KeralaNews

വെള്ളക്കെട്ട്, ദുരിതാശ്വാസ ക്യാംപ്:ഈ താലൂക്കിൽ തിങ്കളാഴ്ച അവധി

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. താലൂക്കിലെ വിവിധ പാടശേഖരങ്ങളിൽ മടവീഴ്ച മൂലം വെളളക്കെട്ട് രൂക്ഷമായ സാഹചര്യത്തിലും മിക്ക സ്കൂളുകളിലും ക്യാംപുകൾ പ്രവർത്തിച്ചു വരുന്നതിനാലുമാണ് സ്കൂളുകൾക്കും പ്രഫഷനൽ കോളജുകൾക്കും ടൂഷൻ സെന്ററുകൾക്കും അങ്കണവാടികൾക്കും ഉൾപ്പെടെ അവധി പ്രഖ്യാപിച്ചത്. മുൻ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

കേരളത്തില്‍ കനത്ത മഴയ്ക്ക് ശമനമുണ്ടായെങ്കിലും മഴക്കെടുതിയില്‍ വലയുകയാണ് ഉത്തരേന്ത്യ.വടക്കെ ഇന്ത്യയിൽ കനത്ത മഴയേത്തുടർന്ന് രണ്ടുദിവസത്തിനിടെ മരിച്ചത് 12 പേർ. ഡൽഹി, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കശ്മീർ തുടങ്ങിയിടങ്ങളിൽ വരുംദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

ഡൽഹിയിൽ ശനിയാഴ്ച രാവിലെ മുതൽ മണിക്കൂറുകളോളം പെയ്ത മഴയിൽ വെള്ളക്കെട്ടും ഗതാഗതടസ്സവും ഉണ്ടായി. 1982 ജൂലായിക്കുശേഷം ആദ്യമായാണ് പ്രതിദിന മഴപെയ്ത്ത് നിരക്ക് ഇത്രയേറെ രേഖപ്പെടുത്തിയത്. ഡൽഹിയിൽ കഴിഞ്ഞ ദിവസം 24 മണിക്കൂറിനുള്ളിൽ 153 മില്ലിമീറ്റർ മഴയാണ് പെയ്തത്. ഇടിമിന്നലും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വേഗതയുള്ള ശക്തമായ കാറ്റും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജൂലായ് 14 വരെ മഴ തുടരുമെന്നാണ് പ്രവചനമെങ്കിലും തീവ്രത കുറയാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി.) അറിയിച്ചു.

രാജസ്ഥാനിൽ മഴക്കെടുതിയിൽ നാല് പേർ മരിച്ചു. ഡൽഹിയിൽ 58-കാരിയായ യുവതി ഫ്ലാറ്റിലെ സീലിങ് അടർന്നുവീണ് മരിച്ചു. ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ ശക്തമായ മഴയിൽ വീട് തകർന്ന് യുവതിയും ആറുവയസുള്ള കുട്ടിയും മരിച്ചു. ഹിമാചൽ പ്രദേശിലെ ഷിംലയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ സമാന രീതിയിൽ മരിച്ചു. ജമ്മു കശ്മീരിൽലെ പൂഞ്ച് ജില്ലയിയൽ കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ രൂപപ്പെട്ട പ്രളയത്തിൽ രണ്ട് സൈനികർ മരിച്ചു.

പെരുമഴയിൽ ജാമിയ മെട്രോ സ്റ്റേഷൻ പരിസരം പൂർണമായും വെള്ളത്തിനടിയിലായി. സരായ് കാലെ ഖാൻ, സൗത്ത് എക്സ്റ്റൻഷൻ, ഗീത കോളനി റിങ് റോഡ്, അക്ഷർധാം ക്ഷേത്ര പരിസരം എന്നിവിടങ്ങളിലും വലിയ വെള്ളക്കെട്ടുകളുണ്ടായി. 56 ഇടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. 26 ഇടങ്ങളിൽ വെള്ളക്കെട്ടുണ്ടായി. വെള്ളക്കെട്ടുള്ള റൂട്ടുകളെക്കുറിച്ച് ജനങ്ങളെ അറിയിക്കാനും യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുന്നതിനുമായി ഡൽഹി ട്രാഫിക് പോലീസും ട്വീറ്റ് ചെയ്തു.

സൗത്ത് എക്സ്റ്റൻഷൻ, സരായ് കാലെ ഖാൻ, ലജ്പത് നഗർ, ഐ.ടി.ഒ., ഹർഷ് വിഹാർ, സെൻട്രൽ, ഔട്ടർ ഡൽഹിയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും മെഹ്‌റൗളി-ബദർപൂർ റോഡിലും ഗീത കോളനിക്കും അക്ഷരധാം ക്ഷേത്രത്തിനും ഇടയിലുള്ള സ്‌ട്രെച്ചിലും വെള്ളക്കെട്ട് ഗതാഗതത്തെ ബാധിച്ചു. ആനന്ദ് നികേതൻ, ഹോസ് ഖാസ്, ഓഖ്‌ല എന്നിവയുൾപ്പെടെ നഗരത്തിന്റെ പലഭാഗങ്ങളിലും മരംവീണ സംഭവങ്ങളും റിപ്പോർട്ട് ചെയ്തു. ഗുരുഗ്രാം അതിവേഗ പാതയിൽ ഉൾപ്പെടെ 25 സ്ഥലത്താണ് വലിയ വെള്ളക്കെട്ടുകൾ ഉണ്ടായത്.

ഡൽഹി-ജയ്‌പുർ ദേശീയപാത, ഡൽഹി-ഗുരുഗ്രാം അതിവേഗ പാത, നർസിങ്പുർ, ബസായ് റോഡ്, രാജേന്ദ്ര പാർക്ക്, ആർഡി സിറ്റി, റെയിൽവേ റോഡ്, കാദിപുർ, വാടിക ചൗക്ക്, ഡൽഹി റോഡ്, ഉദ്യോഗ് വിഹാർ, ബജ്ഘേര തുടങ്ങിയ സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. നഗരത്തിലും പരിസരങ്ങളിലും കാലാവസ്ഥ കേന്ദ്രം ഒരാഴ്ചത്തേക്കു യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മണ്ണിടിച്ചിലിന്റെയും ശക്തമായ മഴയുടേയും പശ്ചാത്തലത്തിൽ അമർനാഥിലേക്കുള്ള യാത്ര റദ്ദാക്കി. ശ്രീനഗർ – ജമ്മു പാതയിൽ ഗർത്തം രൂപപ്പെട്ട് 3000-ത്തോളം വാഹനങ്ങളാണ് നിർത്തിയിട്ടിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button