സുൽത്താൻബത്തേരി: അപൂർവമായി കാണപ്പെടുന്ന വെള്ളമാനിനെ (ആൽബിനോ ഡീർ) വയനാട് വന്യജീവി സങ്കേതത്തിൽ കണ്ടെത്തി. കുറിച്യാട് റെയ്ഞ്ചിലെ വടക്കനാട് പച്ചാടിയിലെ താമരക്കുളത്തിന് സമീപം കഴിഞ്ഞ ദിവസം രാവിലെയാണ് വഴിയാത്രക്കാരൻ വെള്ളമാനിനെ കണ്ടത്. വടക്കനാട് ഭാഗത്തേക്ക് പോവുകയായിരുന്ന പഴൂർ സ്വദേശി സുജിത്താണ് പാതയോട് ചേർന്നുള്ള കാട്ടിലൂടെ ഓടിനടക്കുന്ന വെള്ളമാനിന്റെ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തി, സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
ദേഹമാകെ ഇടതൂർന്ന വെളുത്ത രോമങ്ങളുള്ള മാൻ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലാകെ വൈറലായിരിക്കുകയാണ്. മാൻ വർഗത്തിൽപ്പെട്ട മ്ലാവാണ് ഇതെന്നും ജനിതകപരമായ വ്യതിയാനങ്ങളാണ് മ്ലാവിന്റെ രോമങ്ങളെല്ലാം വെളുത്ത നിറത്തിൽ കാണപ്പെടുന്നതിന് കാരണമെന്നും ഫോറസ്റ്റ് അസി. വെറ്ററിനറി ഓഫീസർ ഡോ. അജേഷ് മോഹൻദാസ് പറഞ്ഞു. ശരീരത്തിന് നിറം നൽകുന്ന മെലാനിന്റെ പ്രവർത്തന തകരാറുമൂലമാണ് ഇവയുടെ രോമങ്ങൾക്ക് നിറം ലഭിക്കാത്തത്.
കാഴ്ചയിൽ വ്യത്യസ്ഥതയുണ്ടെങ്കിലും ഇത്തരത്തിൽ കൂട്ടത്തിൽനിന്നും വേറിട്ടുനിൽക്കുന്ന ജീവജാലങ്ങൾക്ക് അതിജീവനം ക്ലേശകരമായിരിക്കും. വേട്ടക്കാരുടെ കണ്ണിൽപ്പെടാതെ മറയാനും ഒളിച്ചിരിക്കാനും വന്യമൃഗങ്ങളെ സഹായിക്കുന്നത് അവയുടെ സ്വാഭാവിക നിറമാണ്. എന്നാൽ ആൽബിനോകളുടെ വെളുപ്പ് നിറം അവയെ വളരെ വേഗം തിരിച്ചറിയാനിടയാക്കും.
അതോടെ ഇവയുടെ ജീവന്റെ കാര്യവും ഭീഷണിയിലാകും. ഇണയെ കണ്ടെത്തുന്നതും ഇവയെ സംബന്ധിച്ച് ഏറെ പ്രയാസമുള്ള കാര്യമാണ്. തികച്ചും വ്യത്യസ്തമായ രീതിയിൽ ഒരു മാനിനെ കണ്ടതിന്റെ അദ്ഭുതത്തിലാണ് ആളുകൾ സമൂഹമാധ്യമങ്ങളിലെ പോസ്റ്റിന് പ്രതികരണങ്ങൾ അറിയിക്കുന്നത്. ജില്ലയിൽ ആദ്യമായാണ് വെള്ള നിറത്തിലുള്ള മാനിന്റെ സാന്നിധ്യം കണ്ടെത്തുന്നത്.

