FeaturedHome-bannerKeralaNews

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുത്തനെ താഴ്ന്നു,രണ്ട് മാസത്തേക്ക് വൈദ്യുതി ഉല്‍പ്പാദനത്തിനുള്ള വെള്ളം മാത്രം ബാക്കി

ഇടുക്കി: വേനൽ തുടങ്ങിയപ്പോൾ തന്നെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു. 2354.74 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 22 അടിയോളം ജലനിരപ്പ് കുറവാണിപ്പോൾ. നിലവിലെ അളവിൽ വൈദ്യുതി ഉൽപ്പാദിപ്പിച്ചാൽ രണ്ടു മാസത്തേക്കുള്ള വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്.

കഴിഞ്ഞ വർഷം ഇതേ ദിവസം 2376.24 അടിയായിരുന്നു ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. അതായത് സംഭരണ ശേഷിയുടെ 71 ശതമാനം വെള്ളം അണക്കെട്ടിലുണ്ടായിരുന്നു. എന്നാലിപ്പോഴുള്ളത് 49.50 ശതമാനത്തോളം മാത്രം. ജലനിരപ്പ് 2199 അടിയോടടുത്താൽ മൂലമറ്റത്ത് വൈദ്യുതി ഉൽപ്പാദനം നിർത്തേണ്ടി വരും.

ഇത് കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് കാരണമാകും. 670 ലിറ്ററോളം വെള്ളമാണ് മൂലമറ്റത്ത് ഒരു യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ വേണ്ടത്. തുലാവർഷം ചതിച്ചതാണ് ജലനിരപ്പ് വേഗത്തിൽ കുറയാൻ പ്രധാന കാരണം. കഴിഞ്ഞ വർഷം ജൂൺ ഒന്നു മുതൽ ഇതേ ദിവസം വരെ 3287 മില്ലീമീറ്റർ മഴ കിട്ടി. എന്നാലിത്തവണ കിട്ടിയത് 3743 മില്ലിമീറ്റർ. അതായത് 456 മില്ലിമീറ്ററിൻറെ കുറവ്.

നിലവിൽ അഞ്ചു ദശലക്ഷം യൂണിറ്റോളം വൈദ്യുതി മാത്രമാണ് ഉൽപ്പാദിപ്പിക്കുന്നത്. ചൂടു കൂടിയതിനാൽ ഉപഭോഗവും വർദ്ധിച്ചിട്ടുണ്ട്. എന്നാൽ ഉൽപാദനം കൂട്ടിയാൽ ഒരു മാസത്തിനുള്ളിൽ പൂർണമായി നിർത്തി വയ്ക്കേണ്ടി വരുമെന്നാണ് കെഎസ്ഇബിയുടെ ആശങ്ക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button