കൊച്ചി: ദീപുവിന്റെ മരണത്തില്‍ സ്ഥലം എംഎഎല്‍ പിവി ശ്രീനിജന് പങ്കുണ്ടെന്ന ആരോപണവുമായി ട്വന്റി 20. ദീപുവിനു മര്‍ദനം ഏല്‍ക്കുമ്പോള്‍ ശ്രീനിജിന്‍ എംഎല്‍എ തൊട്ടടുത്തുള്ള സിപിഎം പ്രവര്‍ത്തകന്‍ സുകുവിന്റെ വീട്ടില്‍ ഉണ്ടായിരുന്നതായി പഞ്ചായത്തംഗം നിഷ അലിയാര്‍ പറഞ്ഞു.
സ്ഥലം എംഎല്‍എയെ കിഴക്കമ്പലത്ത് കാലുകുത്താന്‍ അനുവദിക്കില്ല. സിപിഎം പ്രവര്‍ത്തകര്‍ ദീപുവിനെ പട്ടിയെ പോലെ തല്ലിച്ചതച്ചു. അവന് മറ്റ് അസുഖങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നിട്ട് ഇപ്പോള്‍ ലിവര്‍ സിറോസിസ് ആണെന്ന് പ്രചരിപ്പിക്കുന്നു. ഇതിന് ആശൂപത്രി അധികൃതര്‍ കൂട്ടുനില്‍ക്കുന്നതായും ട്വന്റി – ട്വന്റി ആരോപിക്കുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അട്ടിമറിക്കാനാണ് ഇപ്പോഴത്തെ ശ്രമം. ദീപുവിന്റെ മരണത്തില്‍ വിശദമായ പോസ്റ്റ് മോര്‍ട്ടം വേണെന്നും ട്വന്റി ട്വന്റി പറയുന്നു.
എംഎല്‍എയുടെ കിരാത നടപടികള്‍ക്കെതിരെയാണ് ട്വന്റി ട്വന്റി പ്രവര്‍ത്തകര്‍ വീടുകളില്‍ വിളക്കണച്ചു പ്രതിഷേധിച്ചത്. ദീപു വീട്ടില്‍ വിളക്കണച്ചു പ്രതിഷേധിക്കുമ്പോള്‍ വീടിന് സമീപത്ത് മറഞ്ഞിരുന്ന അക്രമികള്‍ ദീപുവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് നിഷ പറഞ്ഞു. സ്ഥലത്തെത്തുമ്പോള്‍ നാലു പേര്‍ ചേര്‍ന്നു ദീപുവിനെ മതിലില്‍ ചേര്‍ത്തു നിര്‍ത്തിയിരിക്കുകയായിരുന്നു. വാഹനം നിര്‍ത്തി ചെന്നപ്പോള്‍ ‘ഞങ്ങളാടി തല്ലിയേ, നീ എന്തു ചെയ്യുമെടീ’ എന്ന് പറഞ്ഞ് തനിക്ക് നേരെ ആക്രോശിക്കുകയായിരുന്നു.
ഈ കൊച്ചു വിളിച്ചിട്ടാണ് താന്‍ വന്നത് എന്നു പറഞ്ഞപ്പോള്‍ മെമ്പറാണെങ്കില്‍ അഞ്ചു മണിക്കു ശേഷം വാര്‍ഡിലിറങ്ങിയാല്‍ കാലു വെട്ടും എന്നു ഭീഷണിപ്പെടുത്തിയെന്നും നിഷ പറഞ്ഞു. ‘മര്‍ദനമല്ലെങ്കില്‍ പിന്നെ എന്തു കാരണത്താലാണ് മരണമുണ്ടായത് എന്നു പറയണം. തലയ്ക്ക് അടിയേറ്റതിനാണ് ദീപുവിനു ശസ്ത്രക്രിയ വേണ്ടി വന്നത്. ദീപുവിന്റെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് നിഷ ആവശ്യപ്പെട്ടു.