വാഷിംഗ്ടണ്‍: ടൈറ്റാനിക് പര്യവേക്ഷണത്തിനായി ടൈറ്റന്‍ എന്ന അന്തര്‍വാഹിനിയില്‍ കടലിന് അടിയിലേക്ക് പോയ അഞ്ച് വിനോദസഞ്ചാരികളുടേയും മൃതദേഹാവിഷ്ടങ്ങള്‍ കണ്ടെടുത്തു. യു എസ് കോസ്റ്റ് ഗാര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. വീണ്ടെടുത്ത മനുഷ്യാവശിഷ്ടങ്ങള്‍ വിശദമായി പരിശോധിക്കും എന്ന് യു എസ് കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. അപകടത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ ഇത് നിര്‍ണായകമാകും എന്നാണ് പ്രതീക്ഷ.
ബ്രിട്ടീഷ് പര്യവേക്ഷകനായ ഹാമിഷ് ഹാര്‍ഡിംഗ്, ഫ്രഞ്ച് അന്തര്‍വാഹിനി വിദഗ്ധന്‍ പോള്‍-ഹെന്റി നര്‍ജിയോലെറ്റ്, പാകിസ്ഥാന്‍-ബ്രിട്ടീഷ് വ്യവസായി ഷഹ്സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകന്‍ സുലെമാന്‍, സബ് ഓപ്പറേറ്റര്‍ ഓഷ്യന്‍ഗേറ്റ് എക്സ്പെഡിഷന്‍സിന്റെ സിഇഒ സ്റ്റോക്ക്ടണ്‍ റഷ് എന്നിവരാണ് ടൈറ്റനില്‍ ഉണ്ടായിരുന്നത്. കടലിലേക്ക് പോയി അല്‍പ്പസമയത്തിന് ശേഷം ഇവരുമായുള്ള സിഗ്നല്‍ നഷ്ടപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ രണ്ട് ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് അഞ്ച് പേരും മരിച്ചതായി സ്ഥിരീകരിച്ചത്. മരണം സ്ഥിരീകരിച്ച് ഒരാഴ്ച കഴിഞ്ഞിട്ടാണ് ഇവരുടെ മൃതദേഹാവിഷ്ടങ്ങള്‍ വീണ്ടെടുത്തത്. വടക്കന്‍ അറ്റ്‌ലാന്റിക്കില്‍ രണ്ട് മൈലില്‍ അധികം താഴോട്ട് പോയ ടൈറ്റന്‍ മര്‍ദ്ദം താങ്ങാനാവാതെ പൊട്ടിത്തെറിച്ചു എന്നാണ് നിഗമനം. നേരത്തെ ടൈറ്റന്‍ അവശിഷ്ടങ്ങള്‍ കിഴക്കന്‍ കാനഡയില്‍ നിന്ന് കണ്ടെത്തിയിരുന്നു.
യു എസ് തുറമുഖത്തേക്ക് എത്തിക്കും എന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചിട്ടുണ്ട്. ടൈറ്റന്റെ ദുരന്തത്തിലേക്ക് നയിച്ച ഘടകങ്ങള്‍ മനസിലാക്കാനും സമാനമായ ഒരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കാനും ഇനിയും ഒരപാട് ജോലികള്‍ ചെയ്യാനുണ്ട് എന്ന് ദുരന്തത്തെക്കുറിച്ചുള്ള യു എസ് അന്വേഷണത്തിന്റെ തലവന്‍ ക്യാപ്റ്റന്‍ ജേസണ്‍ ന്യൂബവര്‍ പറഞ്ഞു.
ജൂണ്‍ 18 ന് ആണ് ടൈറ്റനുമായുള്ള ബന്ധം നഷ്ടപ്പെടുന്നത്. ജൂണ്‍ 22 ന് ആണ് അഞ്ച് പേരും മരിച്ചതായി യു എസ് കോസ്റ്റ് ഗാര്‍ഡ് സ്ഥിരീകരിക്കുന്നത്. 1912 ല്‍ ആണ് 2200 യാത്രക്കാരുമായി ആദ്യ യാത്രക്ക് പുറപ്പെട്ട് ടൈറ്റാനിക് അറ്റ്‌ലാന്റിക് സമുദ്രത്തിലെ മഞ്ഞുമലയില്‍ ഇടിച്ച് തകര്‍ന്ന് മുങ്ങിയത്. ഈ കപ്പലിനെ അവശിഷ്ടങ്ങള്‍ 1985 ലാണ് സമുദ്ര ഗവേഷകര്‍ കണ്ടെത്തുന്നത്.
ഒരു നൂറ്റാണ്ടിലേറെയായി കടലിന്റെ അടിത്തട്ടില്‍ കിടക്കുന്ന ആ അവശിഷ്ടങ്ങള്‍ കാണാനായാണ് അഞ്ച് സഞ്ചാരികളുമായി ടൈറ്റന്‍ എന്ന അന്തര്‍വാഹിനിയാണ് പുറപ്പെട്ടത്. 2021 മുതല്‍ ഇത്തരത്തില്‍ പര്യവേഷണം ചെയ്യുന്ന ഓഷ്യന്‍ഗേറ്റ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ടൈറ്റന്‍. ടൈറ്റന്റെ രൂപകല്‍പനയുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്റ്റാന്‍ഡേര്‍ഡ് സര്‍ട്ടിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ ഓഷ്യന്‍ഗേറ്റ് വീഴ്ച വരുത്തി എന്നും ആക്ഷേപമുണ്ട്.