കണ്ണൂർ: വ്യക്തി പാർട്ടിക്ക് കീഴടങ്ങണം എന്നതാണ് കമ്യൂണിസ്റ്റ് തത്വമെന്ന് എം വി ജയരാജൻ (M V Jayarajan). കെ കെ ശൈലജയെ മന്ത്രിയാക്കാഞ്ഞത് പാർട്ടി നയം ഇതായത് കൊണ്ടാണ്. താഴെ തട്ടിൽ വിമർശനം ഉയരുന്നതിൽ പാർട്ടിക്ക് ഭയം ഇല്ലെന്നും എം വി ജയരാജൻ പറഞ്ഞു. പി ജയരാജനെ പാർട്ടി തഴയുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ പി ജയരാജനെ ഇത്തവണ മത്സരിപ്പിക്കാത്തതിൽ അപാകതയില്ലെന്നും മരിക്കുന്നത് വരെ ഒരാളെ എംഎൽഎ ആക്കാൻ സിപിഎം (cpm) തയ്യാറല്ലെന്നും എം വി ജയരാജൻ പറഞ്ഞു.
സിപിഎം ജില്ലാ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാകും. പാർട്ടി കോണ്‍ഗ്രസ് വേദിയായ കണ്ണൂരിലാണ് ആദ്യ ജില്ലാ സമ്മേളനം. തുടർ ഭരണം നേടിയ രാഷട്രീയ നേട്ടത്തെ സമ്മേളനങ്ങളിലെ ചർച്ചകളിൽ പ്രതിനിധികൾ പ്രശംസിക്കുമ്പോഴും രണ്ടാം പിണറായി സർക്കാർ കാലത്തെ പൊലീസ് വീഴ്ചകളിൽ ശക്തമായ വിമർശനമാണ് സമ്മേളനങ്ങളിൽ ഉയർന്നത്.
സിപിഎം കണ്ണൂർ ജില്ലാ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ ഉൾപെടെ ജില്ലയിൽ നിന്നുള്ള മുതിർന്ന നേതാക്കൾ പങ്കെടുക്കും. ജില്ലയിൽ ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുള്ളവർക്കെതിരെ എടുത്ത നടപടി നേതൃത്വം വിശദീകരിക്കും. പി ജയരാജൻ അനുകൂലികളെ തഴയുന്നതും ഇപി ജയരാജനെ മത്സരിപ്പിക്കാഞ്ഞതും ശൈലജയ്ക്ക് മന്ത്രി സ്ഥാനം നൽകാത്തതുമുൾപ്പെടെയുള്ള വിഷയങ്ങൾ പ്രതിനിധികൾ സമ്മേളനത്തിൽ ഉന്നയിക്കാൻ സാധ്യതയുണ്ട്.