സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണിന്റെ അപ്രതീക്ഷിത മരണം ക്രിക്കറ്റ് ലോകത്ത് ഞെട്ടലുളവാക്കിയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് വോണ്‍ 52ാം വയസില്‍ മരണത്തിന് കീഴടങ്ങിയത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ആരോഗ്യം സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി മാനേജര്‍ ജെയിംസ് എര്‍സ്‌കിന്‍.
തായ്‌ലന്‍ഡില്‍ അവധി ആഘോഷിക്കാന്‍ എത്തിയപ്പോഴാണ് വോണ്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. അവധി ആഘോഷത്തിന് ഇവിടെ എത്തുന്നതിന് മുന്‍പ് വോണ്‍ നെഞ്ചു വേദന അനുഭവപ്പെട്ടതായും ശരീരം അമിതമായി വിയര്‍ത്തതായും വെളിപ്പെടുത്തിയിരുന്നുവെന്നും എര്‍സ്‌കിന്‍ പറയുന്നു. ഡയറ്റിന്റെ ഭാഗമായി രണ്ടാഴ്ച അദ്ദേഹം ദ്രവ രൂപത്തിലുള്ള ഭക്ഷണമാണ് കഴിച്ചിരുന്നത്. ആ അവസരത്തില്‍ തന്നെയാണ് നെഞ്ചു വേദന അനുഭവപ്പെട്ടതും.’ഏതാണ്ട് 14 ദിവസത്തോളം അദ്ദേഹം ദ്രവ രൂപത്തിലുള്ള ഭക്ഷണം മാത്രമായിരുന്നു കഴിച്ചിരുന്നത്.
ഡയറ്റിന്റെ ഭാഗമായുള്ള ഒരു ഘട്ടമാണ് ഇത്തരത്തില്‍ അദ്ദേഹം പൂര്‍ത്തിയാക്കിയത്. ആ സമയങ്ങളില്‍ വെണ്ണയും ലസാഗ്‌നെയും ചേര്‍ത്ത വെളുത്ത ബണ്ണുകള്‍, കറുപ്പും പച്ചയും കലര്‍ന്ന ജ്യൂസുകള്‍ എന്നിവയൊക്കെയായിരുന്നു ഭക്ഷണം. ജീവിതത്തിന്റെ ഏതാണ്ട് ഭൂരിഭാഗം സമയത്തും പുകവലിയുമുണ്ടായിരുന്നു. അന്ന് വലിയ രീതിയിലുള്ള ഹൃദയാഘാതം സംഭവിച്ചിരിക്കാം. അതാവും ഇത്ര പെട്ടെന്ന് മരിക്കാന്‍ ഇടയാക്കിയത്’- എര്‍സ്‌കിന്‍ പറഞ്ഞു.
മരിക്കുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമം ആരംഭിച്ചതായി പ്രഖ്യാപിച്ച് വോണ്‍ ഒരു പഴയ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. അതിനുള്ള ശ്രമങ്ങള്‍ക്കിടെയാണ് അവധി ആഘോഷിക്കാന്‍ അദ്ദേഹം തായ്‌ലന്‍ഡില്‍ എത്തിയത്.
മരണത്തിന് തൊട്ടു മുന്‍പ് വരെ ടിവില്‍ ക്രിക്കറ്റ് കളി കണ്ടിരിക്കുകയായിരുന്നുവെന്ന് എര്‍സ്‌കിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വോണ്‍ മദ്യപിച്ചിട്ടില്ലായിരുന്നുവെന്നും മാനേജര്‍ പറഞ്ഞിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ വോണിന്റെ മരണത്തില്‍ ദുരൂഹതയൊന്നും കണ്ടെത്തിയിട്ടില്ലെന്ന് തായ് പൊലീസ് ഞായറാഴ്ച വ്യക്തമാക്കിയിരുന്നു.