വയനാട്: വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. നിലവിലെ മാനദണ്ഡങ്ങള്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായാണ് കേന്ദത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
ന്യൂദല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി കെ.വി തോമസിന്റെ കത്തിന് മറുപടി നല്‍കിയാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ് മാനദണ്ഡങ്ങള്‍ പ്രകാരം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
പ്രളയവും ഉരുള്‍പൊട്ടലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ മാനദണ്ഡങ്ങള്‍ അനുവദിക്കില്ലെന്നും അതിനാല്‍ ദേശീയ ദുരന്തമായി വയനാട്ടിലെ ഉരുള്‍പൊട്ടലിനെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയില്ലെന്നും കേന്ദ്രം പറയുന്നു.
ഈ സാമ്പത്തിക വര്‍ഷത്തില്‍ ദുരന്ത നിവാരണത്തിനായി 300 കോടിയിലധികം രൂപ കേരളത്തിന് നല്‍കിയിട്ടുണ്ടെന്നും ദുരന്തങ്ങളെ നേരിടാന്‍ അതില്‍ നിന്നും ചിലവഴിക്കാമെന്നും കേന്ദ്രം കൂട്ടിച്ചേര്‍ത്തു.