മാനന്തവാടി: വയനാട് എടവക പഞ്ചായത്തിലെ മൂളിത്തോടില്‍ ഗര്‍ഭസ്ഥ ശിശുവിന്റെയും മാതാവിന്റെയും മരണം കൊലപാതകമെന്ന് തെളിഞ്ഞു. എടവക മൂളിത്തോട് പള്ളിക്കല്‍ ദേവസ്യയുടെ മകള്‍ റിനിയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും മരണമാണ് കൊലപാതകമെന്ന് വ്യക്തമായത്. ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കിയാണ് കൊലപാതകം നടത്തിയതെന്നും തെളിഞ്ഞിട്ടുണ്ട്. ഡിഎന്‍എ പരിശോധനയില്‍ കുട്ടിയുടെ പിതൃത്വം റിമാന്‍ഡില്‍ കഴിയുന്ന പ്രതിയും റിനിയുടെ കുടുംബ സുഹൃത്തുമായ റഹീമിന്റേതെന്നും വ്യക്തമായി. മാനസികമായി വെല്ലുവിളി നേരിട്ടിരുന്നയാളാണ് റിനി.
ശാസ്ത്രീയ പരിശോധനയിലാണ് കൊലപാതകമെന്ന് വ്യക്തമായത്. ഇതോടെ കൊലപാതക കുറ്റത്തിന് പുറമേ ഭ്രൂണഹത്യക്കുകൂടി റഹീമിനെതിരെ കേസെടുത്തിട്ടുണ്ട്. നേരത്തെ തന്നെ അസ്വാഭാവിക മരണത്തിന് കേസെടുത്ത്, പ്രതി മൂളിത്തോടുകാരനായ പുതുപറമ്പില്‍ റഹീമിനെ (53) മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
2021 നവംബര്‍ 18നാണ് ശക്തമായ പനിയും ഛര്‍ദിയുമായി റിനിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പിറ്റേ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ആദ്യം ഗര്‍ഭസ്ഥ ശിശുവും പിന്നാലെ റിനിയും മരണപ്പെട്ടു. അന്നുതന്നെ നാട്ടുകാര്‍ മരണത്തില്‍ ദുരൂഹത ഉന്നയിച്ചിരുന്നു. വിവാഹമോചന കേസില്‍ നിയമനടപടി സ്വീകരിച്ചുവന്നിരുന്ന റിനി അഞ്ചു മാസം ഗര്‍ഭിണിയുമായിരുന്നു.
വിവാഹമോചന കേസിന്റെയും മറ്റും കാര്യങ്ങള്‍ക്കായി റിനിയുടെ കുടുംബവുമായി നിരന്തരബന്ധം പുലര്‍ത്തിയിരുന്ന ഓട്ടോ ഡ്രൈവര്‍ റഹീമിന്റെ പേര് അന്നുതന്നെ ഉയര്‍ന്നിരുന്നു. ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ ജ്യൂസില്‍ വിഷം കലര്‍ത്തി റിനിക്ക് നല്‍കുകയായിരുന്നുവെന്ന് നാട്ടുകാരും ആരോപിച്ചിരുന്നു.
മരണത്തില്‍ ദുരൂഹത ആരോപിച്ച് കോണ്‍ഗ്രസും ബിജെപിയും പ്രതിഷേധവുമായി മുന്നോട്ടു വരുകയും കല്ലോടി പള്ളി വികാരിയുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കുകയും ചെയ്തിരുന്നു. മരണത്തില്‍ ദുരൂഹത ഉയര്‍ന്നതിനെ തുടര്‍ന്ന് മാനന്തവാടി പോലീസ് അന്ന് നവജാത ശിശുവിന്റെ ഡിഎന്‍എ ടെസ്റ്റ് നടത്തുകയും ചെയ്തിരുന്നു.