ ബഹിരാകാശ കമ്പനിയുടെ ബ്രാൻഡ് നെയിമില്‍ “X” എന്ന അക്ഷരം ഉപയോഗിച്ചിട്ടുണ്ട്. സ്‌പേസ് എക്‌സ്‌പ്ലോറേഷൻ ടെക്‌നോളജീസ് കോർപ്പറേഷൻ എന്നാണ് ഔദ്യോഗിക പേര് എങ്കിലും മസ്ക് 2002 ല്‍ സ്ഥാപിച്ച കമ്പനി ലോകത്തെമ്പാടും അറിയപ്പെടുന്നത് സ്‌പേസ് എക്‌സ് എന്ന പേരിലാണ്.
മസ്‌കിനെ ലോക കോടീശ്വരനാക്കിയത് ടെസ്ല കാറുകളാണ്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ടെസ്‌ല കാറുകളുടെ പേരില്‍ എല്ലാം X എന്ന അക്ഷരം കാണാം. 2015-ലാണ് ടെസ്ല മോഡൽ എക്‌സ് അവതരിപ്പിച്ചത്. യുഎസ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്റെ ടെസ്റ്റുകളിൽ എല്ലാ വിഭാഗത്തിലും 5-സ്റ്റാർ സുരക്ഷാ റേറ്റിംഗുകൾ നേടിയ ആദ്യത്തെ എസ്‌യുവിയാണ് മോഡല്‍ എക്സ് എന്നാണ് ടെസ്ല പറയുന്നത്.
ഇലോൺ മസ്‌ക് മകന്റെ പേരിൽ X എന്ന അക്ഷരം ഉപയോഗിച്ചതും ലോകത്തെമ്പാടും കൌതുകമുണ്ടാക്കിയ കാര്യമാണ്.അടുത്തിടെ നാലാം ജന്മദിനം ആഘോഷിച്ച മസ്കിന്‍റെ മകന്‍റെ പേര് X AE A-XI എന്നാണ്. ഈ മാസം ആദ്യം മസ്‌ക് തന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ xAI ആരംഭിച്ചു. അതിലും വരുന്നുണ്ട് എക്സ്.
നമ്മുടെ അപൂർണതകൾ ഉൾക്കൊള്ളുന്ന എന്തെങ്കിലും വേണമെന്ന ചിന്തയാണ് ട്വിറ്ററിന്‍റെ ബ്രാൻഡ് മാറ്റിസ്ഥാപിക്കാൻ താൻ “എക്സ്” തിരഞ്ഞെടുക്കാന്‍ കാരണം എന്നാണ് മസ്‌ക് നേരത്തെ പറഞ്ഞത്.
കനേഡിയൻ കലാകാരിയും മസ്കിന്‍റെ മുന്‍ഭാര്യയും മസ്കിന്‍റെ രണ്ട് കുട്ടികളുടെ അമ്മയുമായ ക്ലെയർ ബൗച്ചർ തന്‍റെ കുഞ്ഞിന് ‘എക്സ്’ എന്ന് പേരിട്ടിരിക്കുന്നത് എന്തുകൊണ്ടാണെന്ന് അടുത്തിടെ വിശദീകരിച്ചിരുന്നു. ബീജഗണിതത്തിലെ “അറിയാത്ത കാര്യം” സൂചിപ്പിക്കുന്നതാണ് എക്സ് എന്നാണ് ക്ലെയർ ബൗച്ചർ പറയുന്നത്.
എഴുത്തുകാരനായ ലിയോൺ എഫ് സെൽറ്റ്‌സർ പറയുന്നതനുസരിച്ച്, ‘എക്സ്’ എന്നത് അക്ഷരങ്ങളിൽ ഏറ്റവും നിരര്‍ത്ഥകമായ അക്ഷരമാണ് എന്നാണ് വിശേഷിപ്പിക്കുന്നത്. സൈക്കോളജി ടുഡേയില്‍ എഴുതിയ ലേഖനത്തില്‍ എക്സ് എന്ന അക്ഷരത്തിന്‍റെ വഴക്കം മസ്ക് നന്നായി ഉപയോഗിക്കുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്. എക്സ് മരണമായോ ജനനമായോ, എല്ലാമുള്ള അവസ്ഥയോ ഒന്നുമില്ലാത്ത അവസ്ഥയോ അങ്ങനെ ഏത് രീതിയിലും അവതരിപ്പിക്കപ്പെടാം എന്ന് ഇദ്ദേഹം പറയുന്നു.
എന്തായാലും പരമ്പരാഗതമായി ട്വിറ്ററിനെ സ്നേഹിക്കുന്നവര്‍ക്ക് അത്ര രസിക്കുന്ന മാറ്റമല്ല ഇലോണ്‍ മസ്ക് നടത്തിയത് എന്ന് വ്യക്തമാണ്. അതിന്‍റെ പ്രതിഷേധങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ട്. എന്നാല്‍ ഒരു ഏകാധിപതിയെപ്പോലെ ട്വിറ്റര്‍ ഏറ്റെടുത്ത നാള്‍ മുതല്‍ പരിഷ്കാരങ്ങള്‍ വരുത്തുന്ന മസ്കിന്‍റെ നീക്കങ്ങളെ ഇതൊന്നും ബാധിക്കില്ല എന്നതാണ് മുന്‍ അനുഭവം. ഇനി മസ്കിന്‍റെ സ്വപ്ന പദ്ധതിയായ ‘എന്തും സാധിക്കും’ ആപ്പായി പഴയ ട്വിറ്റര്‍. ഇപ്പോഴത്തെ എക്സ് മാറുമോ എന്നതാണ് കണ്ടറിയേണ്ടത്.