തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സമെന്റ് ഡയറക്ട്രേറ്റ് രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിയ്ക്കല്‍ കേസിലെ കുറ്റപത്രത്തില്‍ ഇ.ഡി പരാമര്‍ശിയ്ക്കുന്ന റസിയുണ്ണി അനര്‍ട്ടിലെ ജീവനക്കാരിയെന്ന് കണ്ടെത്തല്‍.കേസിലെ പ്രതിയായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുമായി ബന്ധപ്പെട്ടാണ് റസിയുണ്ണിയേക്കുറിച്ച് ഇ.ഡി പരാമര്‍ശിയ്ക്കുന്നത്.സി.പി.എ അനുഭാവിയായ ഇവരുമായി സ്വര്‍ണ്ണക്കടത്തിലെ വിവരങ്ങള്‍ ശിവശങ്കര്‍ എന്തിനു പങ്കുവെച്ചു എന്നാണ് ഇ.ഡി.പരിശോധിച്ചുവരുന്നത്.അനര്‍ട്ടിലെ ജീവനക്കാരിയായ ഇവര്‍ കുറച്ചുനാള്‍ ലൈഫ് മിഷനില്‍ ഡെപ്യൂട്ടേഷനില്‍ ജോലിയ്‌ക്കെത്തിയിരുന്നു.
പിന്നീട് അനെര്‍ട്ടിലേക്കു മടങ്ങി. ഭര്‍ത്താവിന്റെ പേരും ചേര്‍ത്താണ് എം.ശിവശങ്കര്‍ ഫോണില്‍ ജീവനക്കാരിയുടെ പേര് സേവ് ചെയ്തിരുന്നത്. ഇവരില്‍നിന്ന് മൊഴിയെടുക്കുന്നതിനെക്കുറിച്ചും ഇഡി ആലോചിക്കുന്നുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വാര്‍ത്തകളും പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സുമായുള്ള ഇടപാടുകളെക്കുറിച്ചും എം.ശിവശങ്കര്‍ ജീവനക്കാരിയുമായി വാട്‌സ്ആപ്പില്‍ ദിവസേന ചാറ്റ് ചെയ്തിരുന്നു. ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇവരാരാണെന്നു വ്യക്തമാക്കിയിരുന്നില്ല. കേസിലെ പ്രതികളായ സരിത്, സ്വപ്ന എന്നിവരെക്കുറിച്ചും ഇവരുമായി ശിവശങ്കര്‍ ചാറ്റ് ചെയ്തിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു.
ലൈഫ് മിഷന്‍ ഇടപാടില്‍ 1.08 കോടിരൂപ കോഴ ലഭിച്ചശേഷം യൂണിടാക് ബില്‍ഡേഴ്‌സിനെ ശിവശങ്കര്‍ പലര്‍ക്കും ശുപാര്‍ശ ചെയ്തതായും ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ശിവശങ്കര്‍ ഉത്തരം നല്‍കിയില്ലെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ ശിവശങ്കറിനു ശക്തമായ പങ്കുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇഡി അനുബന്ധ കുറ്റപത്രം സമര്‍പിച്ചത്.