KeralaNews

അടിച്ചാൽ തിരിച്ചടിക്കും, അതിനുള്ള കഴിവ് ഞങ്ങൾക്കുണ്ട്:വിഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഗൺമാനെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അല്ലെങ്കിൽ ഞങ്ങൾ നിയമം കയ്യിലെടുക്കും. അടിച്ചാൽ തിരിച്ചടിക്കും. അതിനുള്ള കഴിവ് ഞങ്ങൾക്കുണ്ട്. അത് ചെയ്യിക്കരുത്. തെരുവിലേക്ക് പ്രശ്നം വലിച്ചിഴക്കരുതെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അക്രമികൾക്കെതിരെ പോലീസ് കേസെടുക്കുന്നില്ലെങ്കിൽ കോൺഗ്രസ് തിരിച്ചടിക്കുമെന്നും വിഡി സതീശൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ കലാപ ആഹ്വാനം പോലീസിലെ ക്രിമിനലുകളും സിപിഎം ക്രിമിനലുകളും ജില്ലകളിലെ അറിയപ്പെടുന്ന ഗുണ്ടകളുമാണ് ഏറ്റെടുത്തത്. കാപ്പ ചുമത്താൻ ശുപാർശ ചെയ്യപ്പെട്ട ക്രിമിനലാണ് ആലപ്പുഴയിൽ മുഖ്യമന്ത്രിക്ക് സംരക്ഷണം നൽകിയത്. ഭിന്നശേഷിക്കാരനെ പോലും ആകമിച്ചു. ഒന്നിലും കേസെടുക്കാതെ പോലീസ് ഉഴപ്പുകയാണ്. ഞങ്ങളുടെ കുട്ടികളെ ഞങ്ങൾക്ക് സംരക്ഷിക്കണം. പോലീസ് നിയമം അനുസരിച്ച് കേസെടുക്കണമെന്നും പ്രതിക്ഷ നേതാവ് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി ഒന്നും കാണുന്നില്ല. അറിയപ്പെടുന്ന ക്രിമിനലുകളാണ് മുഖ്യമന്ത്രിക്കൊപ്പം. പോലീസിൽ വിശ്വാസമില്ല. മുഖ്യമന്ത്രിക്ക് ഈ സ്ഥാനത്തിരിക്കാൻ നാണമുണ്ടോയെന്നും വിഡി സതീശൻ ചോദിച്ചു. സെനറ്റിലേക്ക് സംഘപരിവാർ കൊടുത്തത് പോലെ സിപിഎമ്മും ഗവർണർക്ക് ഒരു പട്ടിക കൊടുത്തു.

മന്ത്രി വഴിയാണ് ഈ പട്ടിക ഗവർണ്ണർക്ക് കൊടുത്തത്. അറിയപ്പെടുന്ന സിപിഎമ്മുകാരുടെ പട്ടികയാണ് മന്ത്രി നൽകിയത്. യുഡിഎഫ് ഒരാളുടെ പേര് പോലും കൊടുത്തില്ല. ഓരോ മേഖലയിൽ നിന്നും രാഷ്ട്രീയം നോക്കാതെ കൊള്ളാവുന്നവരെ വയ്ക്കണമെന്നതാണ് യുഡിഎഫ് നിലപാട്.

ഗവർണർ ചെയ്ത ഒരു തെറ്റായ കാര്യത്തിനും യുഡിഎഫ് കൂട്ടുനിൽക്കില്ല. ഗവർണ്ണറുടെ ഓഫീസിൽ അറിയപ്പെടുന്ന സംഘപരിവാർ നേതാവിനെ സ്റ്റാഫ് ആക്കി വച്ചത് പിണറായി വിജയനാണ്. അന്ന് ഗവർണറും മുഖ്യമന്ത്രിയും ഒക്കചങ്ങാതിമാരായിരുന്നു. രണ്ടും കൂട്ടരും ചേർന്ന് നിയമ വിരുദ്ധ പ്രവർത്തനം നടത്തുമ്പോൾ അവരെ ഒരുമിച്ച് എതിർത്തവരാണ് പ്രതിപക്ഷം.

ഗവർണർ വഴിവിട്ടു പെരുമാറുന്നുവെന്ന് പ്രതിപക്ഷം ആക്ഷേപിച്ചപ്പോൾ സംരക്ഷണത്തിന്‍റെ കുടപിടിച്ചത് മുഖ്യമന്ത്രിയാണ്. എപ്പോൾ സർക്കാർ പ്രതിരോധത്തിലാകുന്നുവോ അപ്പോഴെല്ലാം ഗവർണർ – മുഖ്യമന്ത്രി നാടകം നടക്കും. നവകേരള സദസ്സ് നടത്തി സർക്കാർ പ്രതിരോധത്തിൽ നിൽക്കുമ്പോൾ ശ്രദ്ധ തിരിക്കാനുള്ള നാടകമാണ് കാലിക്കറ്റ് സർവകലാശാലയിൽ കണ്ടതെന്നും വിഡി സതീശൻ പറഞ്ഞു.

സെനറ്റിൽ നല്ല ആളുകളെ വയ്ക്കണം എന്നാണ് കെ.പി.സി.സി അധ്യക്ഷൻ ഉദ്ദേശിച്ചത്. അതിൽ ഒരു അവ്യക്ത ഉണ്ടായപ്പോൾ കെ.സുധാകരൻ തന്നെ വ്യക്തത വരുത്തി. സംഘപരിവാർ സർക്കാർ എം.പി സ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്ത് നിർത്തിയിരിക്കുന്നവരിൽ ഒരാളാണ് കെ.സുധാകരൻ. കേരളത്തിലെ ഒരു കോൺഗ്രസുകാരനും ഗവർണറുമായി ചേർന്നുള്ള ഒരു ഏർപ്പാടിനും പോകില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button