കൊച്ചി:മിനിസ്ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതയായ നടിയാണ് സ്വാസിക. സിനിമയിലും സീരിയലിലും സജീവമാണ് താരം. സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് എത്തിയതെങ്കിലും ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് സ്വാസിക താരമായി മാറിയത്. സീത എന്ന പരമ്പരയിലെ കഥാപാത്രത്തിലൂടെയാണ് താരം ജനപ്രീതി നേടിയത്.
പിന്നീട് സിനിമയിൽ നിന്നുൾപ്പെടെ മികച്ച അവസരങ്ങൾ സ്വാസികയെ തേടി എത്തുകയായിരുന്നു. അതിനിടെ വാസന്തി എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സ്വാസികയെ തേടിയെത്തിയിരുന്നു. ഇന്ന് മലയാളത്തിലെ തിരക്കുള്ള നടിമാരിൽ ഒരാളാണ് സ്വാസിക എന്ന് വേണമെങ്കിൽ പറയാം. നടി അഭിനയിച്ച നിരവധി ചിത്രങ്ങളാണ് അടുത്തിടെ പുറത്തിറങ്ങിയത്.
കുമാരി, ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ, ചതുരം എന്നിങ്ങനെ സ്വാസികയുടെ മൂന്ന് സിനിമകളാണ് ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നത്. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെയാണ് സ്വാസിക അവതരിപ്പിച്ചിരിക്കുന്നത്. റോഷൻ മാത്യു ആണ് നായകൻ. മികച്ച പ്രതികരണമാണ് സ്വാസികയുടെ കഥാപാത്രത്തിന് ലഭിക്കുന്നത്.
ഇപ്പോഴിതാ, തനിക്ക് മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി തന്ന വാസന്തി എന്ന ചിത്രത്തെ കുറിച്ചും. പുരസ്കാര വാർത്ത ടിവിയിൽ കണ്ടപ്പോഴുള്ള അനുഭവത്തെ കുറിച്ചും പറയുകയാണ് സ്വാസിക. വനിതയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
‘ഞാൻ ആ സമയത്ത് സിനിമകൾ ഒന്നും ചെയ്യുന്നുണ്ടായിരുന്നില്ല. കട്ടപ്പനയിലെ ഹൃതിക് റോഷൻ സിനിമയുടെ ഷൂട്ട് നടക്കുമ്പോഴാണ് സിജു എന്റെ അടുത്ത് ഇങ്ങനെയൊരു കഥയുണ്ടെന്നും ഇങ്ങനൊരു ടീം ആണെന്നും പറയുന്നത്. അതിന്റെ ഷൂട്ട് കഴിഞ്ഞ് കുറച്ചു നാളുകൾക്ക് ശേഷമാണ് ഇവർ എന്നെ വിളിക്കുന്നത്,’
‘ഇതൊരു ഓഫ് ബീറ്റ് സിനിമ ആണെന്ന് അറിയാമെങ്കിലും ആ സ്ക്രിപ്റ്റിലൂടെയുള്ള യാത്ര രസകരമായി എനിക്ക് തോന്നി. വലിയ തിരക്ക് ഒന്നുമില്ല അപ്പോൾ എന്ത് കൊണ്ട് ഈ സിനിമ ചെയ്തൂട എന്നെനിക്ക് തോന്നി. സിനിമയുടെ റിലീസോ ഹിറ്റാവുമോ എന്നൊന്നും നോക്കിയല്ല ഒരു സിനിമ കമ്മിറ്റ് ചെയ്യുന്നത്. നമുക്ക് ഒരു ഇഷ്ടം തോന്നുന്ന സിനിമകൾ കമ്മിറ്റ് ചെയ്യുന്നു എന്നതാണ്,’
‘തീയേറ്റർ പഠിച്ചവരായിരുന്നു അണിയറപ്രവത്തകർ. അപ്പോൾ അവരോടൊപ്പം പ്രവർത്തിക്കുന്ന ഒരു അനുഭവം കിട്ടട്ടെ എന്ന് കൂടി വിചാരിച്ചു. പിന്നെ സിജു സിനിമയെ കുറിച്ചും സംവിധയകനെ കുറിച്ചൊക്കെ കുറെ കാര്യങ്ങൾ പറഞ്ഞിരുന്നു,’
‘സിനിമ കഴിഞ്ഞ് രണ്ടു വർഷം കഴിഞ്ഞിട്ടാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഒക്കെ ലഭിക്കുന്നത്. സിനിമ കഴിഞ്ഞിട്ട് അത് റിലീസ് ആവാത്തതിന്റെ വിഷമത്തിൽ ഒക്കെ ആയിരുന്നു. അങ്ങനെ ഇരിക്കുമ്പോൾ ആണ് അവാർഡിന് അയച്ചിണ്ടെന്ന് സംവിധായകൻ പറഞ്ഞത്. ഫെസ്റ്റിവൽ സിനിമ ആയത് കൊണ്ട് അത് സ്വാഭാവികം ആയിരുന്നു,’
‘അവാർഡ് അന്നൗൻസ് ചെയ്യുന്ന ദിവസം ഒരു സാധാരണ പ്രേക്ഷക എന്ന പോലെ ഞാൻ ടിവി വെച്ച് നോക്കി. അപ്പോൾ സ്ക്രോളിൽ ആദ്യം തന്നെ മികത സിനിമ വാസന്തി എന്ന് കണ്ടപ്പോൾ തന്നെ ഭയങ്കര സന്തോഷം തോന്നി. കാരണം ഈ സിനിമ എടുത്ത ബുദ്ധിമുട്ട് നമ്മുക്ക് അറിയാം. നോർമൽ ഒരു സിനിമ പോലെ ആയിരുന്നില്ല ഇത്. വലിയ ക്രൂവോ. പ്രൊഡക്ഷൻ വണ്ടികളോ ഒന്നുമില്ല. സിജുവിന്റെ അമ്മ പൊതിഞ്ഞു തരുന്ന ഭക്ഷണം ആണ് സെറ്റിൽ കഴിച്ചിരുന്നെ. അങ്ങനെ എടുത്ത സിനിമയാണ്,’
‘ആ സ്ക്രോൾ കണ്ട ഉടനെ ഞാൻ സംവിധായകനെ വിളിക്കാൻ നോക്കി. കിട്ടിയില്ല അപ്പോൾ അടുത്ത സ്ക്രോൾ മികച്ച സഹനടി സ്വാസിക എന്ന് എന്റെ കയ്യിൽ നിന്ന് ഫോൺ താഴെ പോയി. അയ്യോ എന്ന് പറഞ്ഞ് ശബ്ദം വെച്ച്. ഇതൊന്നും പ്രതീക്ഷിക്കുന്നില്ലായിരുന്നു. ഞാനാ ആണെങ്കിൽ ഒരു ഹോട്ടൽ റൂമിൽ. ആരും അടുത്തില്ല. വിളിച്ചിട്ട് ആരെയും കിട്ടുന്നുമില്ല. വാർത്ത ഉറപ്പിക്കാൻ രണ്ടു മൂന്ന് ചാനൽ ഒക്കെ മാറ്റി നോക്കി. അത് എല്ലാവർക്കും സർപ്രൈസിങ് ആയിരുന്നു,’ സ്വാസിക പറഞ്ഞു.