ന്യൂഡൽഹി: നരേന്ദ്ര മോദിക്ക് മൂന്നാമൂഴം പ്രവചിച്ച് എക്‌സിറ്റ് പോളുകൾ. 350ലേറെ സീറ്റുകൾ നേടി എൻഡിഎ മുന്നണി അധികാരത്തിലെത്തുമെന്നാണ് പുറത്തുവന്ന മിക്ക പോളുകളും പ്രവചിക്കുന്നത്. എൻ.ഡി.എ. വീണ്ടും അധികാരത്തിലെത്തുമെന്നും റിപ്പബ്ലിക് ടി.വി- പി. മാർക് എക്സിറ്റ് പോൾ സർവേ പ്രവചിക്കുന്നു. എൻ.ഡി.എക്ക് 359 സീറ്റുകൾ ലഭിക്കാം. ഇന്ത്യ സഖ്യത്തിന് 154 സീറ്റുകളും മറ്റുള്ളവർക്ക് 30 സീറ്റുകളുമാണ് പ്രവചനം.
ടൈംസ നൗ എക്‌സിറ്റ് പോൾ പ്രകാരം കേരളത്തിൽ യുഡിഎഫിനാണ് മുൻതൂക്കം. 15 സീറ്റിൽ വരെ യുഡിഎഫ് വിജയിക്കുമെന്നാണ് പ്രവചനം. അതേസമയം എൽഡിഎഫ് നാല് സീറ്റുകളെന്നാണ് പ്രവചനം. അതേസമയം ബിജെപി അക്കൗണ്ട് തുറക്കുമെന്നും ടൈംസ് നൗ പ്രവചിക്കുന്നു.
തമിഴ്‌നാട്ടിലും ഇന്ത്യാ മുന്നണിക്ക് മുൻതൂക്കമെന്നാണ് തുടക്കതതിൽ വന്ന എക്‌സിറ്റ് പോളുകൾ വ്യക്തമാക്കുന്നത്. ന്യൂസ് 18 എക്‌സിറ്റ് പോൾ പ്രകാരം 39 സീറ്റുകൽ വരെ ഇന്ത്യാ മുന്നണി നേടുമെന്നാണ്, ബിജെപിക്ക് ഒന്ന് മുതൽ മൂന്ന് വരെ സീറ്റുകൾ ലഭിക്കുമെന്നുമാണ് ന്യൂസ് 18 പ്രവചിക്കുന്നത്.
ജൂൺ നാലിന് വോട്ടെണ്ണലിലൂടെ യഥാർത്ഥ ഫലം പുറത്തുവരുമെങ്കിലും അതുവരെയുള്ള ദിനങ്ങളിൽ ഈ എക്സിറ്റ് പോളുകളായിരിക്കും പാർട്ടികൾക്ക് പ്രതീക്ഷയോ ആശങ്കയോ ആയി തുടരുക. എന്നാൽ, എക്‌സിറ്റ് പോൾ പ്രവചനങ്ങൾ യാഥാർഥ്യമായതും പ്രവചനങ്ങൾ പൂർണമായും തെറ്റിയതുമായ ചരിത്രങ്ങളുണ്ട്. ഇത്തവണ ചാനലുകളിലെ എക്‌സിറ്റ് പോൾ ചർച്ചകളിൽ പങ്കെടുക്കേണ്ടതില്ലെന്ന് കോൺഗ്രസ് തീരുമാനിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റി.
ഇന്ന് അവസാനിച്ച എഴ് ഘട്ട വോട്ടോടുപ്പോടെയാണ് ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നത്. അതേസമയം അവസാന ഘട്ട വോട്ടെടുപ്പിൽ വൈകീട്ട് അഞ്ച് വരെ 58.34 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കുറവ് പോളിങ് ബിഹാറിലാണ്, 48.86 ശതമാനം. 69.89 ശതമാനവുമായി പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതൽ പോളിങ്.
ഛണ്ഡീഗഢ് – 62.80, ഹിമാചൽ പ്രദേശ് – 66.56, ജാർഖണ്ഡ് – 67.95, ഒഡീഷ – 62.46, പഞ്ചാബ് – 55 .20, ഉത്തർപ്രദേശ് – 54. 00 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ വോട്ടുനില. വോട്ടെടുപ്പിനിടെ ബംഗാളിലെ സന്ദേശ്ഖാലിയിലും സൗത്ത് 24 പർഗാനസിലും സംഘർഷമുണ്ടായി. യു.പിയിൽ വോട്ടെടുപ്പ് ദിനം ബിജെപി പ്രചാരണം നടത്തിയെന്ന് സമാജ് വാദി പാർട്ടി ആരോപിച്ചു.