ന്യൂഡൽഹി:പാപ്പരാണെന്ന് ബ്രിട്ടീഷ് കോടതിയിൽ പ്രഖ്യാപിച്ച വ്യവസായി അനിൽ അംബാനിക്ക് ജഴ്സി ദ്വീപിലും ബ്രിട്ടീഷ് വെർജിൻ ഐലൻഡ്സിലും സൈപ്രസിലുമായി 18 കമ്പനികളെന്ന് ‘പാൻഡൊറ രേഖകൾ.’ 2007-നും 2010-നുമിടയിലാണ് ഈ കമ്പനികൾ സ്ഥാപിച്ചത്. ഇതിൽ ഏഴു കമ്പനികൾവഴി 130 കോടി ഡോളർ (9659 കോടി രൂപ) കടമെടുക്കുകയും നിക്ഷേപിക്കുകയും ചെയ്തു.
ജഴ്സിയിൽ എട്ടു കമ്പനികളും ബ്രിട്ടീഷ് വെർജിൻ ഐലൻഡ്സിൽ ഏഴും സൈപ്രസിൽ മൂന്നും കമ്പനികളാണ് അംബാനിക്കുള്ളത്.2020 ഫെബ്രുവരിയിൽ ചൈനീസ് സർക്കാരുടമസ്ഥതയിലുള്ള മൂന്നു ബാങ്കുകളുമായി ലണ്ടൻ കോടതിയിൽ കേസ് നടന്നപ്പോൾ തനിക്ക് സമ്പാദ്യമൊന്നുമില്ലെന്നാണ് അംബാനി അവകാശപ്പെട്ടത്. അംബാനിക്ക് വിദേശത്ത് കമ്പനികളുണ്ടാകാമെന്നും അതേക്കുറിച്ച് വെളിപ്പെടുത്താത്തതാകുമെന്നും അന്ന് കോടതി പറഞ്ഞിരുന്നു. ബാങ്കുകൾക്ക് 71.6 കോടി ഡോളർ നൽകാൻ മൂന്നുമാസത്തിനുശേഷം കോടതി ഉത്തരവിടുകയും ചെയ്തു. എന്നാൽ, അംബാനി പണമടച്ചില്ല. വിദേശത്ത് സമ്പത്തില്ലെന്നും പറഞ്ഞു.
അന്താരാഷ്ട്ര മാധ്യമകൂട്ടായ്മയായ ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റിവ് ജേണലിസ്റ്റ്സ് (ഐ.സി.ഐ.ജെ.) ഞായറാഴ്ച പുറത്തുവിട്ട ‘പാൻഡൊറ രേഖകളി’ൽ മുന്നൂറിലേറെ ഇന്ത്യക്കാരുടെ പേരുകൾ. വിദേശത്ത് കോടിക്കണക്കിനു രൂപയുടെ സമ്പാദ്യം രഹസ്യമായുള്ളവരാണിവർ. ലോകത്തെ ഏതാണ്ട് എല്ലാ രാജ്യങ്ങളിൽനിന്നുമുള്ളവർ സ്വന്തം രാജ്യത്ത് നികുതിവെട്ടിച്ച് വിദേശത്ത് നിക്ഷേപിച്ചിട്ടുണ്ട്.
റിലയൻസ്(അഡാഗ്) ചെയർമാൻ അനിൽ അംബാനി, ബാങ്ക് തട്ടിപ്പു നടത്തി ഇന്ത്യവിട്ട വജ്രവ്യാപാരി നീരവ് മോദി, ഔഷധനിർമാണ കമ്പനിയായ ബയോകോണിന്റെ പ്രൊമോട്ടർ കിരൺ മജുംദാർ ഷായുടെ ഭർത്താവ്, ക്രിക്കറ്റ്താരം സച്ചിൻ തെണ്ടുൽക്കർ, ഭാര്യ അഞ്ജലി, ഭാര്യാപിതാവ് ആനന്ദ് മേത്ത, ബോളിവുഡ് നടൻ ജാക്കി ഷ്റോഫിന്റെ ഭാര്യാമാതാവ് അയേഷ, കോർപ്പറേറ്റ് ഇടനിലക്കാരി നീരാ റാഡിയ തുടങ്ങിയവരുടെ പേരുകൾ ‘പാൻഡൊറ രേഖകളി’ലുണ്ട്.
ഇക്കാര്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും വിവിധ ഏജൻസികൾ വിശദമായി അന്വേഷിക്കുമെന്നും കേന്ദ്രസർക്കാർ പത്രക്കുറിപ്പിലറിയിച്ചു. കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ്(സി.ബി.ഡി.ടി) ചെയർമാൻ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുമെന്നും വ്യക്തമാക്കി.
ഐ.സി.ഐ.ജെ. 2016-ൽ പുറത്തുവിട്ട ‘പാനമ രേഖക’ളുടെ തുടർച്ചയാണ് ‘പാൻഡൊറ പേപ്പേഴ്സ്’. നികുതിവെട്ടിച്ചുള്ള അതിസമ്പന്നരുടെ വിദേശസമ്പാദ്യത്തിന്റെ വിശദാംശങ്ങൾ പാനമ രേഖകളിലൂടെ പുറത്തുവന്നതോടെ പല രാജ്യങ്ങളും നിയമങ്ങളും നിയന്ത്രണങ്ങളും കർക്കശമാക്കി. ഇതോടെ ഒട്ടേറെപ്പേർ തങ്ങളുടെ സമ്പാദ്യം സൂക്ഷിക്കാൻ ബദൽമാർഗങ്ങൾ കണ്ടെത്തി. പലരും രാജ്യങ്ങൾ മാറ്റി നിക്ഷേപിച്ചു. ‘പാനമ രേഖകൾ’ പുറത്തുവന്ന് മൂന്നുമാസത്തിനുള്ളിൽ സച്ചിൻ തെണ്ടുൽക്കർ ബ്രിട്ടീഷ് വെർജിൻ ഐലൻഡ്സിലെ തന്റെ കമ്പനി പിരിച്ചുവിടാൻ നിർദേശിച്ചെന്ന് ‘പാൻഡൊറ രേഖകളെ’ക്കുറിച്ചുള്ള അന്വേഷണത്തിലെ ഇന്ത്യൻ പങ്കാളി ‘ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ടുചെയ്തു.
ലോകത്ത് ഇന്നുവരെയുണ്ടായിട്ടുള്ള ഏറ്റവും വലിയ മാധ്യമസഹകരണമാണ് ‘പാൻഡൊറ രേഖകളു’ടെ അന്വേഷണത്തിനായി നടന്നത്. ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റിവ് ജേണലിസ്റ്റ്സിനു (ഐ.സി.ഐ.ജെ.) വേണ്ടി 117 രാജ്യങ്ങളിലെ 150 മാധ്യമസ്ഥാപനങ്ങളിൽനിന്നുള്ള 600 മാധ്യമപ്രവർത്തകർ അന്വേഷണത്തിന്റെ ഭാഗമായി. അതിസമ്പന്നർക്കും കമ്പനികൾക്കും മറ്റുമായി വിദേശത്ത്, പ്രത്യേകിച്ച് നികുതിയില്ലാത്ത ഇടങ്ങളിൽ കടലാസ് കമ്പനികളും ട്രസ്റ്റുകളും ഫൗണ്ടേഷനുകളും മറ്റും സ്ഥാപിച്ച് സമ്പാദ്യം സൂക്ഷിക്കാൻ സൗകര്യം ചെയ്യുന്ന 14 സ്ഥാപനങ്ങളിൽനിന്നു ചോർന്നുകിട്ടിയ രഹസ്യരേഖകൾ ആധാരമാക്കിയായിരുന്നു അന്വേഷണം.
1.2 കോടി രേഖകളാണ് ഇവർ ഒരു കൊല്ലമെടുത്ത് അന്വേഷിച്ചത്. ഇത്രയും വിപുലമായ വിവരശേഖരം പരിശോധിച്ച് വിവരങ്ങൾ പുറത്തുവിടുന്നത് ആദ്യമായാണ്
ഭർത്താവിന്റെ വിദേശത്തെ ട്രസ്റ്റ് നിയമപ്രകാരമുള്ളതും സത്യസന്ധവുമാണെന്ന് ബയോകോൺ പ്രൊമോട്ടർ കിരൺ മജുംദാർ ഷാ പറഞ്ഞു. പാൻഡൊറ രേഖകളിൽ ട്രസ്റ്റിനെ തെറ്റായി പരാമർശിച്ചിരിക്കുകയാണ്. വാർത്തകളിൽ പറയുംപോലെ ട്രസ്റ്റിന്റെ ചുമതല ആരെയും ഏൽപ്പിച്ചിട്ടില്ലെന്നും അവർ പറയുന്നു.