കോട്ടയം: ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിലേയ്ക്കുള്ള റോഡ് പൂർണ്ണമായും നശിച്ചതിനാൽ ഗതാഗത യോഗ്യമല്ലാതായി മാറിയിരിക്കുകയാണ് . മഴക്കാലത്ത് വെള്ളക്കെട്ടിൽ മറഞ്ഞിരുന്ന വലിയ കുഴികളിൽ അപകടം പതിയിരിക്കുന്നു.
ഇരുചക്ര വാഹനങ്ങൾ നിയന്ത്രണം നഷ്ടപ്പെട്ട് വെള്ളക്കെട്ടിൽ വീഴുന്നതായും അപകടങ്ങൾ ഇവിടെ പതിവായിരിക്കുകയാണെന്നും യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ഭാരവാഹികളായ അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ, എന്നിവർ ആരോപിക്കുന്നു.
മഴക്കാലം മുന്നിൽ കണ്ട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികളെയും ജനപ്രതിനിധികളെയും സമീപിച്ചിരുന്നെങ്കിലും നടപടിയൊന്നുമാകാത്തതിനാൽ വെള്ളക്കെട്ടിൽ പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ് യാത്രക്കാർ.
വെള്ളക്കെട്ടിന് ഇരുവശത്തുമാണ് ഏറ്റുമാനൂർ സ്റ്റേഷനിൽ പാർക്കിംഗ് ഒരുക്കിയിരിക്കുന്നത്. ചെളിവെള്ളം അടിച്ചുകയറി ഇരുചക്രവാഹനങ്ങൾ നശിച്ചു പോകുന്ന സാഹചര്യമാണ്. ബസ് സ്റ്റോപ്പിലേയ്ക്ക് ട്രെയിൻ ഇറങ്ങി നടക്കുന്നവരെ കാത്തിരിക്കുന്നത് വലിയ ദുരിതമാണ്.
കഴിഞ്ഞ ദിവസം പെയ്ത മഴയിൽ റോഡ് തിരിച്ചറിയാൻ പോലും പറ്റാത്ത വിധമാണ് ഇവിടെ വെള്ളക്കെട്ട് രൂപപ്പെട്ടത്.മനയ്ക്കപ്പാടത്ത് ബസിറങ്ങി വരുന്ന കാൽനടയാത്രക്കാർ വെള്ളക്കെട്ടിൽ നിന്ന് മാറി റെയിൽവേ ട്രാക്കിലൂടെ സ്റ്റേഷനിലേക്ക് പ്രവേശിക്കുകയാണ്. മഴക്കാലത്ത് ട്രാക്കിലൂടെയുള്ള നടത്തം ഒട്ടും സുരക്ഷിതമല്ല. റെയിൽവേ ട്രാക്കിലൂടെയുള്ള പ്രവേശനം നിരോധിച്ചിട്ടുള്ളതാണ്. ഇവിടെ നിയമം പോലും നിസ്സഹായവസ്ഥയിലാണ്.
സ്റ്റേഷനിൽ സർവീസ് നടത്തുന്ന ഓട്ടോടാക്സി ജീവനക്കാരും റോഡിന്റെ ശോചനീയാവസ്ഥ മൂലം കടുത്ത ശാരീരിക പ്രശ്നങ്ങൾ നേരിടുന്നയി പറയുന്നു. തുടർച്ചയായി കുഴികളിൽ വീഴുന്ന മൂലം നടവുവേദന മൂലം ഉറങ്ങാൻ പറ്റുന്നില്ലെന്നും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതായും സ്റ്റാൻഡിലെ ഓട്ടോ തെഴിലാളികളുടെ അനുഭവം പങ്കുവെയ്ക്കുന്നു.
മഴക്കാലത്ത് ടാറിങ് ഫലപ്രദമല്ല, പകരം നിലവിലെ അപകട നില തരണം ചെയ്യാനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. പരിസരപ്രദേശങ്ങളിൽ നിന്നും വെള്ളക്കെട്ട് മൂലം സ്റ്റേഷനിലേയ്ക്ക് ഓട്ടോ വിളിച്ചാൽ പോലും വരുന്നില്ലെന്നും യാത്രക്കാരുടെ പറയുന്നു.
എറണാകുളത്തേയ്ക്ക് വിവിധ ഓഫീസുകളിലേയ്ക്ക് പോകാനെത്തുന്നവരെ കൂടാതെ എം ജി യൂണിവേഴ്‌സിറ്റി, മെഡിക്കൽ കോളേജ്, ഐ റ്റി ഐ, ബ്രില്യന്റ് കോളേജ് അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്കുള്ള ആയിരക്കണക്കിന് യാത്രക്കാരും പ്രതിദിനം ഏറ്റുമാനൂർ സ്റ്റേഷനിലെത്തുന്നുണ്ട്.


