ആശുപത്രിയിൽനിന്ന് മടങ്ങവെ കാട്ടുപന്നി സ്‌കൂട്ടറിൽ ഇടിച്ചു,ഏഴു വയസ്സുകാരിക്കും മാതാപിതാക്കൾക്കും പരിക്ക്

കണ്ണൂര്‍: പനിയെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ കാണിച്ച് മടങ്ങി വരവെ സ്‌കൂട്ടറില്‍ കാട്ടുപന്നി ഇടിച്ചു. ഏഴു വയസ്സുകാരി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് സാരമായി പരിക്കേറ്റു. ഞായറാഴ്ച രാത്രി 8.45-ന് തെരുവത്ത് വച്ചായിരുന്നു അപകടം. മാലൂര്‍ തോലമ്പ്ര സ്വദേശികളായ കെ.എല്‍.സുധീഷ്, ഭാര്യ വിജി, മകള്‍ സ്‌നേഹ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ രാത്രി ഒന്‍പതരയോടെ കണ്ണൂര്‍ ജില്ലാആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ഏഴുവയസ്സുകാരിയായ സനേഹയുടെ തലക്കും കണ്ണിനും പരിക്കേറ്റു. ഒരു പല്ലും പോയി. വിജിയുടെ കണ്ണിനും മുഖത്തുമാണ് പരിക്കേറ്റത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന സുധീഷിന്റെ ഇടത് തോളെല്ലിനും പരിക്കേറ്റു.

പനമ്പറ്റ യു.പി.സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായ സ്‌നേഹയെ പനിയായതിനെ തുടര്‍ന്ന് പേരാവൂര്‍ താലൂക്ക് ആസ്പത്രിയില്‍ ഞായറാഴ്ച ഉച്ചക്കാണ് പ്രവേശിപ്പിച്ചത്. ഡ്രിപ്പ് ഇട്ട് രാത്രി 8.15 ഓടെ വീട്ടിലേക്ക് മടങ്ങവെ തെരുവത്ത് എത്തിയപ്പോള്‍ കാട്ടുപന്നി റോഡിലൂടെ ഓടി വണ്ടിയില്‍ ഇടിക്കുകയായിരുന്നു.

മൂന്നുപേരും റോഡിലേക്ക് തെറിച്ചു വീണതായി സൂധീഷ് ‘മാതൃഭൂമി’യോട് പറഞ്ഞു. ഉടന്‍ 108 ആംബുലന്‍സില്‍ പേരാവൂര്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും തലയ്ക്ക് പരിക്കേറ്റതിനാല്‍ ജില്ലാ ആസ്പത്രിയിലക്ക് നിര്‍ദേശിക്കുകയായിരുന്നു. നിരവധി പന്നികളുള്ള സ്ഥലമാണിതെന്നും സുധീഷ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News