കൊവിഡ് മഹാമാരി അതിന്റെ അവസാന ഘട്ടത്തിലേക്കു നീങ്ങുന്നു: ലോകാരോഗ്യ സംഘടന

കോപ്പന്‍ഹേഗന്‍: ഒമിക്രോണ്‍ വകഭേദം കൊവിഡിനെ പുതിയൊരു ഘട്ടത്തിലേക്ക് എത്തിച്ചിരിക്കുകയാണെന്നു ലോകാരോഗ്യ സംഘടന. യൂറോപ്പില്‍ അതിന്റെ വ്യക്തമായ സൂചനകളുണ്ടെന്നു സംഘടനയുടെ യൂറോപ്പ് ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗ് മാധ്യമങ്ങളോടു പറഞ്ഞു. യൂറോപ്പില്‍ മഹാമാരി അവസാന കളിയിലേക്കു നീങ്ങുന്നുവെന്നതിനെ സാധൂകരിക്കുന്ന സൂചനകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാര്‍ച്ചോടെ അറുപതു ശതമാനം യൂറോപ്യന്മാരെയും ഒമിക്രോണ്‍ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവില്‍ യൂറോപ്പില്‍ ഒമിക്രോണ്‍ നടത്തിക്കൊണ്ടിരിക്കുന്ന കുതിച്ചുചാട്ടം കഴിഞ്ഞാല്‍ കുറെ ആഴ്ചകളും ചിലപ്പോള്‍ മാസങ്ങളും തികച്ചും ശാന്തമായ ഒരു കാലം പ്രതീക്ഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ആഗോള പ്രതിരോധ ശേഷി രൂപപ്പെടും. ഒന്നുകില്‍ വാക്‌സിന്‍ അല്ലെങ്കില്‍ രോഗബാധമൂലമുള്ള പ്രതിരോധ ശേഷി വലിയൊരു വിഭാഗം കൈവരിക്കുന്നതോടെ കോവിഡിന്റെ തിരിച്ചിറക്കം തുടങ്ങും. ഇനി ഈ വര്‍ഷം അവസാനമാണ് കോവിഡ് തിരിച്ചുവരാന്‍ സാധ്യതയുള്ളത്. ഒരു പക്ഷേ, അതു തിരിച്ചു വരണമെന്നുമില്ല എന്നദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

യുഎസിലെ പ്രമുഖ ശാസ്ത്രജ്ഞന്‍ ആന്റണി ഫൗസി ഞായറാഴ്ച സമാനമായ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ ചില ഭാഗങ്ങളില്‍ കോവിഡ് -19 കേസുകള്‍ കുത്തനെ കുറയുന്നതിനാല്‍, ‘കാര്യങ്ങള്‍ മികച്ചതായി തോന്നുന്നു’ എന്ന് അദ്ദേഹം എബിസി ന്യൂസ് ടോക്ക് ഷോയില്‍ പറഞ്ഞു. യുഎസിന്റെ വടക്കുകിഴക്ക് പോലുള്ള പ്രദേശങ്ങളില്‍ കേസുകളുടെ എണ്ണത്തില്‍ സമീപകാല ഇടിവ് തുടരുകയാണെങ്കില്‍, ‘നിങ്ങള്‍ക്കു രാജ്യത്തുടനീളം ഒരു വഴിത്തിരിവ് കാണാമെന്നു ഞാന്‍ വിശ്വസിക്കുന്നു’- അദ്ദേഹം പറഞ്ഞു.

ആഫ്രിക്കയുടെ ചുമതലയുള്ള ലോകാരോഗ്യ സംഘടനയുടെ ഓഫീസും ഒമിക്രോണ്‍ തരംഗത്തിനു പിന്നാലെ കോവിഡ് കേസുകള്‍ കുറയുകയാണെന്ന സൂചന പുറത്തുവിട്ടിരുന്നു. മരണനിരക്കും കാര്യമായി കുറയുകയാണെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതെല്ലാം വിലയിരുത്തുമ്പോള്‍ കോവിഡ് 19 ഒരു മഹാമാരി എന്നതില്‍നിന്ന് പ്രത്യേക സീസണില്‍ എത്തുന്ന ഫ്‌ലൂ രോഗം പോലെ കൈകാര്യം ചെയ്യാവുന്ന അവസ്ഥയിലേക്കു നീങ്ങുകയാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, ഇത്തരം പ്രതീക്ഷകള്‍ക്ക് അമിത ഊന്നല്‍ കൊടുക്കുന്നതും അപകടകരമാണെന്നും ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് തലവന്‍ ക്ലൂഗ് മുന്നറിയിപ്പ് നല്‍കി. കൊവിഡ് വൈറസ് ശാസ്ത്ര ലോകത്തെ പലതവണ അമ്പരപ്പിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്തു കഴിഞ്ഞു. അതിനാല്‍ പ്രവചനങ്ങളില്‍ അമിത പ്രതീക്ഷ വയ്ക്കുന്നതു ജാഗ്രതയോടെ വേണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News