കൊച്ചി:മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണ് സംവിധായകൻ സിദ്ദിഖിന്റെ മരണം. ഹിറ്റ് മേക്കറായി അറിയപ്പെട്ട സിദ്ദിഖ് സിനിമാ ലോകത്തിന് നൽകിയ സംഭാവനകൾ ചെറുതല്ല. സിദ്ദിഖ് സംവിധാനം ചെയ്ത സിനിമകളിലെ കോമഡി രംഗങ്ങൾ അനശ്വരമായി നിലനിൽക്കുന്നു. ബോഡി ഗാർഡ്, ഫ്രണ്ട്സ് തുടങ്ങിയ സിനിമകൾക്ക് ഇന്നും ആരാധകരുണ്ട്. സിദ്ദിഖിന്റെ മരണത്തിൽ ഏറ്റവും കൂടുതൽ ദുഖിക്കുന്നവരിൽ ഒരാൾ നടൻ ലാൽ ആണ്. സഹോദരൻമാരെ പോലെ കഴിഞ്ഞ ഇരുവരും ഒരുകാലത്ത് മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു.
റാംജി റാവു സ്പീക്കിംഗ് ആണ് സിദ്ദിഖും ലാലും ഒരുമിച്ച് ഒരുക്കിയ ആദ്യ സിനിമ. 1989 ലാണ് റാംജി റാവു സ്പീക്കിംഗ് പുറത്തിറങ്ങിയത്. അന്ന് ഈ ചിത്രമുണ്ടാക്കിയ തരംഗം ചെറുതല്ല. 1991 ൽ ഗോഡ്ഫാദർ എന്ന സിനിമയും റിലീസ് ചെയ്തതോടെ സിദ്ദിഖ് ലാൽ കോംബോ പ്രേക്ഷകർ ആഘോഷമാക്കി.
എന്നാൽ പിന്നീട് ഇരുവരും പിരിഞ്ഞു. 1993 ലാണ് ഹിറ്റ് കൂട്ടുകെട്ട് അവസാനിച്ചത്. ലാൽ നിർമാണ രംഗത്തേക്ക് ശ്രദ്ധ നൽകി. പിന്നീട് നടനുമായി. മറുവശത്ത് ഒറ്റയ്ക്ക് സംവിധാനം ചെയ്ത് സിദ്ദിഖും പേരെടുത്തു. ലാലുമായി പിരിഞ്ഞതിനെക്കുറിച്ച് മുമ്പാെരിക്കൽ സിദ്ദിഖ് പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. സഫാരി ടിവിയിൽ സംസാരിക്കവെയാണ് സിദ്ദിഖ് മനസ് തുറന്നത്.
പിരിഞ്ഞ വാർത്ത അന്ന് വലിയ വാർത്തയായി. പിരിഞ്ഞത് നല്ലതിനായിരുന്നെന്ന് കാലം തെളിയിച്ചതാണ്. പക്ഷെ ആ കാലഘട്ടത്തിൽ ഞങ്ങൾ ഒരുപാട് പ്രശ്നങ്ങളുണ്ടായി. അതിൽ പ്രധാനപ്പെട്ട ചോദ്യം എന്താണ് കാരണം എന്നാണ്. അതിന്റെ ഉത്തരം ഒരിക്കലും ഞങ്ങൾ പറയാൻ തീരുമാനിച്ചിട്ടില്ലെന്നും സിദ്ദിഖ് അന്ന് വ്യക്തമാക്കി.
മയൂര പാർക്കിന്റെ 205ാം റൂമിലിരുന്നാണ് പിരിയാമെന്ന് ഞങ്ങൾ തീരുമാനിക്കുന്നത്. ഇത് പരമ രഹസ്യമായിരിക്കണം, ആരോടും പറയരുതെന്ന് ഞാൻ ലാലിനോട് പറഞ്ഞു. ഫിലിം പേജ് വരുന്ന വെള്ളിയാഴ്ചത്തെ പത്രത്തിൽ വാർത്ത വരണം. പത്രത്തിൽ വന്ന ശേഷമേ ആരോടെങ്കിലും പറയാവൂ, അതുവരെ ഭാര്യമാരോട് പോലും പറയണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചു. വാർത്ത കൊടുക്കുന്ന ആളും വളരെ രഹസ്യമായി വെക്കണം.
മനോരമയിൽ നേരത്തെ പരിചയമുള്ള ജെക്കോബി ചേട്ടനോട് വിവരം പറഞ്ഞു. നിങ്ങൾ പിരിയണ്ട എന്നാണ് അദ്ദേഹം പറഞ്ഞത്. പുറത്തറിഞ്ഞാൽ പിരിയാൻ ആരും സമ്മതിക്കില്ല. പക്ഷെ ഞങ്ങളുടെ രണ്ട് പേരുടെ നല്ലതിന് വേണ്ടിയും പിരിയണം. വഴക്കിട്ടിട്ടോ അഭിപ്രായ വ്യത്യാസങ്ങൾ കൊണ്ടോ അല്ല രണ്ട് വഴിക്ക് നീങ്ങാൻ തീരുമാനിച്ചതെന്ന് സിദ്ദിഖ് ചൂണ്ടിക്കാട്ടി.
ഗുരു തുല്യനായ സംവിധായകൻ ഫാസിലിനോട് പിരിയുന്ന കാര്യം നേരിട്ട് പറഞ്ഞപ്പോഴുള്ള പ്രതികരണവും സിദ്ദിഖ് ഓർക്കുന്നുണ്ട്. മദ്രാസിൽ പോയാണ് അദ്ദേഹത്തോട് വിവരം പറയുന്നത്. പത്രത്തിൽ വരുന്നതിന്റെ തലേദിവസം രാവിലെയാണ് മദ്രാസിൽ എത്തിയത്. വിവരം പറഞ്ഞപ്പോൾ ഫാസിൽ സർ എതിർത്തു. എന്താണ് നിങ്ങൾ വിഡ്ഢിത്തരം പറയുന്നത്, അത് വേണ്ട, വാർത്ത പിൻവലിക്ക്, ഞാൻ വിളിച്ച് പറയാമെന്ന് പറഞ്ഞു.
ഫാസിൽ സർ വിളിച്ചപ്പോഴേക്കും വാർത്ത പ്രിന്റ് ആയിപ്പോയി. ഫാസിൽ സർ വിളിച്ച് പറഞ്ഞ് വാർത്ത തടയുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് വാർത്ത പ്രസിദ്ധീകരിക്കുന്നതിന്റെ തലേദിവസം മാത്രം അദ്ദേഹത്തോട് ഇക്കാര്യം പറയാൻ തീരുമാനിച്ചതെന്നും സിദ്ദിഖ് വ്യക്തമാക്കി. വാർത്ത പുറത്ത് വന്ന ശേഷം വീട്ടിൽ താമസിക്കാതെ മാറി താമസിച്ചു. പത്ത് പതിനഞ്ച് ദിവസം ഇതൊന്ന് അടങ്ങിയ ശേഷമാണ് പുറത്തേക്ക് ഇറങ്ങിയത്. പല അഭ്യൂഹങ്ങൾ വന്നു. ഒന്നിനും മറുപടി കൊടുത്തില്ലെന്ന് സിദ്ദിഖ് വ്യക്തമാക്കി.