തിരുവനന്തപുരം: പി ജയരാജനെ സിപിഎം (CPM) സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പരിഗണിക്കാതെ ഒഴിവാക്കിയതിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan). കൂടുതൽ പേർ ഒരേ ജില്ലയിൽ നിന്നുമുള്ളതിനാലാണ് പി ജയരാജനെ (P Jayarajan) ഒഴിവാക്കേണ്ടി വന്നതെന്നാണ് കോടിയേരിയുടെ വിശദീകരണം.
”കണ്ണൂരിൽ നിന്നും കൂടുതൽ പേരുണ്ട്. എല്ലാ ജില്ലകൾക്കും അവസരം നൽകണം. അതിനാലാണ് പി ജയരാജനെ ഒഴിവാക്കേണ്ടി വന്നത്. ‘ആരേയും എഴുതിത്തള്ളാൻ കഴിയില്ല. ജയരാജനുമായി പ്രശ്നങ്ങളില്ല. പാർട്ടിയിലെ സീനിയർ മെമ്പറാണെന്ന് കരുതി എല്ലാവരേയും പാർട്ടി സെക്രട്ടറിയേറ്റിലേക്ക് എടുക്കാൻ കഴിയില്ലെന്നും പ്രവർത്തനത്തിനുള്ള ആളുകളെ നോക്കി കുറച്ച് പേരെ മാത്രം എടുക്കുകയായിരുന്നുവെന്നുമാണ് കോടിയേരിയുടെ വിശദീകരണം.
ജി സുധാകരനെ സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കിയതിലും കോടിയേരി വിശദീകരണം നൽകി. സംസ്ഥാന ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുധാകരൻ നേരത്തെ കത്ത് നൽകിയിരുന്നുവെന്നും ജില്ലാ കമ്മറ്റിയിൽ പ്രവർത്തിക്കാമെന്നാണ് അദ്ദേഹം പറയുന്നതെന്നും കോടിയേരി വ്യക്തമാക്കി. പ്രായ പരിധിയും പരിഗണനയിൽ വന്നപ്പോഴാണ് ഒഴിവാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന നിരയിലേക്ക് കൂടുതൽ യുവാക്കളെ ഉൾപ്പെടുത്തുകയെന്നത് പാർട്ടി തീരുമാനമായിരുന്നു. ഭാവിയെ ലക്ഷ്യം വെച്ചുള്ള തീരുമാനമാണത്. കേന്ദ്രകമ്മിറ്റി 75 എന്ന ഒരു പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. നിലവിലുള്ള നേതാക്കളെല്ലാം 75 ന് അടുത്ത് പ്രായമുള്ളവരാണ്. എല്ലാവരും ഒഴിയുമ്പോൾ പാർട്ടിക്ക് പുതിയ ഒരു നിര നേതാക്കൾ വേണം. ആ കാഴ്ചപ്പാടോടെയാണ് കൂടുതൽ യുവാക്കളെ സംസ്ഥാന നേതൃത്വത്തിലേക്ക് എടുത്തത്. എല്ലാവരും പാർട്ടി തീരുമാനത്തെ അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിലെ തലമുറ മാറ്റത്തിന് വഴിയൊരുക്കി എറണാകുളത്ത് നടന്ന പാർട്ടി സംസ്ഥാന സമ്മേളനം സമാപിച്ചു. സംസ്ഥാന കമ്മിറ്റിയിലും, സംസ്ഥാന സെക്രട്ടേറിയറ്റിലും വലിയ രീതിയിലുള്ള മാറ്റം സംസ്ഥാന സമ്മേളനം നടത്തി. 75 വയസ്സ് എന്ന പ്രായപരിധി പിന്നിട്ടവരെ സംസ്ഥാന ഭാരവാഹിത്വത്തിൽ നിന്നും നീക്കിയപ്പോൾ യുവജനനേതാക്കൾ പലർക്കും നേതൃതലത്തിലേക്ക് വരാൻ അവസരമൊരുങ്ങി. പി.കെ.ശശിയെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതും പി.ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താതിരുന്നതുമാണ് മാറ്റങ്ങളിൽ ഏറെ ശ്രദ്ധേയം.
വർഷങ്ങൾക്ക് ശേഷമാണ് ഇത്രയും പുതുമുഖങ്ങളും ചെറുപ്പക്കാരും ഒരു സംസ്ഥാന സമ്മേളനത്തിലൂടെ സിപിഎം നേതൃത്വത്തിലേക്ക് എത്തുന്നതെന്ന് മൂന്നാം വട്ടവും സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. നാൽപ്പത് വർഷത്തിന് ശേഷമാണ് ഒരു പാർട്ടി സമ്മേളന വേദിയിൽ സെക്രട്ടേറിയറ്റിനെ തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിൻ്റെ പ്രധാന നേതൃവിഭാഗമായ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് മന്ത്രിമാരായ സജി ചെറിയാൻ, വിഎൻ വാസവൻ, മുഹമ്മദ് റിയാസ് എന്നിവരെ ഉൾപ്പെടുത്തി. മുൻ എംഎൽഎയും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയുമായിരുന്ന എം.സ്വരാജ്, എസ്.എഫ്ഐ മുൻ ദേശീയ അധ്യക്ഷൻ പി.കെ.ബിജു, ഇടുക്കിയിൽ നിന്നുള്ള സീനിയർ നേതാവ് കെ.കെ.ജയചന്ദ്രൻ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശൻ എന്നിവരാണ് പുതുതായി സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എത്തിയത്.
നേരത്തെ തന്നെ കെ.എൻ.ബാലഗോപാൽ, പി.രാജീവ്, കെ.രാധാകൃഷ്ണൻ എന്നീ നേതാക്കളെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയിരുന്നു. സമ്മേളനം കഴിഞ്ഞതോടെ സിപിഎമ്മിൻ്റെ പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ മികച്ച നിലയിൽ യുവപ്രാതിനിധ്യമായി. ഭാവി നേതൃത്വത്തിന് വഴിയൊരുക്കൽ കൂടിയാണ് ഈ മാറ്റം.