ഡല്‍ഹി: വാരണാസി സ്‌ഫോടന കേസിൽ (Varanasi Blast case) മുഖ്യപ്രതി വാലിയുള്ള ഖാന് (Waliullah Khan) വധശിക്ഷ വിധിച്ച് ഗാസിയാബാദ് കോടതി. ഇയാള്‍ കുറ്റക്കാരനെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു. 2006 ൽ വാരണാസിലുണ്ടായ സ്ഫോടനത്തിൽ 18 പേര്‍ കൊല്ലപ്പെട്ടിരുന്നു.
സംഭവം നടന്ന് 16 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. 2006 മാർച്ച് 7 ന് സങ്കട് മോചന്‍ ക്ഷേത്രത്തിലും കന്‍റോൺമെന്‍റ് റെയിൽവേ സ്റ്റേഷനിലുമുണ്ടായ സ്ഫോടനങ്ങളിൽ 18 പേർ കൊല്ലപ്പെടുകയും 100ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജില്ലാ സെഷൻസ് ജഡ്ജി ജിതേന്ദ്ര കുമാർ സിൻഹ രണ്ട് കേസുകളിലും പ്രതിയായ വാലിയുള്ള ഖാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതായി പ്രൊസിക്യൂട്ടർ രാജേഷ് ശർമ്മ പിടിഐയോട് പറഞ്ഞു.
മതിയായ തെളിവുകളില്ലാത്തതിനാൽ ഒരു കേസിൽ വലിയുല്ലയെ വെറുതെവിട്ടു. 2006 മാർച്ച് ഏഴിന് വൈകുന്നേരം 6.15 ന് സങ്കട് മോചക് ക്ഷേത്രത്തിനുള്ളിലാണ് ആദ്യത്തെ സ്ഫോടനം നടന്നത്. 15 മിനിറ്റിനുശേഷം, വാരണാസി കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലെ ഫസ്റ്റ് ക്ലാസ് വിശ്രമമുറിക്ക് സമീപവും ബോംബ് പൊട്ടിത്തെറിച്ചു. അതേ ദിവസം, പൊലീസ് സ്റ്റേഷന് സമീപത്തെ റെയിൽവേ ക്രോസിന്റെ റെയിലിങ്ങുകൾക്ക് സമീപം കുക്കർ ബോംബും കണ്ടെത്തി.
വാരാണസിയിലെ അഭിഭാഷകർ കേസ് വാദിക്കാൻ വിസമ്മതിച്ചിരുന്നു. അലഹബാദ് ഹൈക്കോടതിയാണ് കേസ് ഗാസിയാബാദ് ജില്ലാ കോടതിയിലേക്ക് മാറ്റിയത്. 2006 ഏപ്രിലിൽ, സ്‌ഫോടനങ്ങളെക്കുറിച്ച് അന്വേഷിച്ച പ്രത്യേക ദൗത്യസേന, വലിയുല്ല ഖാന് ബംഗ്ലാദേശിലെ ഭീകരസംഘടനയായ ഹർകത്ത്-ഉൽ-ജിഹാദ് അൽ ഇസ്‌ലാമിയുമായി ബന്ധമുണ്ടെന്നും സ്‌ഫോടനത്തിന്റെ സൂത്രധാരനായിരുന്നുവെന്നും കണ്ടെത്തി.