KeralaNews

നാടിനെ നടുക്കിയ മൂന്ന് മരണങ്ങള്‍ക്ക് പിന്നില്‍ ആര് ? അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

തിരുവനന്തപുരം : നാടിനെ നടുക്കിയ മൂന്ന് മരണങ്ങള്‍ക്ക് പിന്നില്‍ ആര് ? അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. തിരുവനന്തപുരം നാവായി കുളത്ത് അച്ഛന്‍ രണ്ട് മക്കളെയും കൊന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാട് ഞെട്ടലിലാണ്. കുട്ടികളുടെ അച്ഛന്‍ സഫീറിനെ പിന്നീട് രണ്ടാമത്തെ മകനെ കൊലപ്പെടുത്തിയ അതേ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൂത്ത മകന്‍, പതിനൊന്ന് വയസ്സുകാരന്‍ അല്‍ത്താഫിനെ കഴുത്തറുത്തും, രണ്ടാമത്തെ മകന്‍ ഒമ്പത് വയസ്സുകാരന്‍ അന്‍ഷാദിനെ വീടിന് അടുത്തുള്ള ക്ഷേത്രക്കുളത്തില്‍ എറിഞ്ഞുമാണ് ഇയാള്‍ കൊലപ്പെടുത്തിയത്.

രാവിലെ 10 മണിക്കാണ് പതിനൊന്ന് വയസ്സുള്ള അല്‍ത്താഫിനെ കഴുത്തറുത്ത നിലയില്‍ നാവായിക്കുളത്തിനടുത്തുള്ള നൈനാന്‍കോണം കോളനിയിലെ വീട്ടില്‍ കണ്ടെത്തിയത്. വീട്ടിലുണ്ടാവേണ്ടിയിരുന്ന അച്ഛന്‍ സഫീറിനെയും ഇളയ സഹോദരന്‍ അന്‍ഷാദിനെയും കാണാനുണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ വ്യാപകമായ തെരച്ചിലിലാണ് സഫീറിന്റെ മൃതദേഹം സ്ഥലത്തെ ഒരു ക്ഷേത്രക്കുളത്തിന്റെ കരയ്ക്ക് അടിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കുട്ടിയെയും ഇതേ കുളത്തിനടുത്ത് കൊണ്ടുവന്ന് കൊലപ്പെടുത്തിയിരിക്കാമെന്ന് കണക്കുകൂട്ടിയ പൊലീസ് മുങ്ങല്‍ വിദഗ്ധരെ അടക്കം കൊണ്ടുവന്ന് സ്ഥലത്ത് വിപുലമായ തെരച്ചില്‍ നടത്തി.

രണ്ട് മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവില്‍ ഇളയ കുട്ടിയുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്രക്കുളത്തിന്റെ കരയ്ക്ക് സഫീറിന്റെ ഓട്ടോറിക്ഷ നിര്‍ത്തിയിട്ടിരിക്കുന്നത് നാട്ടുകാര്‍ കണ്ടു. അത് വിശദമായി പരിശോധിച്ചപ്പോള്‍ സഫീര്‍ ഒരു കത്ത് എഴുതിവച്ചിരിക്കുന്നത് കണ്ടെത്തി. രണ്ടാമത്തെ കുഞ്ഞ് ആ കുളത്തിലുണ്ട് എന്നാണ് കത്തില്‍ സഫീര്‍ എഴുതിയിരിക്കുന്നത്.

ഓട്ടോഡ്രൈവറായിരുന്ന സഫീര്‍ കഴിഞ്ഞ കുറച്ചുകാലമായി ഭാര്യയില്‍ നിന്ന് അകന്നാണ് കഴിഞ്ഞിരുന്നത്. വിഷാദരോഗമുണ്ടായിരുന്ന സഫീറിനെ അച്ഛനും സഹോദരനും വന്ന് കൂട്ടിക്കൊണ്ടുപോയി ചികിത്സിച്ച് തിരികെ കൊണ്ടുവരികയായിരുന്നു. ഭാര്യയെ സഫീര്‍ സ്ഥിരമായി ഉപദ്രവിച്ചിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ കുട്ടികളോട് വലിയ സ്‌നേഹമായിരുന്നു.

ചികിത്സ കഴിഞ്ഞ് തിരികെ വന്ന ശേഷം സഫീര്‍ ഭാര്യയുടെ ഒപ്പം താമസം മാറി. ഭാര്യയെ സഫീര്‍ അപ്പോഴും ഉപദ്രവിക്കുന്നത് തുടര്‍ന്നിരുന്നുവെന്നും സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ പറയുന്നു. പട്ടാളം മുക്ക് എന്നയിടത്ത് ഓട്ടോ ഓടിച്ചാണ് സഫീര്‍ ജീവിച്ചിരുന്നത്. എന്നാല്‍ ഓട്ടോ സ്റ്റാന്‍ഡില്‍ കൂടെയുണ്ടായിരുന്നവരും സഫീര്‍ അവരുമായി സഹകരിക്കുകയോ സംസാരിക്കുകയോ ചെയ്യുമായിരുന്നില്ല എന്ന് പറയുന്നു.

കത്ത് എഴുതി വച്ചതടക്കമുള്ള സാഹചര്യങ്ങള്‍ പരിശോധിച്ചാല്‍ സഫീര്‍ തന്നെയാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് വ്യക്തമാകുന്നതെന്ന് പൊലീസും വ്യക്തമാക്കുന്നു. നാടിനെ നടുക്കിയ മൂന്ന് മരണങ്ങളില്‍ ഊര്‍ജിതമായ അന്വേഷണത്തിന് തന്നെയാണ് പൊലീസ് ഒരുങ്ങുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button