31.1 C
Kottayam
Friday, May 3, 2024

ഐഫോൺ പൗച്ചിൻ്റെ വില പോലുമില്ലാത്ത ശമ്പളം, ഭക്ഷണവുമില്ല; കൂലിയുമില്ല, ഐ ഫോൺ പ്ലാൻ്റ് അടിച്ചു തകർത്തതെന്തിനെന്ന് തൊഴിലാളികൾ പറയുന്നു

Must read

ബെംഗളൂരു: ശനിയാഴ്ച രാവിലെ കര്‍ണാടരയിലെ കോലാറില്‍ സ്ഥിതി ചെയ്യുന്ന ഐ ഫോണ്‍ നിര്‍മ്മാതാക്കളായ വിസ്‌ട്രോണ്‍ കോര്‍പ്പറേഷന്‍ ഫാക്ടറിയില്‍ തൊഴിലാളികള്‍ പ്രശ്‌നമുണ്ടാക്കിയത് രാജ്യവ്യാപക വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. കര്‍ണാടക സര്‍ക്കാറും കേന്ദ്ര സര്‍ക്കാറും വിദേശ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുമ്പോഴാണ് ഒരു വിദേശ കമ്പനിക്ക് നേരെ തൊഴിലാളികളുടെ ആക്രമണമുണ്ടായത് എന്നതും ശ്രദ്ധേയം. അതുകൊണ്ട് തന്നെ വളരെ വേഗത്തിലാണ് പൊലീസ് നടപടിയെടുത്തത്. എന്നാല്‍ കടുത്ത തൊഴില്‍ പീഡനമാണ് ഇത്തരത്തില്‍ ഒരു നടപടിയിലേക്ക് തൊഴിലാളികളെ നയിച്ചതെന്ന് പേരുവെളിപ്പെടുത്താത്ത തൊഴിലാളികള്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

തൊഴിലാളികളുടെ വാക്കുകളിലേക്ക്…

കഴിഞ്ഞ രണ്ട് മാസമായി ശമ്പള വിതരണം കൃത്യമല്ല. വാഗ്ദാനം ചെയ്ത ശമ്പളത്തില്‍ നിന്ന് കമ്പനി ഗണ്യമായ കുറവ് വരുത്തിയിരുന്നു. എന്‍ജിനീയറിംഗ് ബിരുദധാരികള്‍ക്ക് പ്രതിമാസം 21000 രൂപയായിരുന്നു വാഗ്ദാനം. എന്നാല്‍ ആദ്യം 16000മായും പിന്നീട് 12000മായും കുറച്ചു. 11000 രൂപ പറഞ്ഞ ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് വെറും 5000 മാത്രമാണ് നല്‍കിയത്. ഈ കുറഞ്ഞ ശമ്പളം നല്‍കുന്നതിന് തന്നെ സ്ഥിരതയുണ്ടായിരുന്നില്ല.

മാനേജീരിയല്‍ ജീവനക്കാര്‍ക്ക് എട്ട് മണിക്കൂറാണ് ജോലി സമയം. എന്നാല്‍ രാത്രിയും പകലുമായി 12 മണിക്കൂര്‍ ജോലി ചെയ്താലും ഓവര്‍ ടൈം കൂലി നല്‍കില്ല. ജോലി സാഹചര്യവും ഭക്ഷണവും ഗുണനിലവാരമില്ലാത്തതായിരുന്നു. ഏറെക്കാലമായി പ്രശ്‌നങ്ങളെ സംബന്ധിച്ച് കമ്പനി അധികൃതര്‍ക്ക് പരാതി നല്‍കുന്നു. എന്നാല്‍ ഇതുവരെ ഒന്നിനും പരിഹാരമായില്ല. ചെയ്യുന്ന ജോലിക്ക് അനുസരിച്ച് കൂലി ലഭിക്കുന്നില്ല. വെള്ളിയാഴ്ചയാണ് ശമ്പളം ലഭിച്ചത്. കുറഞ്ഞ കൂലിയോടൊപ്പം ഷിഫ്റ്റില്‍ മാറ്റം വരുത്തിയത് തൊഴിലാളികളില്‍ ചിലരുടെ നിയന്ത്രണം നഷ്ടപ്പെടുത്തി.

തുടര്‍ന്ന് എച്ച് ആറുമായി വാക്കേറ്റമുണ്ടാകുകയും ആക്രമത്തിലേക്ക് എത്തുകയും ചെയ്‌തെന്ന് തൊഴിലാളികള്‍ പറയുന്നു. കമ്പനിയും റിക്രൂട്ട്‌മെന്റ് ഏജന്‍സിയും തമ്മിലുള്ള ധാരണപിശകാണ് ശമ്പള പ്രശ്‌നമുണ്ടാകാന്‍ കാരണമെന്നും പറയുന്നുണ്ട്. കടുത്ത തൊഴില്‍ ചൂഷണമാണ് കമ്പനിയില്‍ നടക്കുന്നതെന്നും തൊഴിലാളികള്‍ പറയുന്നു. കമ്പനിക്ക് നേരെ നടന്ന ആക്രമണത്തില്‍ ഇതുവരെ 125 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, കമ്പനി അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി മറുപടി നല്‍കിയിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week