ഇന്ത്യയില്‍ 17 ലക്ഷം വാട്സ്ആപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചു
ന്യൂഡല്‍ഹി: നവംബറില്‍ 17 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചതായി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഇക്കാലത്ത് 602 പരാതികളാണ് ലഭിച്ചതെന്നും വാട്സ്ആപ്പ് വ്യക്തമാക്കി. പുതിയ ഐടി നിയമം അനുസരിച്ചാണ് വാട്സ്ആപ്പ് കണക്കുകള്‍ പുറത്തുവിട്ടത്. ഐടി നിയമം അനുസരിച്ച് മാസംതോറും കണക്കുകള്‍ പുറത്തുവിടണം.
ആറാമത്തെ പ്രതിമാസ റിപ്പോര്‍ട്ടിലാണ് നവംബറിലെ കണക്കുകള്‍ ഉള്‍പ്പെടുന്നത്. ഉപയോക്താവിന്റെ സുരക്ഷ കണക്കിലെടുത്താണ് പതിവായി റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ഉപയോക്താവ് നല്‍കുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാട്സ്ആപ്പ് ദുരുപയോഗം ചെയ്യുന്നത് തടയുകയാണ് ലക്ഷ്യമെന്ന് വാട്സ്ആപ്പ് വക്താവ് അറിയിച്ചു.
വാട്ട്‌സ്ആപ്പ് കഴിഞ്ഞ ദിവസം പുതിക ഫീച്ചറുകള്‍ ആഡ് ചെയ്തിരുന്നു. വാട്‌സ്ആപ്പിലെ ഏറെ പ്രശസ്തമായ പ്രത്യേകതയാണ് വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ്. എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ഫീച്ചര്‍ എന്ന നിലയില്‍ സ്വന്തം ഇഷ്ടങ്ങളും ഫോട്ടോകളും ലോകത്തെ കാണിക്കാന്‍ എല്ലാവരും ഇത് തിരഞ്ഞെടുക്കും. ഇപ്പോള്‍ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസില്‍ പുതിയ മാറ്റങ്ങള്‍ ആവിഷ്‌കരിക്കാന്‍ ഫേസ്ബുക്ക് മാതൃകമ്പനി മെറ്റയുടെ കീഴിലുള്ള വാട്ട്‌സ്ആപ്പ് തയ്യാറെടുക്കുകയാണ്.
ഇതില്‍ പ്രധാനം വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ഇടാന്‍ എടുക്കുന്ന വീഡിയോ അല്ലെങ്കില്‍ സന്ദേശം സ്റ്റാറ്റസ് ആക്കുന്നതിനൊപ്പം തന്നെ അല്ലെങ്കില്‍ ഡയറക്ട് സന്ദേശമായി ആര്‍ക്കെങ്കിലും അയക്കാമെന്നതാണ് പുതിയ പ്രത്യേകത. വാട്ട്‌സ്ആപ്പ് സംബന്ധിച്ച് പ്രത്യേകതകള്‍ പുറത്തുവിടുന്ന വാട്ട്‌സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് ഈ കാര്യം സ്‌ക്രീന്‍ ഷോട്ട് അടക്കം പുറത്തുവിട്ടത്. ഇപ്പോള്‍ പരീക്ഷണഘട്ടത്തിലാണ് ഈ പ്രത്യേകത. എന്നാല്‍ വാട്ട്‌സ്ആപ്പിന്റെ 2.21.24.11 ബീറ്റ ആന്‍ഡ്രോയ്ഡ് പതിപ്പില്‍ ഇത് ലഭിക്കും.
അതേസമയം വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ അംഗങ്ങള്‍ കുറ്റകരമായ മെസേജുകള്‍ അയക്കുകയാണെങ്കില്‍ അതിന് ഗ്രൂപ്പിന്റെ അഡ്മിന്‍ ഉത്തരവാദിയാകില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം കേസുകളില്‍ അഡ്മിന്‍ വിചാരണ നേരിടേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. മധുര ബെഞ്ചിന്റേതാണ് വിധി. ‘കാരൂര്‍ ലോയേഴ്സ്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനും ഹരജിക്കാരനുമായ അഭിഭാഷകന്‍ ആര്‍ രാജേന്ദ്രന്റെ ഹര്‍ജിയിലാണ് കോടതി വിധി. തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. രണ്ട് സമുദായങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കുന്ന തരത്തിലുള്ള ഉള്ളടക്കം പച്ചൈയപ്പന്‍ എന്നയാള്‍ പോസ്റ്റ് ചെയ്തു എന്നാരോപിച്ച് ഇതേ ഗ്രൂപ്പിലെ മറ്റൊരു അഭിഭാഷകനാണ് ഹര്‍ജി നല്‍കിയത്.
തുടര്‍ന്ന് പച്ചൈയപ്പനും ഗ്രൂപ്പ് അഡ്മിനായ രാജേന്ദ്രനുമെതിരെ കാരൂര്‍ പൊലീസ് കേസെടുക്കുകയായിരുന്നു. ഗ്രൂപ്പിന്റെ അഡ്മിനിസ്ട്രേറ്റര്‍ എന്ന സ്ഥാനം മാത്രമാണ് രാജേന്ദ്രന് ഉണ്ടായിരുന്നതെങ്കില്‍, മെസേജ് പോസ്റ്റ് ചെയ്ത സംഭവത്തില്‍ അദ്ദേഹത്തിന് പങ്കില്ലെങ്കില്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്നാണ് കോടതി ഉത്തരവിട്ടത്. ഇതേ വിഷയത്തില്‍ ഈ വര്‍ഷമാദ്യം ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ഉദ്ധരിച്ചായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധി. അതേസമയം രാജേന്ദ്രനെതിരെ മറ്റ് തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസിന് സാധിക്കുകയാണെങ്കില്‍ ഇദ്ദേഹത്തെ ഉള്‍പ്പെടുത്തി കേസെടുത്ത് മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി.
2020 ആഗസ്തിലാണ് പച്ചൈയപ്പനും രാജേന്ദ്രനുമെതിരെ പൊലീസ് കേസെടുത്തത്. മെസേജ് അയച്ചതിനെ തുടര്‍ന്ന് പച്ചൈയപ്പനെ ആദ്യം ഗ്രൂപ്പില്‍ നിന്ന് നീക്കം ചെയ്തിരുന്നെങ്കിലും പിന്നീട് തിരിച്ചെടുക്കുകയായിരുന്നു. പച്ചൈയപ്പനും രാജേന്ദ്രനും തമ്മില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ഗ്രൂപ്പിലെ മറ്റൊരു അഭിഭാഷകന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഗ്രൂപ്പ് അഡ്മിന് അംഗം പോസ്റ്റ് ചെയ്ത മെസേജ് സംബന്ധിച്ച് നേരത്തെ അറിവില്ലെങ്കില്‍, പോസ്റ്റിന് സമ്മതം നല്‍കുന്ന ഇടപെടല്‍ അഡ്മിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെങ്കില്‍ അഡ്മിന്‍ കുറ്റക്കാരനല്ല എന്നാണ് കോടതി വ്യക്തമാക്കിയത്. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലെ ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്റെ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്.