തൃശ്ശൂര്‍: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ ശിഖണ്ഡി പരാമര്‍ശത്തില്‍ മറുപടിയുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരന്‍. കെ. സുരേന്ദ്രന് ഒറ്റുകാരന്റെ റോളാണെന്ന് മുരളീധരൻ പറഞ്ഞു. ഒറ്റുകാരന് മറുപടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സുരേന്ദ്രന്‍ പല സന്ദര്‍ഭത്തിലും മറ്റുള്ളവര്‍ക്ക് പാർട്ടിയെ വില്‍ക്കുന്നയാളാണ്. പ്രത്യേകിച്ച് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക്. അവർ തമ്മിൽ നല്ല ബന്ധമാണല്ലോ. അതിനുള്ള സ്ഥാനാർഥികളെയാണ് ഇത്തവണ നിർത്തിയിരിക്കുന്നത്. മഹാഭൂരിപക്ഷം ദുർബലരായ സ്ഥാനാർഥികളാണ്. അത് സി.പി.എമ്മിനെ സഹായിക്കാനാണ്. അത് സ്വന്തം പാർട്ടിയെ ഒറ്റുകൊടുക്കുകയല്ലേ, മുരളീധരൻ ചോദിച്ചു.
തിരഞ്ഞെടുപ്പിൽ ജയിക്കാന്‍ വേണ്ടിയാണ് മത്സരിക്കുന്നത്. വര്‍ഗീയ കക്ഷികളുമായി ഒരു രീതിയിലും വിട്ടുവീഴ്ച ചെയ്യില്ല. നേമത്ത് ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യമായിരുന്നു. അവിടെ പാര്‍ട്ടി ദുര്‍ബലമായിരുന്നു. എന്നാല്‍, അന്ന് പോരാടി ബി.ജെ.പിയെ തോല്‍പ്പിച്ചു. എന്നാല്‍, തൃശ്ശൂരിൽ ജയിക്കാനാണ് ഉദ്ദേശം. കൂടാതെ, ബി.ജെ.പിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുക. മണ്ഡലം നിലനിര്‍ത്തുക, മുരളീധരൻ വ്യക്തമാക്കി.
കെ. മുരളീധരന് ബി.ജെ.പിയിൽനിന്ന് ഓഫറുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളെ അദ്ദേഹം തള്ളി. പാർട്ടിയെ ഒറ്റിക്കൊടുക്കുന്ന സ്വഭാവക്കാരനല്ല. പാർട്ടിയോട് വിലപേശുന്ന സ്വഭാവവും തനിക്കില്ല. അത് കെ. കരുണാകരന്റെ കുടുംബത്തിലാര്‍ക്കും ഇതുവരെ ഉണ്ടായിട്ടില്ല.
പത്മജ വേണുഗോപാലിനെ ബി.ജെ.പിയിലേക്കെത്തിച്ചത് ബഹ്റയാണെന്ന ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിൽനിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. ‘നിങ്ങളീ പത്മജ പത്മജ എന്ന് പറയുന്നതെന്തിനാ. ഇവിടെ എന്തൊക്കെ നല്ല കാര്യങ്ങൾ പറയാനുണ്ട്. താമരേടെ വര്‍ത്താനമേ പറയണ്ട’, മുരളീധരൻ പറഞ്ഞു.