ദുരന്തഭൂമിയായി വയനാട്; 44 മരണം സ്ഥിരീകരിച്ചു, രക്ഷാപ്രവർത്തനം അതീവദുഷ്കരം

കൽപ്പറ്റ: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 44 പേരുടെ മരണം സ്ഥിരീകരിച്ചു. നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്ത് പുഴയില്‍ പലയിടങ്ങളില്‍ നിന്നായി ലഭിച്ച നിരവധി പേരുടെ മൃതദേഹങ്ങൾ ഉൾപ്പെടെയുള്ള കണക്കാണിത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍.

പുലര്‍ച്ചെ ഒന്നരയ്ക്കും നാല് മണിക്കുമായി മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ രണ്ട് തവണയാണ് ഉരുള്‍പൊട്ടിയത്. രാവിലെ വീണ്ടും ഉരുൾപൊട്ടിയതായും റിപ്പോർട്ടുകളുണ്ട്. നിരവധി വീടുകൾ ഒലിച്ചുപോയി. പല വീടുകളിലും മണ്ണിടിഞ്ഞ നിലയിലാണ്. 2019-ലെ പ്രളയകാലത്ത് നിരവധി പേര്‍ മരിച്ച പുത്തുമല ദുരന്തം നടന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെയാണ് ഇവിടം. ഇവിടത്തെ വെള്ളാര്‍മല സ്‌കൂള്‍ ഒന്നാകെ മണ്ണിനടിയിലായി.

ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാല്‍ അവിടേക്ക് എത്തിപ്പെടാന്‍ പ്രതിസന്ധി നേരിടുന്നുണ്ട്. ഇതോടെ പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. രക്ഷാപ്രവർത്തത്തിന് സൈന്യത്തിന്റെ എൻജിനിയറിങ് ഗ്രൂപ്പ് വയനാട്ടിലേക്കെത്തും. ഉരുൾപൊട്ടലിൽ പാലം തകർന്ന സാഹചര്യത്തിൽ ബദൽ സംവിധാനം അടക്കമുള്ള കാര്യങ്ങൾ സൈന്യത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗം നടപ്പാക്കും.

പോലീസിൻ്റെ ഡ്രോണുകൾ വിന്യസിച്ച് തിരിച്ചിൽ നടത്താൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് ഡോഗ് സ്ക്വാഡും രംഗത്തിറങ്ങും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News