ഭോപ്പാൽ: ലിവ് ഇൻ ബന്ധങ്ങൾ അവസാനിപ്പിക്കുമ്പോൾ സ്ത്രീകൾക്ക് ജീവനാംശത്തിന് അർഹതയുണ്ടെന്ന് മദ്ധ്യപ്രദേശ് ഹൈക്കോടതി. നിയമപരമായി വിവാഹിതരല്ലെങ്കിലും നിശ്ചിതകാലം പുരുഷനൊപ്പം താമസിച്ച ശേഷം വേർപിരിയുന്ന സ്ത്രീകൾക്ക് ജീവനാംശം ലഭിക്കാൻ അർഹതയുണ്ടെന്നാണ് കോടതിയുടെ വിധി.
ലിവ് ഇൻ റിലേഷൻഷിപ്പിൽ ഏർപ്പെട്ടിരുന്ന സ്ത്രീക്ക് പ്രതിമാസം 1,500 രൂപ നൽകണമെന്ന കീഴ്‌ക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ഒരാൾ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ സുപ്രധാന വിധി. ഇരുവരും ഒന്നിച്ച് താമസിച്ചതിന് തെളിവുണ്ടെങ്കിൽ ജീവനാംശം നിഷേധിക്കാനാവില്ലെന്ന് ജഡ്ജിമാർ ഊന്നിപ്പറഞ്ഞു.
സ്ത്രീയും പുരുഷനും ഭാര്യാഭർത്താക്കന്മാരെപ്പോലെയാണ് കഴിഞ്ഞിരുന്നതെന്ന വിചാരണ കോടതിയുടെ കണ്ടെത്തൽ ഹൈക്കോടതി ഉദ്ധരിച്ചു. കൂടാതെ ബന്ധത്തിൽ ഒരു കുട്ടിയുള്ള സ്ഥിതിക്ക് സ്ത്രീയ്ക്ക് ജീവനാംശത്തിന് അർഹതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഫെബ്രുവരിയിൽ ഉത്തരാഖണ്ഡ് സർക്കാർ കൊണ്ടുവന്ന ഏകീകൃത സിവിൽ കോഡ് ബില്ലിലും ലിവ് ഇൻ ബന്ധങ്ങളെക്കുറിച്ചുള്ള പരാമർശമുണ്ടായിരുന്നു. ലിവ് ഇൻ ബന്ധങ്ങളുടെ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിരുന്നു. കൂടാതെ 21 വയസിന് താഴെയുള്ളവരാണെങ്കിൽ മാതാപിതാക്കളുടെ സമ്മതം വേണമെന്നും ബില്ലിലുണ്ടായിരുന്നു.