ദുബൈ: അതിശക്തമായ മഴ കണ്ടുകൊണ്ടാണ് ദുബൈയിലെ ജനങ്ങള്‍ ഇന്ന് ഉറക്കമെഴുന്നേറ്റത്. ഇരുട്ടുമൂടിയ ആകാശവും വെള്ളം നിറഞ്ഞ റോഡുകളുമായി നഗരത്തിലാകെ പതിവില്ലാത്ത കാലാവവസ്ഥ. പലരും മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചു. പ്രവാസികള്‍ നാട്ടിലെ മഴ അനുഭവങ്ങള്‍ കൂടി അതിനോടൊപ്പം കൂട്ടിച്ചേര്‍ത്തു.
അതിനിടെ ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ നിമിഷ നേരം കൊണ്ട് വന്‍ ജനശ്രദ്ധ നേടി. പെരുമഴയില്‍ ദുബൈ നഗരത്തിന് കുടയൊരുക്കുന്ന ബുര്‍ജ് ഖലീഫയുടെ ആ കംപ്യൂട്ടര്‍ അനിമേറ്റഡ് വീഡിയോ പിന്നാലെ യുഎഇയിലെ സ്വദേശികളുടെയും പ്രവാസികളുടെയും സോഷ്യല്‍ മീഡിയ സ്റ്റാറ്റസായി മാറി.
ശൈഖ് ഹംദാന്‍ പങ്കുവെച്ച വീഡിയോ എന്നതിലപ്പുറം മഴക്കാലത്തെ ഒരു കൗതുക കാഴ്ചയ്ക്ക് കിട്ടുന്ന പ്രധാന്യം കൊണ്ടു കൂടി സെക്കന്റുകള്‍ മാത്രമുള്ള ആ വീഡിയോ ക്ലിപ്പ് വൈറലായി. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ അതിന്റെ ഏതാണ്ട് പകുതിക്ക് മുകളില്‍ വെച്ച് രണ്ടായി പിളരുകയും ഒരു കുട അതിനകത്ത് നിന്ന് പുറത്തുവരുന്നതുമാണ് വീഡിയോയിലുള്ളത്. സുതാര്യമായ ആ കുടയില്‍ ദുബൈ ഡെസ്റ്റിനേഷന്‍ എന്ന ഹാഷ് ടാഗും കാണാം. മണിക്കൂറുകള്‍ കൊണ്ടുതന്നെ വീഡിയോക്ക് നിരവധി ലൈക്കുകളും കമന്റുകളും ലഭിച്ചു.
യുഎഇയില്‍ അതിശക്തമായ മഴ ലഭിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് വിവിധ പ്രദേശങ്ങളില്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച്, യെല്ലോ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. മഴയില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലങ്ങളില്‍ നിന്നും പെട്ടെന്ന് പ്രളയമുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും അകന്നു നില്‍ക്കണമെന്നുമായിരന്നു പ്രധാന നിര്‍ദേശം.
റോഡുകളില്‍ വെള്ളം കെട്ടി നില്‍ക്കുകയും ദൂരക്കാഴ്ചയെ മോശം കാലാവസ്ഥ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വാഹനം ഓടിക്കുന്നവര്‍ക്കും ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. ഒപ്പം അന്തരീക്ഷ താപനിലയില്‍ കാര്യമായ കുറവ് വരുമെന്നും അറിയിച്ചിട്ടുണ്ട്.