കൊൽക്കത്ത: പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ഉദ്യോഗസ്ഥരുടെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള നിയമപോരാട്ടം സുപ്രീംകോടതിയിലേക്ക്. മേയ് 4-ന് നടക്കുന്ന വോട്ടെണ്ണലിനായി കേന്ദ്രസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരെ മാത്രം കൗണ്ടിങ് സൂപ്പർവൈസർമാരായും അസിസ്റ്റന്റുമാരായും നിയമിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ ചോദ്യംചെയ്താണ് തൃണമൂൽ കോൺഗ്രസ് കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വിഷയം അടിയന്തരമായി പരിഗണിക്കാനായി ശനിയാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഹാൻഡ്ബുക്കിൽ ഇത്തരമൊരു നിർബന്ധിത വ്യവസ്ഥയില്ലെന്നും പശ്ചിമ ബംഗാളിൽ മാത്രമാണ് ഈ രീതി നടപ്പിലാക്കുന്നതെന്നും ടി.എം.സി. ആരോപിക്കുന്നു. വോട്ടെണ്ണൽ മേശകളിൽ കേന്ദ്രസർക്കാർ ജീവനക്കാരെ നിയോഗിക്കുന്നത് പക്ഷപാതപരമായ തീരുമാനങ്ങൾക്ക് കാരണമാകുമെന്നും, ഇത് ഭരണകക്ഷിയായ ബി.ജെ.പി.ക്ക് അനുകൂലമായ സാഹചര്യമൊരുക്കുമെന്നും പാർട്ടി വാദിക്കുന്നു. എന്നാൽ ഈ വാദങ്ങൾ തള്ളിയ കൽക്കട്ട ഹൈക്കോടതി, കേന്ദ്ര-സംസ്ഥാന ജീവനക്കാരെ നിയമിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മിഷനുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് പാർട്ടി ഇപ്പോൾ സുപ്രീംകോടതിയെ സമീപിച്ചത്.
ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പിനിടെയുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നിയമനടപടി എന്നതും ശ്രദ്ധേയമാണ്. ബംഗാളിന് പുറത്തുനിന്നുള്ള ഉദ്യോഗസ്ഥരേയും നിരീക്ഷകരേയും ഉപയോഗിച്ച് തൃണമൂൽ പ്രവർത്തകരെ ലക്ഷ്യം വെക്കുന്നുവെന്ന് മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചിരുന്നു. ഉത്തർപ്രദേശിൽ നിന്നുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അജയ് പാൽ ശർമയുടെ ഇടപെടലുകളെയും പാർട്ടി വിമർശിച്ചു.
അതേസമയം, കേന്ദ്ര സേനയുടെ ഇടപെടലുകൾ വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഹൗറയിൽ വോട്ട് ചെയ്യാനെത്തിയ വൃദ്ധനെ കേന്ദ്ര സേനാംഗങ്ങൾ തള്ളിവീഴ്ത്തി കൊലപ്പെടുത്തിയെന്ന ഗുരുതരമായ ആരോപണം തൃണമൂൽ നേതാവ് അഭിഷേക് ബാനർജി ഉന്നയിച്ചു. എന്നാൽ ഈ ആരോപണത്തോട് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കടുത്ത രാഷ്ട്രീയ വാക്‌പോരുകൾക്കും അക്രമ സംഭവങ്ങൾക്കും ഇടയിലാണ് ബംഗാൾ തിരഞ്ഞെടുപ്പിന്റെ അടുത്ത ഘട്ടങ്ങൾ പുരോഗമിക്കുന്നത്.
അതിനിടെ ബംഗാളിലെ രണ്ട് മണ്ഡലങ്ങളിൽ വീണ്ടും വോട്ടെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. മഗ്രാഹത്ത് പശ്ചിമിലെ 11 ബൂത്തുകളിലും ഡയമണ്ട് ഹാർബറിലെ നാല് ബൂത്തുകളിലുമാണ് റീപോളിങ്. ഏപ്രിൽ 29-ന് നടന്ന വോട്ടെടുപ്പ് അസാധുവായതിനെത്തുടർന്ന് മേയ് രണ്ടിനാണ് ഈ 15 കേന്ദ്രങ്ങളിലും വോട്ടെടുപ്പ് നിശ്ചയിച്ചത്. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെ നടക്കുന്ന വോട്ടെടുപ്പ് വിവരം ചെണ്ടകൊട്ടി വിളംബരം ചെയ്യണമെന്നും മത്സരിക്കുന്ന സ്ഥാനാർഥികളെ രേഖാമൂലം അറിയിക്കണമെന്നും ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസർ നിർദേശം നൽകി.
The legal battle between the Central Government and the Trinamool Congress (TMC) over the appointment of counting officials for the West Bengal elections has reached the Supreme Court. TMC challenged the Election Commission’s decision to appoint only central government and PSU employees as counting supervisors and assistants for the vote counting on May 4. Chief Justice Suryakant has rescheduled the urgent hearing for Saturday to address the concerns regarding the neutrality and transparency of the counting process.


