സിനിമയില്‍ അഭിനയിക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ കാശിന്റെ പേരില്‍ മാത്രം വേണ്ടെന്ന് വെയ്ക്കാറില്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. കുടുക്ക് എന്ന സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിന്റെ സമയത്ത് പ്രതിഫലം ലഭിച്ചില്ലെങ്കില്‍ പോലും ജോലിയെടുക്കാന്‍ തയ്യാറായ ഒരുപാട് ആളുകളുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഷൈനിന്റെ വാക്കുകള്‍
ജയിയില്‍ കിടന്ന സമയത്ത് ഒരാള്‍ പോലും ഇനി സിനിമയിലേക്ക് വിളിക്കുകയില്ല എന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നെ സംബന്ധിച്ച് ഒരാള്‍ അവസരം നല്‍കുന്നത് വലിയ സന്തോഷം നല്‍കുന്ന കാര്യമാണ്. ഒരിക്കല്‍ പോലും ഞാന്‍ കാശിന്റെ പേരില്‍ സിനിമയില്‍ അഭിനയിക്കാതിരിക്കുകയില്ല. കോവിഡ് കാലത്ത് എത്ര പേരാണ് പണമില്ലാതെ ജോലി ചെയ്തത്. പൈസ വേണ്ട ജോലി മതി എന്നാണ് പറഞ്ഞിരുന്നത്. ജോലിയില്ലെങ്കില്‍ നിരാശയായിപ്പോകും. എനിക്ക് അറിയാവുന്ന ഒരേ ഒരു ജോലി അഭിനയമാണ്. പ്രധാനമന്ത്രിയാക്കാം എന്ന് പറഞ്ഞാലും ഞാന്‍ വരില്ല.
മമ്മൂട്ടിയ്ക്ക് സിനിമയോടുള്ള അര്‍പ്പണബോധത്തെക്കുറിച്ചും ഷൈന്‍ അനുഭവം പങ്കുവെച്ചു.
പലരും ഒന്നുരണ്ടു സിനിമകള്‍ ചെയ്താല്‍ ലോകം ചുറ്റാനൊക്കെ പോകും. എന്നാല്‍ മമ്മൂക്ക സെറ്റില്‍ നിന്ന് സെറ്റിലേക്ക് യാത്ര ചെയ്യുകയാണ്. ഇപ്പോഴും അദ്ദേഹം അഭിനയിക്കുന്നുണ്ടെങ്കില്‍ സിനിമയോടുള്ള അടങ്ങാത്ത ആഗ്രഹമാണ്. ‘ഉണ്ട’ എന്ന സിനിമ ചെയ്യുന്ന സമയത്ത് ഖാലിദ് റഹ്മാന്‍ മമ്മൂക്ക ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ഷോട്ടിന് വിളിച്ചു. അദ്ദേഹം അപ്പോള്‍ തന്നെ ഭക്ഷണം മതിയാക്കി നിര്‍ത്തിപ്പോയി.