ഹൈദരാബാദ്:തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായിക നടിയാണ് തമന്ന. ഉത്തരേന്ത്യക്കാരിയായ തമന്ന വളരെ പെട്ടെന്നാണ് തമിഴ്, തെലുങ്ക് സിനിമകളിൽ താരമാവുന്നത്. 13 വയസ്സിൽ മോഡലിംഗിലൂടെ സിനിമാ രംഗത്തേക്ക് കടന്ന് വന്ന തമന്നയ്ക്ക് ബോളിവുഡിലല്ല സ്വീകാര്യത ലഭിച്ചത്. മറിച്ച് തമിഴിലെയും തെലുങ്കിലെയും സൂപ്പർ സ്റ്റാറുകളുടെ സിനിമകളിലാണ്.
ഡാൻസിംഗ് മികവാണ് കരിയറിൽ തമന്നയെ തുണച്ചത്. നടിയുടെ ഗാനരംഗങ്ങൾ വൻ ഹിറ്റായി. ദേവി, ഹാപ്പി ഡേയ്സ്, ബാഹുബലി തുടങ്ങി ചുരുക്കം സിനിമകളിലേ തമന്നയ്ക്ക് മികച്ച വേഷങ്ങൾ ലഭിച്ചിട്ടുള്ളൂ. അതേസമയം നവംബർ സ്റ്റോറി എന്ന സീരീസിൽ മികച്ച വേഷം നടിക്ക് ലഭിച്ചു.
സസ്പെൻസ് ത്രില്ലറായ സിനിമയിൽ കേന്ദ്ര കഥാപാത്രം തമന്നയായിരുന്നു. മുമ്പത്തേക്കാളും കരിയറിൽ സെലക്ടീവായ തമന്ന ഇപ്പോൾ വ്യത്യസ്തമായ സിനിമകളാണ് തെരഞ്ഞെടുക്കുന്നതിൽ ഭൂരിഭാഗവും. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ തമന്ന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ചെറിയ പ്രായത്തിൽ സിനിമയിലേക്ക് കടന്ന് വന്നതിനെക്കുറിച്ചും കരിയറിൽ നിലനിന്നതിനെക്കുറിച്ചും നടി സംസാരിച്ചു.
‘ഞാൻ കരിയർ തുടങ്ങിയ സമയത്ത് സൂപ്പർ സ്റ്റാറുകളും ഫാൻസുമാണുണ്ടായിരുന്നത്. മാധുരീ ദീക്ഷിത്, ശ്രീദേവി, കരിഷ്മ കപൂർ എന്നിവരായിരുന്നു എന്റെ ആരാധനാപാത്രങ്ങൾ. എനിക്ക് അവരെ പോലെയാവണമെന്നായിരുന്നു,’ തമന്ന പറഞ്ഞു. അടുത്തിടെ മയോസിറ്റിസ് ചികിത്സയ്ക്ക് ശേഷം സമാന്തയുടെ ഭംഗി പോയെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ വന്ന പോസ്റ്റിനെക്കുറിച്ചും നടി സംസാരിച്ചു.
‘പല സമയത്തും ആളുകൾ താരങ്ങളെ മാതൃകയായി കാണും. പക്ഷെ ഒരു മനുഷ്യനും എപ്പോഴും കാണാൻ ഒരു പോലെയായിരിക്കില്ല. സാമന്തയ്ക്ക് സംഭവിച്ചത് അനാവശ്യമാണ്. കൊവിഡിന് ശേഷം സമാനമായി എനിക്കും സംഭവിച്ചിട്ടുണ്ട്. മെഡിക്കൽ കണ്ടീഷനിലൂടെ കടന്ന് പോവുമ്പോൾ നമ്മുടെ ബോഡിയെ ബാധിക്കും,’ തമന്ന പറഞ്ഞു.
കൊവിഡ് ബാധിച്ച ശേഷം തമന്നയുടെ വണ്ണം കൂടിയെന്ന് സോഷ്യൽ മീഡിയയിൽ പലരും കമന്റ് ചെയ്തിരുന്നു. ഇത് തന്നെ ബാധിച്ചിരുന്നെന്ന് നടി നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്.
അടുത്തിടെയാണ് സാമന്തയ്ക്കും ഇത്തരം കമന്റുകൾ നേരിടേണ്ടി വന്നത്. ഇതിന് നടി തന്നെ മറുപടി നൽകുകയും ചെയ്തു. മാസങ്ങളോളം മരുന്ന് കഴിക്കുകയും ചികിത്സകളിലൂടെയും കടന്ന് പോയ കാര്യം നടി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷമാണ് സാമന്തയ്ക്ക് മയോസിറ്റിസ് ബാധിച്ചത്.
മാസങ്ങളായി ഇതിന്റെ ചികിത്സയിലായിരുന്നു നടി. ഏറെ നാൾ സമാന്തയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് അഭ്യൂഹം പരന്നതോടെയാണ് തന്റെ അസുഖമെന്തെന്ന് സാമന്ത തുറന്ന് പറഞ്ഞത്. ചികിത്സ ഇപ്പോഴും തുടരുന്നുണ്ട്. സിനിമകളിൽ വീണ്ടും സജീവമാവുകയാണ് നടി. സിതാഡെൽ എന്ന സീരിസിന്റെ ഷൂട്ടിംഗിന് സമാന്ത ജോയിൻ ചെയ്തു. ആക്ഷൻ രംഗങ്ങളടങ്ങിയ സീരീസാണിത്. കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് നിൽക്കവെയാണ് സമാന്തയ്ക്ക് മയോസിറ്റിസ് എന്ന അസുഖം ബാധിച്ചത്.
പേശികളെ ബാധിക്കുന്ന അപൂർവ രോഗമാണിത്. സാമന്തയ്ക്ക് ആശ്വാസ വാക്കുകളുമായി നിരവധി പേർ രംഗത്ത് വന്നിരുന്നു. ശാകുന്തളമാണ് നടിയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. മലയാളിയായ ദേവ് മോഹനാണ് സിനിമയിൽ നായകനായെത്തുന്നത്. യശോദയാണ് സാമന്തയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിൽ നടൻ ഉണ്ണി മുകുന്ദനും സിനിമയിൽ പ്രധാന വേഷം ചെയ്തിരുന്നു. സിനിമ ശ്രദ്ധിക്കപ്പെട്ടിരുന്നു.