KeralaNewsPolitics

ഒപ്പിട്ടില്ലെങ്കില്‍ ശവമായിട്ടേ പുറത്തുപോകൂ; റഹീമിനെതിരായ നിയമപോരാട്ടത്തിന്റെ നാള്‍വഴികള്‍ പറഞ്ഞ് വിജയലക്ഷ്മി

തിരുവനന്തപുരം: കേരള സര്‍വകലാശാല തമിഴ് വിഭാഗം പ്രൊഫസറും സ്റ്റുഡന്റ്‌സ് സര്‍വീസ് ഡയറക്ടറുമായ ഡോ ടി വിജയലക്ഷ്മിയെ തടഞ്ഞുവെച്ചതിന് കോടതി എഎ റഹീമിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഇപ്പോഴിതാ അന്ന് നടന്ന കാര്യങ്ങള്‍ ഓരോന്നായി പറയുകയാണ് വിജയലക്ഷ്മി. ഇരയോടൊപ്പം നില്‍ക്കേണ്ട സര്‍ക്കാര്‍ തന്നെ പ്രതികളോടൊപ്പം നില്‍ക്കുന്ന സാഹചര്യമാണ് തന്റെ കേസില്‍ ഉണ്ടായതെന്ന് വിജയലക്ഷ്മി പറയുന്നു. സ്റ്റുഡന്റ്‌സ് ഫണ്ട് കൈമാറിയില്ലെന്ന് ആരോപിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം തടഞ്ഞ് വെച്ചിരുന്നു വിജയലക്ഷ്മിയെ, അത് മാത്രമല്ല ചീത്ത വിളിയും ദ്രോഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിലാണ് റഹീമിനെതിരെ അറസ്റ്റ് വാറന്റ് കോടതി പുറപ്പെടുവിച്ചത്.

വര്‍ഷങ്ങളായി ഈ കേസില്‍ നിയമപോരാട്ടം നടത്തുകയാണ് വിജയലക്ഷ്മി. 2017 മാര്‍ച്ച് മുപ്പതിനായിരുന്നു സംഭവം നടന്നത്. യൂണിവേഴ്‌സിറ്റി കലോത്സവ സമയത്ത് യൂണിയന്‍ വിദ്യാര്‍ത്ഥികള്‍ തുക ആവശ്യപ്പെട്ട് വിജയലക്ഷ്മിയെ സമീപിക്കുകയായിരുന്നു. യൂണിവേഴ്‌സിറ്റിയുടെ ഉത്തരവ് പ്രകാരം മുമ്പ് കൊടുത്ത പണത്തിന്റെ ബില്ല് നല്‍കിയാലേ ബാക്കി തുക നല്‍കുകയുള്ളൂവെന്ന് പറഞ്ഞതിനാണ് അതിക്രമങ്ങള്‍ എസ്എഫ്‌ഐ നടത്തിയത്. ഇരുന്നൂറോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മണിക്കൂറുകളോളമാണ് വിജയലക്ഷ്മിയെ തടഞ്ഞ് വെച്ചത്. തെറി വിളിക്കുകയും മുടിയില്‍ പിടിച്ച് വലിക്കുകയും, വെള്ളം പോലും നല്‍കാതെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തു.

ബോധംകെട്ട് വീഴുമെന്ന അവസ്ഥയിലായിരുന്ന വിജയലക്ഷ്മിയെ ശാരീരികമായും പ്രതിഷേധക്കാര്‍ കൈകാര്യം ചെയ്തു. ചുറ്റും നിന്ന പെണ്‍കുട്ടികളെ കൊണ്ട് തലമുടി പിഴുതു പറിച്ചു. പേന കൊണ്ട് മുതുകില്‍ കുത്തി വേദനിപ്പിച്ചു. പോലീസിനും മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി അയച്ചിരുന്നു വിജയലക്ഷ്മി. എന്നാല്‍ നടപടിയുണ്ടായില്ല. ഒടുവില്‍ ഗവര്‍ണറെ നേരില്‍ കണ്ടപ്പോഴാണ് പേരിനെങ്കിലും കേസ് എടുത്തത്. ഡയറക്ടര്‍ എന്ന് വെച്ചാല്‍ വെറും ശിപ്പായി മാത്രമാണ്. കൂടുതല്‍ തലപൊക്കിയാല്‍ ആ തല പിന്നെ കാണില്ല. തീര്‍ത്തുകളയും, കൊല്ലാന്‍ ഞങ്ങള്‍ മടിക്കില്ല. ജീവന്‍ വേണേല്‍ ബില്‍ ഒപ്പിട്ട് തന്നേക്കണം. അല്ലെങ്കില്‍ ശവമായിട്ടേ പുറത്തുപോകൂ എന്നൊക്കെ ഭീഷണി മുഴക്കിയത്, ഇന്നത്തെ സിപിഎം രാജ്യസഭാംഗം എഎ റഹീമാണെന്ന് വിജയലക്ഷ്മി ഓര്‍ത്തെടുക്കുന്നു.

അധ്യാപക ജോലി ഇഷ്ടമായിരുന്നുവെന്നും, നാളത്തെ തലമുറയെ മാതൃകാപരമായി വാര്‍ത്തെടുക്കണം എന്ന ലക്ഷ്യത്തോടെയാണ് ഈ മേഖലയിലേക്ക് എത്തിയതെന്നും വിജയലക്ഷ്മി പറഞ്ഞു. കുറേ പെണ്‍കുട്ടികളും ആണ്‍കുട്ടികളും തടഞ്ഞ് വെച്ച് എന്റെ മുഖത്ത് നോക്കി അസഭ്യം പറഞ്ഞത് വലിയ ഷോക്കായിരുന്നു. വല്ലാത്ത മാനസികാവസ്ഥയിലായി പോയി ഞാന്‍. അധ്യാപികയാണെന്ന പരിഗണന പോലും അവര്‍ക്ക് എനിക്ക് തന്നില്ല. പ്രതിഷേധം നടന്ന മുറിക്ക് പുറത്തിറങ്ങിയപ്പോള്‍ ഇതൊക്കെ അവരുടെ പതിവ് രീതിയാണ് എന്നാണ് പലരും പറഞ്ഞത്. തെറ്റാണെന്ന് അവര്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ പോലും ആരുമുണ്ടായില്ല.

ഇത്തരം കാര്യങ്ങള്‍ക്കെതിരെ ആരെങ്കിലും മുന്നോട്ട് വരണ്ടേ. ഇവര്‍ മാപ്പുപോലും പറയില്ല. അവര്‍ തെറ്റ് ചെയ്തു എന്ന് പൊതുസമൂഹത്തിന് മുന്നില്‍ കാണിക്കാനായി. ഓഫീസര്‍മാരെ വിരട്ടുന്ന രീതി അതോടെ യൂണിവേഴ്‌സിറ്റിയില്‍ അടക്കം അവസാനിച്ചു. സ്വന്തം പണം മുടക്കിയാണ് വക്കീലിനെ വെച്ചത്. ഇരയോടൊപ്പമല്ല, പാര്‍ട്ടിക്കാരോടൊപ്പമാണ് സര്‍ക്കാര്‍ നിന്നത്. ഇതിന് ശേഷം അധ്യാപന മേഖലയില്‍ പ്രശ്‌നങ്ങളുണ്ടായി. സെമിനാറുകളില്‍ നിന്ന് എന്നെ ഒഴിവാക്കി. പ്രോജക്ടുകള്‍ അംഗീകരിക്കാതെയായി. നിലപാട് ശരിയാണെന്ന് ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് കേസുമായി മുന്നോട്ട് പോയി. അത് കോടതി അംഗീകരിച്ചതില്‍ സന്തോഷമെന്ന് വിജയലക്ഷ്മി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker