InternationalNews

വ്‌ലാദിമിര്‍ പുടിന്റെ തലയെടുക്കുന്നവര്‍ക്ക് 7.59 കോടി രൂപ ഇനാം പ്രഖ്യാപിച്ച് റഷ്യന്‍ കോടീശ്വരന്‍

യുക്രൈന്‍ ആക്രമണം നടത്തിയ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ തലയെടുക്കുന്നവര്‍ക്ക് പത്തു ലക്ഷം ഡോളര്‍ (7.59 കോടി രൂപ) ഇനാം പ്രഖ്യാപിച്ച് റഷ്യന്‍ കോടീശ്വരന്‍. പുടിനെ യുദ്ധക്കുറ്റവാളിയായി അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം റഷ്യന്‍ സൈനിക ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. അമേരിക്കയിലെ കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിപ്‌റ്റോ നിക്ഷേപകനായ അലക്‌സ് കൊനാനിഖിന്‍ ആണ് ഫേസ്ബുക്കിലൂടെ ഈ പ്രഖ്യാപനം നടത്തിയത്.  

പുടിന്റെ ചിത്രത്തോടൊപ്പം പുടിനെ ജീവനോടെയോ കൊന്നോ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടുള്ള പോസ്റ്ററിനൊപ്പമാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നത്. എന്നാല്‍, അതു കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം അദ്ദേഹത്തിന്റെ പോസ്റ്റ് അപ്രത്യക്ഷമായി. അതിനുശേഷം, പോസ്റ്റര്‍ ഇല്ലാതെ അതേ വാചകങ്ങള്‍ ആവര്‍ത്തിച്ച് വീണ്ടും അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. തന്റെ പോസ്റ്റ് ഫേസ്ബുക്ക് നിരോധിച്ചുവെന്നും അത് ശരിയാണോ എന്നും ചോദിച്ചശേഷമാണ്, അദ്ദേഹം പുടിന്റെ തലയ്ക്ക് വിലയിടുന്ന കുറിപ്പ് ഫേസ്ബുക്കില്‍ വീണ്ടും പോസ്റ്റ് ചെയ്തത്. 

”റഷ്യന്‍, അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം പുടിനെ യുദ്ധക്കുറ്റങ്ങള്‍ക്ക് അറസ്റ്റ് ചെയ്ത് ഹാജരാക്കി ഭരണഘടനാ പ്രകാരമുള്ള കടമ നിര്‍വഹിക്കുന്ന സൈനിക ഉദ്യോഗസ്ഥര്‍ക്ക് പത്തു ലക്ഷം ഡോളര്‍ നല്‍കുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു.”എന്നാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ ഫേസ്ബുക്ക് പോസ്റ്റ്.  സ്വതന്ത്രമായ തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കുകയും എതിരാളികളെ വകവരുത്തുകയും ചെയ്യുന്ന പുടിന്റെ നടപടി റഷ്യന്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് അലക്‌സ് പറഞ്ഞു.  

”റഷ്യയെ നാസിവല്‍ക്കരണത്തില്‍നിന്നും രക്ഷപ്പെടുത്തുക എന്നത് റഷ്യന്‍ പൗരനും റഷ്യന്‍ വംശജനും എന്ന നിലയില്‍ എന്റ ധാര്‍മ്മികമായ ബാധ്യതയാണ്. പുടിന്റെ അതിക്രമങ്ങള്‍ക്കെതിരെ സുധീരം പൊരുതുന്ന യുക്രൈന്‍കാരുടെ കൂടെ എന്നും നിലയുറപ്പിക്കും”- അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കൂടുതല്‍ പേര്‍ ഇതുപോലെ ഇനാം പ്രഖ്യാപിച്ച് രംഗത്തുവന്നാല്‍, റഷ്യന്‍ സൈന്യം തന്നെ പുടിനെ പിടികൂടി യുദ്ധക്കുറ്റത്തിനുള്ള ശിക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 

ഇത്തരമൊരു പ്രഖ്യാപനം നടത്തിയ സ്ഥിതിക്ക് പുടിനില്‍നിന്നും പ്രതികാരം ഉണ്ടാവുമെന്ന് ഭയമുണ്ടോ എന്ന മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് എതിരാളികളെ കൊല ചെയ്യുകയാണ് പുടിന്റെ പണ്ടേയുള്ള ശീലമെന്നും എത്രയോ പേരെ അങ്ങനെ കൊലചെയ്തയാളാണ് പുടിനെന്നും അലകസ്് പറഞ്ഞു. 1992-നു ശേഷം താനിതുവരെ റഷ്യയില്‍ പോയിട്ടില്ലെന്നും അലക്‌സ് മാധ്യമങ്ങളോട് പറഞ്ഞു. 

ആദ്യ പോസ്റ്റ് പുറത്തുവന്ന് മണിക്കൂറുകള്‍ക്കു ശേഷമാണ് രണ്ടാമത്തെ പോസ്റ്റ് വന്നത്. ആദ്യ പോസ്റ്റ് ഫേസ്ബുക്ക് നിരോധിച്ചതായി രണ്ടാമത്തെ പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കി. താന്‍ പഴയ നിലപാടില്‍നിന്നും മാറിയിട്ടില്ലെന്നും പുടിനെ അറസ്റ്റ് ചെയ്ത് കൊണ്ടുവരുന്നവര്‍ക്ക് ഇനാം നല്‍കുമെന്നും അല്ക്‌സ് ആവര്‍ത്തിച്ചു. രണ്ടാമത്തെ പോസ്റ്റില്‍  പഴയ പോസ്റ്റര്‍ അദ്ദേഹം പോസ്റ്റ് ചെയ്തിട്ടില്ല. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button