പൊതുസ്ഥലങ്ങളിലെ അണുനാശിനി പ്രയോഗം കൊറോണയെ ഇല്ലാതാക്കില്ല; വിപരീത ഫലം ഉണ്ടാക്കുമെന്ന് ലോകാരോഗ്യ സംഘടന
ജനീവ: തെരുവുകളില്‍ അണുനാശിനി തളിക്കുന്നതിലൂടെ കൊറോണ വൈറസിനെ ഇല്ലാതാക്കാനാവില്ലെന്നും ഇത് വിപരീത ഫലമുണ്ടാക്കുമെന്നും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അണുനാശിനി തെരുവുകളില്‍ തളിക്കുന്നത് പുതിയ കൊറോണ വൈറസിനെ ഇല്ലാതാക്കില്ല. എന്നാല്‍ ഇത് ആരോഗ്യത്തിന് അപകടമുണ്ടാക്കുകയും ചെയ്യുമെന്നുമാണ് ഡബ്ല്യൂഎച്ച്ഒ മുന്നറിയിപ്പ്. ഉപരിതലങ്ങള്‍ വൃത്തിയാക്കുന്നതിനും അണുവിമുക്തമാക്കുന്നതിനുമുള്ള മാര്‍ഗ രേഖയില്‍ സ്‌പ്രേ ചെയ്യുന്നത് ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
തെരുവുകളോ ചന്ത പോലുള്ള തുറസായ പൊതുസ്ഥലങ്ങളില്‍ അണുനാശിനി തളിക്കുകയോ പുകയ്ക്കുകയോ ചെയ്യുന്നത് കൊറോണ വൈറസിനെയോ രോഗകാരികളായ വൈറസുകളെയോ നശിപ്പിക്കില്ല. കാരണം അണുനാശിനിയെ അഴുക്കും മാലിന്യങ്ങളും നിര്‍ജീവമാക്കും. തെരുവുകളും നടപ്പാതകളും കൊവിഡ് വൈറസിന്റെ സംഭരണികളായി കാണുന്നില്ലെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.
അണുനാശിനി തളിക്കുന്നത് വൈറസിനെ ഇല്ലാതാക്കില്ലെങ്കിലും മനുഷ്യന്റെ ആരോഗ്യത്തിന് അപകടം ഉണ്ടാക്കാന്‍ കഴിയുമെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. അണുനാശിനി വ്യക്തികളുടെ ശരീരത്തില്‍ തളിക്കുന്നത് ഒരു സാഹചര്യത്തിലും ശിപാര്‍ശ ചെയ്യുന്നില്ലെന്നും ഡബ്ല്യൂഎച്ച്ഒ പറഞ്ഞു.
മനുഷ്യ ശരീരത്തില്‍ അണുനാശിനി തളിക്കുന്നത് ശാരീരികമായും മാനസികമായും ഹാനികരമാകാം. വായില്‍നിന്ന് പുറത്തേക്കുപോകുന്ന കണങ്ങളിലൂടേയും സമ്ബര്‍ക്കത്തിലൂടെയും മറ്റൊരാള്‍ക്ക് വൈറസ് പകര്‍ത്താനുള്ള രോഗബാധിതന്റെ ശേഷി അണുനാശിനി തളിക്കുന്നതിലൂടെ ഇല്ലാതാക്കാനാവില്ലെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. ആളുകളില്‍ ക്ലോറിന്‍ അല്ലെങ്കില്‍ മറ്റ് വിഷ രാസവസ്തുക്കള്‍ തളിക്കുന്നത് കണ്ണ്, ചര്‍മം എന്നിവയില്‍ അസ്വസ്ഥതയുണ്ടാക്കും. ഹൃദയധമനികള്‍ക്കും ദഹനനാളത്തിനും പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാക്കാമെന്നും പറയുന്നു.