ICC Men’s T20 World Cup 2024:വിന്‍ഡീസിനെ വിറപ്പിച്ചു;കീഴടങ്ങി പാപ്പുവ ന്യൂ ഗിനിയ

പ്രോവിഡന്‍സ്: ട്വന്റി20 ലോകകപ്പില്‍ ആതിഥേയരായ വെസ്റ്റിന്‍ഡീസിന് വിജയത്തുടക്കം. പാപ്പുവ ന്യൂ ഗിനിയയ്‌ക്കെതിരെ അഞ്ച് വിക്കറ്റ് വിജയമാണ് വെസ്റ്റിന്‍ഡീസ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത പാപ്പുവ ന്യൂ ഗിനിയ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുത്തപ്പോള്‍, 19 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് വിജയത്തിലെത്തി. മധ്യനിര താരം സെസെ ബാവു പാപ്പുവ ന്യൂ ഗിനിയയ്ക്കായി അര്‍ധ സെഞ്ചറി തികച്ചു. 43 പന്തുകള്‍ നേരിട്ട താരം 50 റണ്‍സെടുത്താണു പുറത്തായത്.

മറുപടി ബാറ്റിങ്ങില്‍ തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ജോണ്‍സണ്‍ ചാള്‍സിനെ നഷ്ടമായ വിന്‍ഡീസിനായി ബ്രാന്‍ഡന്‍ കിങ്ങും (29 പന്തില്‍ 34), നിക്കോളാസ് പുരാനും (27 പന്തില്‍ 27) ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി. ടീം സ്‌കോര്‍ 61 ല്‍ നില്‍ക്കെ പുരാനെ നഷ്ടമായെങ്കിലും പിന്നാലെയെത്തിയ റോസ്റ്റന്‍ ചേസും മികച്ച പ്രകടനം നടത്തി.

27 പന്തില്‍ 42 റണ്‍സെടുത്ത റോസ്റ്റന്‍ ചേസ് പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ റോവ്മന്‍ പവല്‍ 15 റണ്‍സെടുത്തു പുറത്തായി. ചെറിയ വിജയലക്ഷ്യമായിട്ടും 19 ഓവറിലാണ് വിന്‍ഡീസ് ജയമുറപ്പിച്ചത്.റോസ്റ്റന്‍ ചേസാണു കളിയിലെ താരം. ഞായറാഴ്ചത്തെ ആദ്യ മത്സരത്തില്‍ യുഎസ്എ കാനഡയെ ഏഴു വിക്കറ്റുകള്‍ക്കു തോല്‍പിച്ചിരുന്നു. ജൂണ്‍ ഒന്‍പതിന് യുഗാണ്ടയ്‌ക്കെതിരെയാണ് വെസ്റ്റിന്‍ഡീസിന്റെ അടുത്ത മത്സരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News