നിങ്ങള്‍ വെറുപ്പ് പരത്തുന്ന സ്ത്രീയെന്ന് വാമിഖ ഗബ്ബി; ബ്ലോക്ക് ചെയ്ത് കങ്കണ
ബോളിവുഡ് നടി കങ്കണ റണാവത്തിനെ വിമര്‍ശിച്ച് നടി വാമിഖ ഗബ്ബി. കങ്കണ വെറുപ്പ് പരത്തുന്ന സ്ത്രീ ആണെന്നായിരുന്നു വാമിഖയുടെ പരാമര്‍ശം. മുന്‍പ് ആരാധികയായിരുന്നു എന്നും ഇപ്പോള്‍ അതോര്‍ത്ത് ലജ്ജിക്കുന്നു എന്നും വാമിഖ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചു. ഇതിനു പിന്നാലെ കങ്കണ വാമിഖയെ ബ്ലോക്ക് ചെയ്തു.
കര്‍ഷക പ്രതിഷേധത്തെ വിമര്‍ശിച്ച കങ്കണ വ്യാപകമായി വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. നടന്‍ ദില്‍ജിത് ദോസഞ്ജിന്റെ ചില ട്വീറ്റുകള്‍ വൈറലാവുകയും ചെയ്തു. ട്വീറ്റുകള്‍ക്ക് കങ്കണ നല്‍കിയ മറുപടികള്‍ വിവാദമായതിനു പിന്നാലെ ഈ ട്വീറ്റുകളില്‍ ഒന്ന് റീട്വീറ്റ് ചെയ്തുകൊണ്ടാണ് വാമിഖ രംഗത്തുവന്നത്. മുന്‍പ് ഉണ്ടായിരുന്ന ആരാധന ഇപ്പോള്‍ ലജ്ജിപ്പിക്കുന്നു എന്ന് കുറിച്ച വാമിഖ വെറുപ്പ് മാത്രം പരത്തുന്ന ഒരു സ്ത്രീ ആയി താങ്കള്‍ അധപതിച്ചത് ഹൃദയഭേദകമാണ് എന്നും കുറിച്ചു. ഇതേ തുടര്‍ന്നാണ് കങ്കണ വാമിഖയെ ബ്ലോക്ക് ചെയ്തത്.
കര്‍ഷക പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയ ‘ഷഹീന്‍ബാഗ് ദാദി’ ബില്‍കീസ് ബാനുവിനെ അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് കങ്കണ വ്യാപകമായി വിമര്‍ശനം നേരിട്ടു തുടങ്ങിയത്. സംഭവത്തില്‍ കങ്കണയ്‌ക്കെതിരെ പഞ്ചാബില്‍ നിന്നുള്ള ഒരു അഭിഭാഷകന്‍ വക്കീല്‍ നോട്ടിസ് അയച്ചിരുന്നു. ബില്‍കീസ് ബാനുവിനെ അപകീര്‍ത്തിപ്പെടുക്കുന്ന രീതിയില്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തയതിനാണ് നോട്ടിസ്.
100 രൂപ കൊടുത്താല്‍ സമരത്തിനെത്തുന്ന ആളാണ് ദാദിയെന്നായിരുന്നു കങ്കണയുടെ പ്രസ്താവന. എന്നാല്‍ ട്വീറ്റിനൊപ്പം പങ്കുവെച്ച ചിത്രം മറ്റൊരാളുടേതായിരുന്നു. ഇതിനെതിരെ പഞ്ചാബില്‍ നിന്നുള്ള അഭിഭാഷകനാണ് വക്കീല്‍ നോട്ടിസ് അയച്ചത്. കങ്കണ സമൂഹമാധ്യമത്തിലൂടെ നടത്തിയ അധിക്ഷേപ പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയണമെന്ന് നോട്ടിസില്‍ പറയുന്നു.