ഹോളിവുഡ്: ലോക സിനിമയിലെ ക്ലാസിക്ക് ചിത്രവും ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റുകളില്‍ ഒന്നുമാണ് ‘ടൈറ്റാനിക്’. ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ചിത്രം ഹോളിവുഡ് സൂപ്പര്‍താരം ലിയനാർഡോ ഡികാപ്രിയോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ്. എന്നാല്‍ ടൈറ്റാനിക്കിന്‍റെ തിരക്കഥ കേട്ടപ്പോള്‍ ഡികാപ്രിയോ പറഞ്ഞ ആദ്യ അഭിപ്രായമാണ് ഇപ്പോള്‍ ചിത്രത്തിന്‍റെ സംവിധായകനായ ജെയിംസ് കാമറൂണ്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
പീപ്പിള്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ജെയിംസ് കാമറൂണ്‍ ഈ കാര്യം വെളിപ്പെടുത്തിയത്. ടൈറ്റാനിക്കില്‍ നായകനാകാന്‍ ലിയനാർഡോ ഡികാപ്രിയോയ്ക്ക് താല്‍പ്പര്യം ഇല്ലായിരുന്നു. ടൈറ്റാനിക്കിന്‍റെ തിരക്കഥ കേട്ടപ്പോള്‍ തന്നെ അത് ബോറാണെന്ന് ലിയനാർഡോ ഡികാപ്രിയോ പറഞ്ഞുവെന്നും ജെയിംസ് കാമറൂണ്‍ പറയുന്നു.
പിന്നീട് ഇത് ഒരു വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമാണ് എന്ന് ഡികാപ്രിയോയെ ബോധ്യപ്പെടുത്തിയ ശേഷമാണ് ഈ വേഷം അദ്ദഹം സ്വീകരിച്ചത്. ഡികാപ്രിയോയുടെ കഴിവില്‍ വിശ്വാസം ഉണ്ടായതിനാല്‍ ഒരുതരത്തിലും അദ്ദേഹത്തിന്‍റെ ആദ്യ അഭ്രിപ്രായത്തില്‍ അത്ഭുതം ഇല്ലെന്നും ജെയിംസ് കാമറൂണ്‍ കൂട്ടിച്ചേര്‍ത്തു.
ടൈറ്റാനിക് ഓഡിഷന് ലിയനാർഡോ ഡികാപ്രിയോ വളരെ മടിച്ചാണ് എത്തിയതെന്നും. അദ്ദേഹത്തിന് ഒട്ടും താല്‍പ്പര്യം ഇല്ലായിരുന്നുവെന്ന് ജെയിംസ് കാമറൂണ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
അതേ സമയം റിലീസിന്‍റെ 25-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ടൈറ്റാനിക് വീണ്ടും റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. എന്നാല്‍ ചിത്രം മുന്‍പ് തിയറ്ററുകളില്‍ കണ്ടിട്ടുള്ളവര്‍ക്കുപോലും പുതിയ അനുഭവം പകരുന്ന തരത്തിലാണ് സിനിമ എത്തുക. കാരണം 4കെ 3ഡിയിലേക്ക് റീമാസ്റ്ററിംഗ് നടത്തിയാണ് പടം എത്തുന്നത്. ഇതിനോടനുബന്ധിച്ച് പുതിയ ട്രെയ്ലറും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്.
ഈ വര്‍ഷത്തെ വാലന്‍റൈന്‍ഡ് ഡേ കണക്കാക്കിയാണ് ചിത്രം എത്തുക. വാലന്റൈന്‍ഡ് ഡേ വാരാന്ത്യത്തില്‍- ഫെബ്രുവരി 10 ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തും. ജാക്കിന്‍റെയും റോസിന്റെയും ദുരന്ത പ്രണയകഥ ഒരിക്കല്‍ക്കൂടി, അതും കൂടുതല്‍ തെളിമയോടെ കാണാനുള്ള അവസാനമാണ് സിനിമാപ്രേമികളെ തേടി എത്തുന്നത്.
1997 ലെ ക്രിസ്മസ് റിലീസ് ആയി എത്തിയ ചിത്രം സംവിധാനം ചെയ്തത് ഇപ്പോള്‍ തിയറ്ററുകളിലുള്ള അവതാര്‍ ദ് വേ ഓഫ് വാട്ടറിന്‍റെ സംവിധായകന്‍ ജെയിംസ് കാമറൂണ്‍ ആണ്. തിരക്കഥയും അദ്ദേഹത്തിന്‍റേത് തന്നെ. ഒരു ചരിത്ര സംഭവത്തെ പശ്ചാത്തലമാക്കി ജെയിംസ് കാമറൂണ്‍ ഒരുക്കിയ ദുരന്ത പ്രണയകാവ്യം ലോകമെമ്പാടുമുള്ള പ്രേക്ഷകഹൃദയങ്ങളെ വൈകാരികമായി സ്പര്‍ശിച്ചു.
അതുവരെയുണ്ടായിരുന്ന എല്ലാ ബോക്സ് ഓഫീസ് റെക്കോര്‍ഡുകളെയും തകര്‍ത്തിരുന്നു ചിത്രം. റിലീസിന്‍റെ 25-ാം വര്‍ഷത്തില്‍ എത്തിനില്‍ക്കുമ്പോഴും ലോകത്തിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയങ്ങളുടെ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തുണ്ട് ടൈറ്റാനിക്. റീ റിലീസില്‍ ആ ലിസ്റ്റില്‍ ചിത്രത്തിന് സ്ഥാനക്കയറ്റം ലഭിക്കുമോ എന്നത് കാത്തിരുന്ന് കാണാം. 11 ഓസ്കര്‍ അവാര്‍ഡുകളും വാരിക്കൂട്ടിയ ചിത്രമാണിത്.