ചെന്നൈ:ബ്ലോക്ബസ്റ്റര്‍ വിജയമായി മാറിയിരിക്കുകയാണ് രജനീകാന്ത് നായകനായ ജയിലര്‍. ബീസ്റ്റിന്റെ പരാജയത്തില്‍ നിന്നും സംവിധായകന്‍ നെല്‍സണും തുടര്‍ പരാജയങ്ങളില്‍ നിന്നും രജനീകാന്തും ആവേശകരമായി തന്നെ തിരികെ വന്നിരിക്കുകയാണ്. പണ്ട് പടയപ്പയില്‍ രമ്യ കൃഷ്ണന്‍ പറഞ്ഞത് പോലെ വയസായെങ്കിലും രജനീയുടെ സ്‌റ്റൈല്‍ അദ്ദേഹത്തെ വിട്ട് പോയിട്ടില്ലെന്ന് ജയിലര്‍ കണ്ടവരെല്ലാം ഒരേ ശബ്ദത്തില്‍ പറയുന്നു.
ജയിലര്‍ കേരളത്തിലും വലിയ വിജയമായി മാറിയിരിക്കുകയാണ്. ജയിലറിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചൊരു ഘടകമാണ് ചിത്രത്തിലെ അതിഥി വേഷങ്ങള്‍. മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലും കന്നഡ സിനിമയുടെ സൂപ്പര്‍ താരം ശിവരാജ്കുമാറും തങ്ങളുടെ മിനുറ്റുകള്‍ മാത്രമുള്ള അതിഥി വേഷങ്ങളിലൂടെ ജയിലറിനെ മറ്റൊരു തലത്തിലേക്ക് തന്നെ എത്തിച്ചിരിക്കുകയാണ്.
മോഹന്‍ലാലിന്റെ ജയിലറിലെ വേഷം കണ്ട ആരാധകര്‍ പറയുന്നത് ഇതുപോലൊരു ഇന്‍ട്രോയും ഗെറ്റപ്പും ഷോട്ടുമൊന്നും സമീപകാലത്ത് മലയാളത്തില്‍ പോലും മോഹന്‍ലാലിന് കിട്ടിയിട്ടില്ല എന്നതാണ്. മലയാള സിനിമ മോഹന്‍ലാലിനെ സത്യത്തില്‍ ഉപയോഗിക്കാന്‍ മറന്നിരിക്കുകയാണെന്ന് പോലും വിമര്‍ശകര്‍ പറയുന്നു. അത്രത്തോളമുണ്ട് ജയിലറില്‍ മോഹന്‍ലാല്‍ തീര്‍ത്ത തരംഗം.
ഇപ്പോഴിതാ ജയിലറില്‍ മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ നെല്‍സണ്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. മോഹന്‍ലാല്‍ സ്വാഭാവികമായി മാത്രം അഭിനയിക്കുന്ന ഒരു നടനാണെന്നാണ് നെല്‍സണ്‍ പറയുന്നത്.
”അദ്ദേഹത്തിന്റെ ഒരു സീന്‍ എടുക്കുന്നതിന് ഇടയില്‍ പെട്ടെന്ന് അദ്ദേഹം കട്ട് വിളിച്ചു. എന്താണ് കാര്യമെന്നു പിടികിട്ടിയില്ല. ഇത് ടേക്കായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു. അതെ എന്ന് ഞാന്‍ മറുപടി പറഞ്ഞു. സത്യത്തില്‍ ലാല്‍ സര്‍ അത് റിഹേഴ്സലാണെന്നാണ് കരുതിയത്. അദ്ദേഹം അഭിനയിക്കുകയാണോ റിഹേഴ്‌സല്‍ എടുക്കുകയാണോ എന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. അത്രയ്ക്കു സ്വാഭാവികതയോടെയാണ് അദ്ദേഹം അഭിനയിക്കുന്നത്. ബ്രില്യന്റ് നടനാണ് ലാല്‍ സാറെന്ന് അപ്പോള്‍ കണ്ടിരുന്നവരൊക്കെ പറഞ്ഞു” നെല്‍സണ്‍ പറയുന്നു.
എക്‌സട്രാ ഓര്‍ഡിനറി നടനാണ് അദ്ദേഹം. അതൊന്നും ഞാന്‍ പറയേണ്ട കാര്യമില്ല, അദ്ദേഹത്തിന്റെ പ്രകടനം കാണുന്നവര്‍ക്കൊക്കെ അത് അറിയാമെന്നും നെല്‍സണ്‍ പറയുന്നു. എനിക്കും വലിയൊരു എക്‌സപീരിയന്‍സ് ആയിരുന്നു അത്. നമുക്കെന്താണോ വേണ്ടത് അത് ലൈറ്റായിട്ട് അദ്ദേഹത്തിനോട് പറഞ്ഞാല്‍ മതി. അത് നമ്മുടെ പ്രതീക്ഷകള്‍ക്കും അപ്പുറം ചെയ്തുവയ്ക്കും ലാല്‍ സാര്‍ എന്നാണ് സംവിധായകന്‍ അഭിപ്രായപ്പെടുന്നത്.
ഭയങ്കര സിംപിളായ ഒരു നല്ല മനുഷ്യനാണ് അദ്ദേഹം. എപ്പോഴും ഉത്സാഹവാനായിരിക്കും. എന്നിട്ട് ചുറ്റുപാടും ഉള്ളവരിലേക്കും ആ പോസിറ്റീവ് എനര്‍ജി പകരും. അസിസറ്റന്റ്് ഡയറക്ടര്‍ മുതല്‍ എല്ലാ സാങ്കേതിക പ്രവര്‍ത്തകരെയും വളരെ കംഫര്‍ട്ടബിളാക്കി നിര്‍ത്തുന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത എന്നും നെല്‍സണ്‍ പറയുന്നു. ചിത്രത്തില്‍ മാത്യു എന്ന ഡോണ്‍ ആയാണ് മോഹന്‍ലാല്‍ എത്തുന്നത്.മോഹന്‍ലാലും രജനീയും ഒരുമിച്ചുള്ള കോമ്പോയും ക്ലൈമാക്‌സ് രംഗങ്ങളുമൊക്കെ കയ്യടി നേടുകയാണ്.
ജയിലറില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലൂടെ കയ്യടി നേടുമ്പോള്‍ രജനിക്കൊപ്പം നില്‍ക്കുന്ന വില്ലനായി തകര്‍ത്താടുന്നത് വിനായകന്‍ ആണ്. വിനായകന്റെ കരിയറിലെ ഏറ്റവും വലിയ വേഷങ്ങളിലൊന്നായിരിക്കും ജയിലറിലേത് എന്നുറപ്പാണ്.