മുംബൈ:തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരെ സ്വന്തമാക്കിയ നടിയാണ് തബു. 1985-ല്‍ ദേവ് ആനന്ദിന്റെ ഹം നൗജവാന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ തബു ഇപ്പോഴും സ്‌ക്രീനില്‍ തുടരുകയാണ്. കഴിഞ്ഞ ശനിയാഴ്ച്ച താരസുന്ദരി തന്റെ 52-ാം പിറന്നാള്‍ ആഘോഷിച്ചിരുന്നു.
ഇതിനോട് അനുബന്ധിച്ച് നല്‍കിയ ഒരു അഭിമുഖത്തില്‍ തന്റെ സിംഗിള്‍ ജീവിതത്തെ കുറിച്ചും ചിന്താഗതിയെ കുറിച്ചുമെല്ലാം അവര്‍ മനസുതുറന്നു. റിലേഷന്‍ഷിപ്പ് സ്റ്റാറ്റസിലൂടെയല്ലാതെ മറ്റു പല കാര്യങ്ങളില്‍
നിന്നും സന്തോഷം നമ്മെ തേടിയെത്താം എന്ന് തബു അഭിമുഖത്തില്‍ പറയുന്നു.
‘നമ്മള്‍ തനിച്ചാണെങ്കില്‍ ഏകാന്തതയേയും ഒറ്റപ്പെടലിനേയുമെല്ലാം മറികടക്കാനുള്ള വഴികള്‍ നമുക്ക് കണ്ടെത്താനാകും. എന്നാല്‍ ഒരിക്കലും ഒത്തുപോകാന്‍ കഴിയാത്ത ഒരു പങ്കാളിയാണ് കൂടെയുള്ളതെങ്കില്‍ ഒറ്റപ്പെടലിനേക്കാളും മോശമായ അവസ്ഥയാണ് ഉണ്ടാകുക.
സ്ത്രീക്കും പുരുഷനുമിടയിലുള്ള ബന്ധം അല്‍പം സങ്കീര്‍ണമാണ്. ചെറിയ പ്രായത്തില്‍ നമുക്ക് സ്‌നേഹത്തെ കുറിച്ചൊരു സങ്കല്‍പമുണ്ടായിരിക്കും. പ്രായംകൂടുംതോറും അനുഭവങ്ങള്‍ക്ക് അനുസരിച്ച് ആ സങ്കല്‍പത്തില്‍ മാറ്റങ്ങള്‍ സംഭവിക്കും. പുതിയ തിരിച്ചറിവുകള്‍ ലഭിക്കും. എനിക്ക് എന്റേതായ ലോകം പടുത്തുയര്‍ത്തണമെന്നായിരുന്നു ആഗ്രഹം. ഞാന്‍ അതിന് ശ്രമിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ എന്നോടും എന്റെ കഴിവിനോടും കാണിക്കുന്ന ഏറ്റവും വലിയ നീതികേടാകുമായിരുന്നു അത്.
രണ്ട് വ്യക്തികളും പരസ്പരം ജീവിതത്തില്‍ വളര്‍ച്ച കൈവരിക്കലാണ് നല്ലൊരു റിലേഷന്‍ഷിപ്പിന്റെ അടിസ്ഥാനം. ഓരോ വ്യക്തികളും സ്വതന്ത്രരായിരിക്കണം. അല്ലാതെ അടിച്ചമര്‍ത്തുകയല്ല വേണ്ടത്. എന്റെ ചിന്താഗതി അല്‍പം വ്യത്യസ്തമാണെന്ന് എനിക്കറിയാം. ബന്ധത്തില്‍ സ്ത്രീയേയും പുരുഷനേയും രണ്ടായി ഞാന്‍ കാണുന്നേയില്ല. നിങ്ങള്‍ എന്ന വ്യക്തിക്ക് മുകളില്‍ ലിംഗഭേദത്തിന് വലിയ സ്ഥാനമുണ്ടോ?’ തബു വ്യക്തമാക്കുന്നു.