ന്യൂഡൽഹി: സ്വകാര്യ നയം നടപ്പാക്കുന്നത് വാട്ട്സ്ആപ്പ് മേയ് മാസം 15 വരെ നീട്ടിവച്ചു. രാജ്യാന്തര തലത്തിലെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം. തെറ്റിദ്ധാരണകൾ മാറ്റാൻ നടപടി എടുക്കമെന്ന് കമ്പനി അറിയിച്ചു. വ്യക്തിഗത സന്ദേശങ്ങൾ എല്ലായ്പ്പോഴും എൻക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്നും അത് സ്വകാര്യമായി തുടരുമെന്നും വാട്ട്സ്ആപ്പ് പറയുന്നു. ഫേസ്ബുക്കുമായി ഡാറ്റ പങ്കിടുന്ന രീതി പുതിയതല്ലെന്നും ഇത് വിപുലീകരിക്കാൻ പോകുന്നില്ലെന്നും കമ്പനി കൂട്ടിച്ചേർത്തു.
വിവരങ്ങൾ കൈമാറുമെന്ന വാട്സ്ആപ്പിന്റെ പുതിയ നയം പ്രഖ്യാപിച്ചതോടെ വാട്സ്ആപ്പിൽനിന്ന് കൂട്ടപ്പലായനം നടന്നിരുന്നു. സിഗ്നൽ, ടെലിഗ്രാം മുതലായ പ്ലാറ്റ്ഫോമുകളിലേക്കാണ് ആളുകൾ കൂട്ടത്തോടെ മാറിയത്. ഇതോടെ സ്വകാര്യ നയം നടപ്പാക്കുന്നത് വാട്ട്സ്ആപ്പ് നീട്ടിവയ്ക്കുകയായിരുന്നു.സ്വകാര്യ വിവരങ്ങൾ ചോർത്തില്ലെന്നു വാട്ട്സ്ആപ്പ് വിവാദം മുറുകിയതിനു പിന്നാലെ അറിയിച്ചിരുന്നു. ആർക്കു സന്ദേശം അയയ്ക്കുന്നുവെന്നോ സന്ദേശത്തിലെ വിവരങ്ങൾ എന്താണെന്നോ മറ്റാർക്കും നൽകില്ല. ഇക്കാര്യങ്ങളിൽ സ്വകാര്യതയുണ്ടാകുമെന്ന് വാട്ട്സ്ആപ്പ് അറിയിച്ചു.
ഫോണ് നന്പറോ വാട്ട്സ്ആപ്പ് വരിക്കാർ എവിടേക്കെല്ലാം പോകുന്നുവെന്നോ ഉള്ള വിവരങ്ങൾ ഫേസ് ബുക്കിനോ മറ്റുള്ളവർക്കോ ചോർത്തിനൽകില്ലെന്നും വാട്സ് ആപ് വിശദീകരിക്കുന്നു. ബിസിനസ് ചാറ്റുകളിലെ ബിസിനസ് സംബന്ധമായ വിവരങ്ങൾ മാത്രമേ കൈമാറുകയുള്ളൂവെന്നാണു വാട്സ്ആപ്പിന്റെ പുതിയ വിശദീകരണം. വാട്ട്സ്ആപ്പിലെ പോലെ സമാന സേവനങ്ങൾ നൽകുന്ന സിഗ്നൽ ആപ്പിലേക്ക് ആയിരക്കണക്കിന് ആളുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പലായനം ചെയ്തത്.