കൊച്ചി : ഫോർട്ടുകൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ പൊലീസ് ബാലിസ്റ്റിക് വിദഗ്ധരുടെ സഹായം തേടി. നാവികസേനാ കേന്ദ്രത്തിൽ നിന്നാണോ വെടിയുതിർത്തതെന്നാണ് നിലവിൽ പരിശോധിക്കുന്നത്. ഫോർട്ടുകൊച്ചി തീരത്തുനിന്ന് ഒന്നരകിലോമീറ്റർ മാറി കടലിൽവെച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിലാണ് ആയുധ വിദഗ്ധരുടെ സഹായത്തോടെ കോസ്റ്റൽ പൊലീസ് അന്വേഷിക്കുന്നത്. നാവികസേനയാണ് വെടിവെച്ചതെന്നായിരുന്നു മത്സ്യത്തൊഴിലാളികൾ ആരോപിച്ചത്. എന്നാൽ ബോട്ടിൽ നിന്ന് കിട്ടിയ വെടിയുണ്ട പരിശോധിച്ചശേഷം ഇത് തങ്ങളുടേതല്ലെന്ന് നേവി തറപ്പിച്ച് പറഞ്ഞതോടെയാണ് പൊലീസിന് തലവേദനയായത്.
നിലവിൽ ഫോർട്ടുകൊച്ചിയിലെ നാവിക പരിശീലന കേന്ദ്രമായ ഐ എൻ എസ് ദ്രോണാചാര്യയെ കേന്ദ്രീകരിച്ചുതന്നെയാണ് പൊലീസ് അന്വേഷണം തുടരുന്നത്. മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ ഉച്ചയ്ക്ക് 12മണിക്ക് നാവിക കേന്ദ്രത്തിൽ ഫയറിങ് പ്രാക്ടീസ് നടന്നതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. കരയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ വെടിയുണ്ട പതിക്കണമെങ്കിൽ ഇൻസാസ്, എകെ 47 പോലുളള തോക്കുകളിൽ നിന്നാകാം എന്നാണ് നിഗമനം.
അതുറപ്പിക്കാനാണ് ബാലിസ്റ്റിക് വിദഗ്ധരുടെ സഹായം തേടിയിരിക്കുന്നത്. ബോട്ടിൽ നിന്ന് കിട്ടിയ ബുളളറ്റ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുന്നുണ്ട്. സംഭവം നടന്ന കടൽഭാഗത്തും ബോട്ടിലും പൊലീസ് പരിശോധന നടത്തി. നാവിക കേന്ദ്രത്തിൽ നിന്നല്ല വെടിയുതിർത്തതെന്ന ഉറപ്പിച്ചശേഷമാത്രം മറ്റ് സാധ്യതകളിലേക്ക് പോയാൽ മതിയെന്നാണ് പൊലീസ് തീരുമാനം.