കൊച്ചി:മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ഗായികമാരില്‍ ഒരാളാണ് സുജാത. ഇന്നും ആ ശ്ബദത്തിന് യാതൊരു കോട്ടവും വന്നിട്ടില്ല. കാലമെത്ര കഴിഞ്ഞിട്ടും ആ ശബ്ദം കേട്ട് മതിയായിട്ടില്ല. മലയാളികളുടെ സന്തോഷത്തിനും സങ്കടത്തിനുമെല്ലാം കൂട്ടിരിക്കാന്‍ ആ ശബ്ദം ഇപ്പോഴും എത്തിക്കൊണ്ടിരിക്കുകയാണ്. പാട്ടിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലെ തന്റെ പെരുമാറ്റത്തിലൂടേയും സുജാത ആരാധകരെ നേടിയെടുത്തിട്ടുണ്ട്.
സംഗീത റിയാലിറ്റി ഷോകളിലെ വിധികര്‍ത്താവായി മിനിസ്‌ക്രീനിലും സുജാത സാന്നിധ്യമറിയിച്ചിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം സുജാത പാട്ടുപാടി കയ്യടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ അമ്മയുടെ പാതയിലൂടെ ഗായികയായി മാറിയ മകള്‍ ശ്വേത മോഹന്‍ സംഗീത ലോകത്ത് വലിയ താരമായി മാറിയിരിക്കുകയാണ്. സംഗീത ലോകത്ത് പകരക്കാരില്ലാത്തവരാണ് ഈ അമ്മയും മകളും ഇന്ന്.
ആരാധകര്‍ക്ക് സുപരിചിതമാണ് സുജാതയുടെ കുടുംബം. ഒരിക്കല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ സുജാതയും മോഹനും തങ്ങളുടെ വിവാഹത്തെ കുറിച്ച് സംസാരിച്ചിരുന്നു. ഇപ്പോഴിതാ ആ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. തങ്ങള്‍ ആദ്യമായി കാണുമ്പോള്‍ സുജാതയ്ക്ക് വെറും ഏഴ് വയസായിരുന്നു. മോഹന് ആകട്ടെ 19 വയസും. അന്ന് തന്നെ അങ്കിള്‍ എന്ന് വിളിച്ചു വന്ന ആ കുട്ടിയാണ് പിന്നീട് തന്റെ ഭാര്യയായി മാറിയതെന്നാണ് മോഹന്‍ പറയുന്നത്.
ചെമ്പൈ സ്വാമിയുടെ കുടുംബവുമായി അടുപ്പമുള്ളവരാണ് മോഹനും കുടുംബവും. അദ്ദേഹം കച്ചേരിക്കൊക്കെ വരുമ്പോള്‍ മോഹന്റെ വീട്ടിലായിരന്നു തങ്ങിയിരുന്നത്. അങ്ങനെ ഒരു കച്ചേരിക്ക് വന്നപ്പോള്‍ ചെമ്പൈ സ്വാമിയ്ക്കൊപ്പം മോഹനും പോയി. ആ ചടങ്ങില്‍ യേശുദാസും ഉണ്ടായിരുന്നു. അവിടെ വച്ചാണ് ഏഴ് വയസുകാരിയായ സുജാതയെ യേശുദാസ് പരിചയപ്പെടുത്തുന്നത്.
പിന്നീടും സുജാതയെ പലവട്ടം കണ്ടു. എന്നാല്‍ അന്ന് സുജാത ചെറിയ കുട്ടിയായിരുന്നു. അതിനാല്‍ പ്രണയമൊന്നും ഉണ്ടായിരുന്നില്ല. തന്നെ അങ്കിള്‍ എന്ന് വിളിച്ചിരുന്നുവെന്നും മോഹന്‍ പറയുന്നു. കാലങ്ങള്‍ക്ക് ശേഷം മോഹനും സുജാതയും തമ്മിലുള്ള വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്തന് ചെമ്പൈ സ്വാമിയായിരുന്നു. അദ്ദേഹം യേശുദാസിനോട് എന്തുകൊണ്ട് നിന്റെ കൂടെ പാടുന്ന കുട്ടിയെ മോഹന് വേണ്ടി ആലോചിച്ചുകൂടാ എന്ന് ചോദിക്കുകയായിരുന്നു.
ചെറിയ കുട്ടിയാണെന്ന് യേശുദാസ് ചോദിച്ചുവെങ്കിലും സ്വാമിയുടെ ആഗ്രഹപ്രാകരം ആ ആലോചന മുന്നോട്ട് പോവുകയായിരുന്നു. വീട്ടുകാര്‍ തമ്മിലായി ആലോചന. അങ്ങനെ വിവാഹ നിശ്ചയം നടന്നു. അന്ന് സുജാതയുട പ്രായം പതിനേഴായിരുന്നു. ഒരു വര്‍ഷം കഴിഞ്ഞ് സുജാതയ്ക്ക് 18 വയസ് ആയപ്പോഴായിരുന്നു വിവാഹം. വിവാഹം കഴിക്കുമ്പോള്‍ സുജാത പീഡിഗ്രിയില്‍ പഠിക്കുകയായിരുന്നു. വിവാഹ ശേഷമാണ് പഠനം പൂര്‍ത്തിയാക്കുന്നത്.
വിവാഹ ശേഷം സംഗീത ലോകത്തോട് വിട പറയാനും വീട്ടമ്മയായി ഒതുങ്ങാനുമായിരുന്നു സുജാത ആഗ്രഹിച്ചിരന്നു. എന്നാല്‍ മോഹനും കുടുംബവും വീണ്ടും പാടാന്‍ നിര്‍ബന്ധിച്ചു. സംഗീതം എന്നത് മോഹന്റെ കുടുംബത്തിന് വളരെ പ്രധാനപ്പെട്ടതായിരുന്നു. അങ്ങനെ സുജാത സംഗീതത്തിലേക്ക തന്നെ തിരികെയെത്തി. ഗര്‍ഭിണിയായപ്പോഴാണ് സുജാത ഇടവേളയെടുക്കുന്നത്. രണ്ട് തവണ അബോര്‍ഷനും മറികടക്കേണ്ടി വന്നിരുന്നു. അത് തന്നെ മാനസികമായി തളര്‍ത്തിയ അനുഭവമായിരുന്നുവെന്നാണ് സൂജാത പറയുന്നത്.
കുഞ്ഞുങ്ങള്‍ എന്റെ വീക്ക്‌നെസ് ആയിരുന്നു. പാട്ടൊക്കെ അതിന് ശേഷം മതി എന്ന് വിചാരിച്ച് മൂന്നാം വട്ടം ഗര്‍ഭിണി ആയപ്പോള്‍ 9 മാസവും ഞാന്‍ ബെഡ് റെസ്റ്റില്‍ ആയിരുന്നു. ആ കുഞ്ഞാണ് ശ്വേത. ശ്വേതയെ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ 9 മാസം ആയപ്പോള്‍ ഞാന്‍ ഒരു കച്ചേരി കേള്‍ക്കാന്‍ പോയി. പ്രസവത്തിന് 21 ദിവസം കൂടി ഉണ്ടായിരുന്നു. ഇനി ചെറുതായി പുറത്തേക്കൊക്കെ പോവാമെന്ന് ഡോക്ടര്‍ പറഞ്ഞു. അന്ന് ദാസേട്ടന്‍, സുശീലാമ്മ, ജയന്‍ ചേട്ടന്‍ തുടങ്ങി എല്ലാവരുമുള്ള കച്ചേരി ആയിരുന്നു. അത് കേട്ട് അടുത്ത ദിവസം കുഞ്ഞ് ജനിച്ചുവെന്നാണ് സുജാത പറഞ്ഞത്.