പത്തനംതിട്ട: തനിക്കെതിരെയുള്ള തെളിവുകള്‍ എന്നവകാശപ്പെട്ട് ടി.ജി. നന്ദകുമാര്‍ പത്രസമ്മേളനത്തില്‍ രേഖകള്‍ പുറത്തുവിട്ടതിനെതിരെ പ്രതികരണവുമായി പത്തനംതിട്ടയിലെ ബി.ജെ.പി. സ്ഥാനാര്‍ഥി അനില്‍ ആന്റണി. ആരോപണങ്ങള്‍ നിഷേധിച്ച അനില്‍ ആന്റണി തിരഞ്ഞെടുപ്പിനുശേഷം നന്ദകുമാറിനെതിരേ പരാതി നല്‍കുമെന്ന് പറഞ്ഞു. പ്രതികരണത്തിനിടെ മാധ്യമങ്ങള്‍ക്കെതിരേ അനില്‍ ആന്റണി ക്ഷുഭിതനാകുകയും ചെയ്തു.
നന്ദകുമാര്‍ 2016-ല്‍ തന്നെ ഒരു കേസില്‍ കുടുക്കാന്‍ ശ്രമിച്ചിരുന്നതായി ആരോപിച്ച അനില്‍ ആന്റണി വല്ലവരുടേയും ചിത്രം പുറത്തുവട്ടതിന് താനെന്ത് വേണമെന്ന് നന്ദകുമാര്‍ പുറത്തുവിട്ട ഫോട്ടോകളെ കുറിച്ച് പ്രതികരിച്ചു. തന്നെ കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിന് സാക്ഷിയുണ്ടെന്നും അനില്‍ ആന്റണി അവകാശപ്പെട്ടു.
കേരളചരിത്രത്തില്‍ ആദ്യമായി ഒരു ഓര്‍ഗനൈസ്ഡ് ചര്‍ച്ച് ഭാരതീയ ജനതാപാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളെ പിന്തുണച്ചതായും അനില്‍ ആന്റണി പറഞ്ഞു. വേണമെങ്കില്‍ ഭാരതീയ ജനതാപാര്‍ട്ടിയുടെ ദേശീയവക്താവ് കൂടിയായ താനും കുറേ രേഖകള്‍ പങ്കുവെക്കാമെന്നും അനില്‍ ആന്റണി കൂട്ടിച്ചേര്‍ത്തു.